Kerala News
കേന്ദ്ര സ്കീമിലുള്ളവരുടെ സമരം നടക്കുമ്പോൾ കേന്ദ്രമന്ത്രിയെ കാണാൻ അനുവാദം തേടുന്നതാണോ തെറ്റ്, അതോ അനുവാദം നൽകാതിരിക്കുന്നതോ? ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Friday, 21st March 2025, 7:56 am

തിരുവനന്തപുരം: ആര്‍ക്ക് വേണ്ടിയാണ് കേരളത്തിലെ മാധ്യമങ്ങളില്‍ ചിലര്‍ സത്യങ്ങള്‍ മൂടിവെക്കുന്നതെന്ന ചോദ്യവുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ചിലര്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതെന്നും മന്ത്രി ചോദിച്ചു. ആശാ പ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് വര്‍ധനവ് സംബന്ധിച്ച് കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായി നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്ത മാധ്യമരീതിക്കെതിരെയാണ് വീണ ജോര്‍ജ് രംഗത്തെത്തിയത്.

‘തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ‘ഒരാഴ്ചക്കുള്ളില്‍’ നേരിട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണും എന്നാണ്. ദല്‍ഹിയില്‍ വെച്ചും ഞാൻ പറഞ്ഞത്, ഇന്ന് കാണാന്‍ അപ്പോയ്മെന്റ് ലഭിച്ചില്ലെങ്കില്‍ കേന്ദ്ര ആരോഗ്യമന്ത്രിക്ക് സൗകര്യം എപ്പോഴെന്നറിയിച്ചാല്‍ അപ്പോള്‍ വന്ന് കാണുമെന്നാണ്,’ വീണ ജോര്‍ജ്

“മന്ത്രിയുടെ ദല്‍ഹി യാത്ര ആശമാര്‍ക്ക് വേണ്ടിയോ. മന്ത്രിയുടെ യാത്ര തട്ടിപ്പോ… മന്ത്രിയുടേത് പ്രഹസനമോ…” ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടത്തി ചിലര്‍ വല്ലാതെ നിര്‍വൃതി അടഞ്ഞതായി അറിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചക്കായി കേന്ദ്രമന്ത്രി സമയം അനുവദിക്കാത്തതില്‍ വിശദീകരണം നല്‍കിക്കൊണ്ടാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി പ്രതികരിച്ചത്.

തന്റെ ദല്‍ഹി യാത്രയുടെ ഉദ്ദേശങ്ങളെക്കുറിച്ചോ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചോ ഒരു മാധ്യമത്തോടും താന്‍ സംസാരിച്ചിട്ടില്ല. ആരും തന്നോട് ചോദിച്ചിട്ടുമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ‘ഒരാഴ്ചക്കുള്ളില്‍’ നേരിട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണും എന്നാണ്. ദല്‍ഹിയില്‍ വെച്ചും താന്‍ പറഞ്ഞത്, ഇന്ന് കാണാന്‍ അപ്പോയ്മെന്റ് ലഭിച്ചില്ലെങ്കില്‍ കേന്ദ്ര ആരോഗ്യമന്ത്രിക്ക് സൗകര്യം എപ്പോഴെന്നറിയിച്ചാല്‍ അപ്പോള്‍ വന്ന് കാണും എന്നാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് വേണ്ടി ഇന്നലെ (വ്യാഴം)യാണ് മന്ത്രി വീണ ജോര്‍ജ് ദല്‍ഹിയില്‍ എത്തിയത്. ആശമാരുടെ വിഷയത്തില്‍ ആദ്യമായല്ല താന്‍ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയെ വന്ന് കാണുന്നത്.

ആറ് മാസം മുമ്പ് താന്‍ കേന്ദ്രമന്ത്രിയെ കണ്ടപ്പോള്‍ ആശമാരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതിനെ കുറിച്ച് താന്‍ പറയുന്നത് യൂട്യൂബില്‍ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് 12.03.2025ന് സ്പീക്കര്‍ നിയമസഭയില്‍ സംസാരിക്കുന്നതിന്റെ വീഡിയോയും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ 2023 ജൂണില്‍ നടത്തിയ ക്യൂബന്‍ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയാണിത്. ആരോഗ്യ മേഖലയില്‍ കാന്‍സര്‍ വാക്സിന്‍ ഉള്‍പ്പെടെ വികസിപ്പിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ സഹകരണമെന്നും വീണ ജോര്‍ജ് പറഞ്ഞു.

തന്റെ യാത്രയുടെ രണ്ട് ലക്ഷ്യങ്ങളെക്കുറിച്ച് കേരള ഹൗസില്‍ വച്ച് താന്‍ തന്നെയാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്. ആ രണ്ട് ഉദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും, ക്യൂബയുമായുള്ള ചര്‍ച്ചയുമാണെന്നും മന്ത്രി പറഞ്ഞു.

ഒരു കേന്ദ്ര സ്‌കീമിലെ പ്രവര്‍ത്തകര്‍ സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ ഒരു സംസ്ഥാനമന്ത്രി ദല്‍ഹിയിലെത്തുമ്പോള്‍ കേന്ദ്രമന്ത്രിയെ കാണാന്‍ അനുവാദം തേടുന്നതാണോ തെറ്റ്, അതോ അത് നല്‍കാതിരിക്കുന്നതാണോ എന്നും മന്ത്രി ചോദിച്ചു. ‘ഇത് മാധ്യമ പ്രവര്‍ത്തനമാണോ? അധമ പ്രവര്‍ത്തനമാണോ? അസത്യ പ്രചരണത്തിന് പിന്നിലെ ഇവരുടെ ലക്ഷ്യങ്ങള്‍ എന്തായിരിക്കും?,’ മന്ത്രി ചോദ്യങ്ങള്‍ ഉന്നയിച്ചു.

Content Highlight: ‘I didn’t say I would meet the Union Minister today’; Who is the media covering up the truth for: veena george