'നിങ്ങളില്‍ നിന്നുമിത് പ്രതീക്ഷിചില്ല, സിക്കിം ജനതയെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണ് ഈ വാക്കുകള്‍'; പ്രിയങ്കയ്ക്ക് ബൈജുങ് ബൂട്ടിയയുടെ മറുപടി
World
'നിങ്ങളില്‍ നിന്നുമിത് പ്രതീക്ഷിചില്ല, സിക്കിം ജനതയെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണ് ഈ വാക്കുകള്‍'; പ്രിയങ്കയ്ക്ക് ബൈജുങ് ബൂട്ടിയയുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th September 2017, 11:14 am

ഗാങ്‌ടോക്ക്: ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സിക്കിമിനെ കുറിച്ച് നടത്തിയ മോശം പരാമര്‍ശത്തില്‍ ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസവും സിക്കിം സ്വദേശിയുമായ ബൈജുങ് ബൂട്ടിയ.

ഇന്‍സര്‍ജന്‍സി തകര്‍ത്ത നാടാണ് സിക്കിം എന്ന പ്രിയങ്കയുടെ പരാമര്‍ശം വസ്തുതാ വിരുദ്ധവും അമ്പരപ്പിക്കുന്നതുമാണെന്നായിരുന്നു ബൈജുങ് ഭൂട്ടിയയുടെ പ്രതികരണം. ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ ലേഖനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിക്കമിന്റെ ടൂറിസം അംബാസിഡര്‍ കൂടിയായ പ്രിയങ്കയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് ഇതെന്നും അദ്ദേഹം പറയുന്നു.

സിക്കിം ജനതയുടെ വികാരങ്ങളെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍. നടി എന്നതിലുപരിയായി വ്യക്തമായ നിലപാടും കാര്യങ്ങളെ കുറിച്ച് ബോധപൂര്‍വ്വം സംസാരിക്കുന്ന ചുരുക്കം ചിലരിലൊരാളുമായ പ്രിയങ്കയില്‍ നിന്നും കേട്ട വാക്കുകള്‍ എന്നെ ശരിയ്ക്കും ഞെട്ടിച്ചിരിക്കുന്നു. പ്രിയങ്കയെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും താരം പറയുന്നുണ്ട്.


Also Read:  ടുണീഷ്യന്‍ മുസ്‌ലിം യുവതികള്‍ക്ക് ഇനി ഏതുമതസ്ഥരേയും വിവാഹം ചെയ്യാം: അമുസ്‌ലീങ്ങളെ വിവാഹം ചെയ്യുന്നതിനുള്ള നിരോധനം നീക്കി


ചലച്ചിത്ര മേളയില്‍ നിറഞ്ഞ കയ്യടി നേടിയ പ്രിയങ്കയുടെ നിര്‍മ്മാണ സംരംഭമായ പഹൂനയില്‍ ബൈജുങും അതിഥി വേഷത്തിലെത്തുന്നുണ്ട്. സിക്കിമിലെ കഥ പറയുന്നതാണ് ചിത്രമെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സമാധാനമുള്ള സംസ്ഥാനങ്ങളിലൊന്നാണ് സിക്കിമെന്നും അതിന് സംസ്ഥാനത്തെ ജനങ്ങളോടാണ് കടപ്പെട്ടിരിക്കുന്നതെന്നും ബൂട്ടിയ പറയുന്നു. 1975 ലാണ് സിക്കിം ഇന്ത്യയുടെ ഭാഗമാകുന്നത്. എന്റെ അച്ഛന്റെ തലമുറയ്ക്ക് അതിനോട് പൊരുത്തപ്പെടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ലോകത്തിന്റെ മറ്റെവിടെയും നടക്കുന്നതുപോലെ അതിനെ രാഷ്ട്രീയ കോലാഹലമായി ഉയര്‍ത്തികൊണ്ടു വന്ന് സംഘര്‍ഷം സൃഷ്ടിക്കാന്‍ അവര്‍ തയ്യാറായില്ല. ഹോങ് കോങിലെ പ്രക്ഷോഭങ്ങള്‍ നോക്കൂ… ഭൂട്ടിയ പറയുന്നു.

പിന്നീട് ഞാന്‍ ഇന്ത്യന്‍ ടീമിന്റെ നായകനായി മാറിയപ്പോള്‍ അതൊരു വലിയ ബഹുമതിയായും ആദരവായുമാണ് സിക്കിം ജനത കണ്ടത്. ഇന്ന് ഇന്ത്യയുടെ ഭാഗമായതില്‍ ഓരോ സിക്കിമുകാരനും ആത്മാര്‍ത്ഥമായി അഭിമാനിക്കുന്നുണ്ട്. രാഷ്ട്രീയപരമായ സമാധാനത്തിന് പുറമെ പച്ചപ്പു നിറഞ്ഞ നാടാണ് സിക്കിം. ഇവിടുത്തെ ആതിഥ്യമര്യാദയും കെങ്കേമമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ അക്രമങ്ങള്‍ നടക്കുന്നുവെന്നത് വാസ്തവം തന്നെ പക്ഷെ എല്ലാ സംസ്ഥാനങ്ങളിലുമില്ല. മേഖലയെ കുറിച്ച് അറിവില്ലാത്തതു കൊണ്ടാണ് ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ നോര്‍ത്ത് ഈസ്റ്റിനെ കുറിച്ച് ഇതുപോലെ സംസാരിക്കുന്നത്. മേഖലയില്‍ നിന്നുമുള്ള യുവാക്കള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പഠിപ്പിനും ജോലിയ്ക്കും മറ്റുമായി പോകുന്നത് കൊണ്ട് മാറ്റം വരുന്നുണ്ടെന്നും ബൈജൂങ് കുറിക്കുന്നു.