കൊച്ചി: ബലാത്സംഗ പരാതിയിയെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന യൂട്യൂബ് വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാല്‍ പൊലീസില്‍ കീഴടങ്ങി. ബുധനാഴ്ച രാവിലെ അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ശ്രീകാന്ത് വെട്ടിയാര്‍ പൊലീസിന് മുമ്പില്‍ ഹാജരായത്. കേസില്‍ ഇയാള്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ ബുധനാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കും.
സുഹൃത്തായ യുവതിയെ ബലാത്സംഗം ചെയ്തു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. കൊച്ചിയിലെ ഫ്‌ളാറ്റില്‍ വെച്ചും ഹോട്ടലില്‍ വെച്ചും ഇയാള്‍ ബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.
എന്നാല്‍, തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീകാന്ത് വെട്ടിയാര്‍ നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചത്.
പരാതിക്കാരി തന്റെ സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും ശ്രീകാന്ത് വെട്ടിയാര്‍ അവകാശപ്പെട്ടിരുന്നു.
ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലായിരുന്നു. ഏത് നിമിഷവും അറസ്റ്റുണ്ടാകാമെന്ന സാഹചര്യത്തിലാണ് ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്.
കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ശ്രീകാന്തിനെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ട് ഹോട്ടലുകളിലും ആലുവയിലെ ഫ്ളാറ്റിലുമെത്തിച്ച് പീഡിപ്പിച്ചതായി എഫ്.ഐ.ആറില്‍ പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു.
ശ്രീകാന്ത് വെട്ടിയാര്‍ നിരവധി പെണ്‍കുട്ടികളെ ഇതിനകം പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും അവരെല്ലാം സമാന അനുഭവങ്ങള്‍ തന്നോട് പങ്കുവെച്ചെന്നും യുവതി ആരോപിച്ചിരുന്നു.
ആദ്യം സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പരാതിക്കാരി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്. പിന്നീട് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.
വിമന്‍ എഗെയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം വന്നത്. വീണ്ടും അതേ പേജിലൂടെ മറ്റൊരാള്‍ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
Content Highlight: YouTube vlogger Sreekanth Vettiyar surrenders in rape allegation