Kerala News
കണ്ണൂരില്‍ ഓട്ടോ ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതം: പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
5 days ago
Friday, 21st March 2025, 8:28 am

പയ്യന്നൂര്‍: കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. വ്യക്തമായ പദ്ധതികളോട് കൂടിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

കൊലപാതകത്തിന് പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ പൊലീസ് അന്വേഷിക്കും.

ഇന്നലെ (വ്യാഴം)യാണ് ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണന്‍ (49) വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് പെരുമ്പടവ് സ്വദേശിയായ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തോക്കിന് ലൈസന്‍സ് ഉണ്ടെന്നാണ് വിവരം. കൊലപാതകം നടക്കുന്നതിന് മുമ്പും ശേഷവും പ്രതി സന്തോഷ് തോക്ക് ചൂണ്ടി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നതായി വിവരമുണ്ട്.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. രാധാകൃഷ്ണന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെടിയൊച്ച കേട്ട് സംഭവസ്ഥലത്തെത്തിയ പരിസരവാസികളാണ് രാധാകൃഷ്ണനെ കണ്ടെത്തിയത്.

പോയിന്റ് ബ്ലാങ്കിലാണ് സന്തോഷ് ഷൂട്ട് ചെയ്തത്. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രാധാകൃഷ്ണന്റെ മൃതദേഹം ഇന്ന് (വെള്ളി) സംസ്‌കരിക്കും.

സംഭവത്തില്‍ പ്രതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. നിലവിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട് കൊലപാതകത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. കൊലപാതകത്തിന് പിന്നിൽ വ്യക്തി വിരോധമെന്നാണ് വിവരം.

Content Highlight: The shooting death of an auto driver in Kannur was planned: Police