കൊച്ചി: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയതില്‍ കുറ്റം സമ്മതിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി.
പൊലീസ് ചോദ്യം ചെയ്യലില്‍ നിഖില്‍ പൈലി കുറ്റം സമ്മതിക്കുകയായിരുന്നു. ധീരജിന്റെ കൊലപാതകത്തില്‍ നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എല്ലാവരും കെ.എസ്.യു പ്രവര്‍ത്തകരായ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അക്രമത്തില്‍ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
നിഖില്‍ പൈലി നേരത്തെ പൊലീസ് പിടിയിലായിരുന്നു. ബസില്‍ യാത്ര ചെയ്യവെയാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. ധീരജിനെ കുത്തിയത് നിഖില്‍ പൈലിയാണെന്ന് സംശയിക്കുന്നതായി നേരത്തെ പൊലീസ് പറഞ്ഞിരുന്നു.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു.
നിഖില്‍ പൈലി രണ്ട് മാസം മുമ്പ് നടന്ന അക്രമത്തിലും ഉള്‍പ്പെട്ടിരുന്നുവെന്ന് എസ്.എഫ്.ഐ നേതാക്കള്‍ ആരോപിച്ചിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയായ ധീരജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നില്‍ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്.
എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോളേജിന് പുറത്തുനിന്ന് വന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
സംഭവത്തില്‍ പരിക്കേറ്റ മറ്റൊരു വിദ്യാര്‍ഥിയെ ഇടുക്കി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, ധീരജ് രാജേന്ദ്രന്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരന്‍ വന്ന ശേഷം പ്രകോപന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു.
ധീരജിന്റെ കൊലപാതത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോ ആണ് കസ്റ്റഡിയിലായത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.