ഫിറോസ് എന്ന വ്യക്തിയെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കല്ലാതെ എത്ര പേര്‍ക്ക് അറിയാം; വാലുമുറിച്ചോടുന്ന പല്ലിയാകരുത്: വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്
Kerala
ഫിറോസ് എന്ന വ്യക്തിയെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കല്ലാതെ എത്ര പേര്‍ക്ക് അറിയാം; വാലുമുറിച്ചോടുന്ന പല്ലിയാകരുത്: വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th May 2021, 10:28 am

തവനൂര്‍: തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും തവനൂര്‍ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയുമായ ഇ.പി രാജീവ്.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ യു.ഡി.എഫിനെ വിമര്‍ശിച്ച ഫിറോസിന്റെ നടപടിയെയാണ് രാജീവ് വിമര്‍ശിച്ചത്. തവനൂരിലെ കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ പോലും ആവശ്യപ്പെടാതെ യു.ഡി.എഫിന്റെ സംസ്ഥാന നേതൃത്വം അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിയാണ് ഫിറോസെന്നും ചാരിറ്റി പ്രവര്‍ത്തകന്‍ എന്നതില്‍ കവിഞ്ഞ് വ്യക്തമായ ഒരു രാഷ്ട്രീയ പശ്ചാത്തലവും ഫിറോസിനില്ലെന്നും ഇ.പി രാജീവ് പറഞ്ഞു.

യു.ഡി.എഫില്‍ അനൈക്യമുണ്ടെന്ന ഫിറോസിന്റെ പ്രസ്താവനകള്‍ തീര്‍ത്തും ബാലിശവും ദൗര്‍ഭാഗ്യകരവുമാണെന്നും രാജീവ് പറഞ്ഞു.

‘ശത്രുക്കളില്‍ നിന്ന് അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ വാലു മുറിച്ചോടുന്ന പല്ലിയെ പോലെ ഫിറോസ് കുന്നംപറമ്പില്‍ മാറരുത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറെ നിരാശരായ സന്ദര്‍ഭമാണിപ്പോള്‍. ഫിറോസ് ഇന്ന് ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനകള്‍ തീര്‍ത്തും ബാലിശവും ദൗര്‍ഭാഗ്യകരവുമാണ്.

തവനൂരിലെ കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ പോലും ആവശ്യപ്പെടാതെ യു.ഡി.എഫിന്റെ സംസ്ഥാന നേതൃത്വം അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിയാണ് ഫിറോസ്. ചാരിറ്റി പ്രവര്‍ത്തകന്‍ എന്നതില്‍ കവിഞ്ഞ് വ്യക്തമായ ഒരു രാഷ്ട്രീയ പശ്ചാത്തലവും അദ്ദേഹത്തിനില്ല.

എന്നിട്ടു പോലും അദ്ദേഹം തവനൂരില്‍ വന്നിറങ്ങിയത് മുതല്‍ കോണ്‍ഗ്രസും ലീഗും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. യു.ഡി.എഫില്‍ അനൈക്യം എന്ന് ഫിറോസ് പറഞ്ഞത് തീര്‍ത്തും തെറ്റായ വസ്തുതയാണ്. സജീവമായി പ്രവത്തിച്ച ഒരാളെന്ന നിലക്ക് എനിക്ക് ആധികാരികമായിത്തന്നെ അത് പറയാന്‍ കഴിയും.

ഫിറോസെന്ന വ്യക്തിക്കാണ് ജനങ്ങള്‍ വോട്ട് നല്‍കിയത് എന്ന രൂപത്തില്‍ അദ്ദേഹം സംസാരിച്ചു. ഫിറോസ് എന്ന വ്യക്തിയെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കല്ലാതെ എത്ര പേര്‍ക്ക് അറിയാമെന്ന് ഫിറോസ് ചിന്തിക്കണം.

രാജാവിനു ചുറ്റുമിരുന്ന് മംഗള ഗാനം പാടുന്ന കൊട്ടാരം വിദൂഷകരുടെ പിടിയില്‍ നിന്ന് മോചിതനായിക്കൊണ്ട് ഫിറോസ് യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ പഠിക്കണം. പലതില്‍ നിന്നും രക്ഷ നേടാന്‍ ഫിറോസിനു വേണ്ടി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഈ കൊറോണക്കാലത്തും തവനൂരിലെ ഓരോ വീട്ടിലും കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥിച്ച, പോസ്റ്ററൊട്ടിച്ച, പണം ചെലവഴിച്ച യു.ഡി.എഫ് പ്രവര്‍ത്തകരെ ഒറ്റു കൊടുക്കരുത്,’ ഇ.പി രാജീവ് ഫേസ്ബുക്കിലെഴുതി.

തവനൂരില്‍ യു.ഡി.എഫ് ഒരു മുന്നൊരുക്കവും നടത്തിയില്ലെന്നും ഫിറോസ് എന്ന വ്യക്തിക്കാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നുമായിരുന്നു ഫിറോസിന്റെ വിശദീകരണം. വിശക്കുന്നവന് ഭക്ഷണം കൊടുത്തതുകൊണ്ടാണ് കേരളത്തില്‍ ഇടത് തരംഗമുണ്ടായതെന്നും മുഖ്യമന്ത്രിയുടെ ചിട്ടയായ ഭരണ മികവ് നമ്മള്‍ കണ്ടതാണെന്ന് ഫിറോസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനുമായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Youth Congress Leader Against Firoz Kunnumparambil