രാജസ്ഥാന്റെ തോല്‍വിക്ക് കാരണക്കാര്‍ അവരാണ്! രൂക്ഷ വിമര്‍ശനവുമായി സഹീര്‍ഖാനും സുരേഷ് റെയ്‌നയും
Sports News
രാജസ്ഥാന്റെ തോല്‍വിക്ക് കാരണക്കാര്‍ അവരാണ്! രൂക്ഷ വിമര്‍ശനവുമായി സഹീര്‍ഖാനും സുരേഷ് റെയ്‌നയും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th May 2024, 3:25 pm

കഴിഞ്ഞ ദിവസം നടന്ന ദല്‍ഹി ക്യാപ്പിറ്റല്‍സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ സഞ്ജു സാംസണിന്റെ പുറത്താകലില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ആ ക്യാച്ചെടുക്കുന്നിതിനിടെ ഷായ് ഹോപ്പിന്റെ കാല്‍ ബൗണ്ടറി റോപ്പില്‍ തട്ടിയിട്ടുണ്ടെന്നാണ് എല്ലാവരും പറഞ്ഞത്.

മുകേഷ് കുമാര്‍ എറിഞ്ഞ 16ാം ഓവറിലെ നാലാം പന്തിലാണ് സഞ്ജു പുറത്താകുന്നത്. ബൗണ്ടറി ലൈനിന് സമീപം ഷായ് ഹോപ് സഞ്ജുവിനെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ബൗണ്ടറി കുഷ്യന് തൊട്ടടുത്ത് നിന്നാണ് ഹോപ് സഞ്ജുവിന്റെ ക്യാച്ചെടുത്തത്. താരത്തിന്റെ കാല്‍ കുഷ്യനില്‍ തട്ടിയിട്ടില്ല എന്ന നിഗമനത്തില്‍ തേര്‍ഡ് അമ്പയര്‍ മൈക്കല്‍ ഗഫ് ഔട്ട് വിധിച്ചു. കോച്ച് സംഗക്കാരയടക്കം രാജസ്ഥാന്‍ ഡഗ് ഔട്ട് ഒന്നടങ്കം തേര്‍ഡ് അമ്പയറുടെ വിധിയില്‍ ഞെട്ടിയിരുന്നു.

എന്നാല്‍ സഞ്ജുവിന് മടങ്ങിപ്പോകാനായിരുന്നു വിധി. ഇപ്പോള്‍ അമ്പയര്‍മാരുടെത് തെറ്റയാ തീരുമാനാമാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ സഹീര്‍ഖാനും സുരേഷ് റെയ്‌നയും.

‘ഈ തീരുമാനം ദല്‍ഹിക്ക് അനുകൂലമായി മാറ്റി. ഒരു കോള്‍ ചെയ്യുന്നതിന് മുമ്പ് ടി.വി അമ്പയര്‍ സമയമെടുത്തിരിക്കണം. ഫീല്‍ഡറുടെ കാല്‍ ബൗണ്ടറി റോപ്പില്‍ തൊട്ടത് പോലെ തോന്നി. ഇതൊരു അടുത്ത കോളായിരുന്നു, ഉദ്യോഗസ്ഥന്‍ അത് വിവിധ കോണുകളില്‍ നിന്ന് പരിശോധിക്കേണ്ടതായിരുന്നു,’ സഹീര്‍ ഖാന്‍ പറഞ്ഞു.

അമ്പയര്‍മാരുടെ പിഴവ് മുന്‍ നിര്‍ത്തി സുരേഷ് റെയ്നയും സഞ്ജുവിനെതിരെയുള്ള വിധിക്കെതിരെ ആഞ്ഞടിച്ചു.

‘ഒരു നിഗമനത്തിലെത്താന്‍ അദ്ദേഹം വ്യത്യസ്ത ആംഗിളുകള്‍ ഉപയോഗിച്ചില്ല. അത്തരം കോളുകള്‍ക്ക് സമയം ആവശ്യമാണ്, പക്ഷേ ടി.വി അമ്പയര്‍ ശരിയായ നടപടിക്രമം പാലിച്ചില്ല,’ സുരേഷ് റെയ്ന പറഞ്ഞു.

മത്സരത്തില്‍ സഞ്ജു 46 പന്തില്‍ നിന്ന് ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 86 റണ്‍സാണ് ടീമിന് വേണ്ടി നേടിയത്. 186.96 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്.

 

Content Highlight: Zaheer Khan And Suresh Raina Talking About Sanju Samsons Wicket