Entertainment
ലാല്‍ സാറിന്റെ ഫ്രണ്ടായും മമ്മൂട്ടി സാറിന്റെ വില്ലനായും അഭിനയിക്കാന്‍ സാധിച്ചു, മലയാളത്തില്‍ മാത്രമേ എനിക്ക് അതുപോലെ നല്ല വേഷങ്ങള്‍ ലഭിച്ചിട്ടുള്ളൂ: സ്റ്റണ്ട് സില്‍വ

സൗത്ത് ഇന്ത്യയിലെ മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് സ്റ്റണ്ട് സില്‍വ. എസ്.എസ്. രാജമൗലി സംവിധാനം ചെയ് യമദൊങ്ക എന്ന ചിത്രത്തിലൂടെയാണ് സില്‍വ ആക്ഷന്‍ കൊറിയോഗ്രഫി രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം, നേപ്പാളി, ഹിന്ദി, ബംഗാളി ഭാഷകളിലായി 100ലധികം ചിത്രങ്ങള്‍ക്ക് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചു.

നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിക്കാനും സില്‍വക്ക് സാധിച്ചു. മലയാളത്തില്‍ തനിക്ക് ലഭിച്ച അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സില്‍വ. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളില്‍ സ്റ്റണ്ട് മാസ്റ്ററായും അഭിനേതാവായും പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് സില്‍വ പറഞ്ഞു.

കരിയറില്‍ തനിക്ക് ആദ്യമായി ലഭിച്ച പോസിറ്റീവ് റോള്‍ മോഹന്‍ലാല്‍ ചിത്രമായ മിസ്റ്റര്‍ ഫ്രോഡിലായിരുന്നെന്നും ആ സിനിമയില്‍ മോഹന്‍ലാലിന്റെ സുഹൃത്തായിട്ടാണ് താന്‍ വേഷമിട്ടതെന്നും സില്‍വ കൂട്ടിച്ചേര്‍ത്തു. അതുപോലെ മമ്മൂട്ടി നായകനായ സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ചിത്രത്തില്‍ താനായിരുന്നു മെയിന്‍ വില്ലനെന്നും സില്‍വ പറയുന്നു.

തനിക്ക് ആ സിനിമയില്‍ മുഴുനീള വേഷമായിരുന്നെന്നും മലയാളത്തില്‍ മാത്രമേ തനിക്ക് ഇതുപോലെ മികച്ച വേഷങ്ങള്‍ ലഭിച്ചിട്ടുള്ളൂവെന്നും സില്‍വ കൂട്ടിച്ചേര്‍ത്തു. പുതിയ കഥകളെയും സംവിധായകരെയും മമ്മൂട്ടി അക്‌സപ്റ്റ് ചെയ്യുന്ന രീതി കൈയടിക്കപ്പെടേണ്ടതാണെന്നും സില്‍വ പറഞ്ഞു. ഈ പ്രായത്തിലും മമ്മൂട്ടി തന്റെ ശരീരം സംരക്ഷിക്കുന്ന രീതി പുതിയ നടന്മാര്‍ പഠിക്കേണ്ടതാണെന്നും സില്‍വ കൂട്ടിച്ചേര്‍ത്തു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു സില്‍വ.

‘മമ്മൂട്ടി സാറിന്റെയും മോഹന്‍ലാല്‍ സാറിന്റെയും സിനിമകളില്‍ നല്ല റോളുകള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ സാറിന്റെ മിസ്റ്റര്‍ ഫ്രോഡ് എന്ന പടത്തില്‍ അദ്ദേഹത്തിന്റെ ഫ്രണ്ടായിട്ടായിരുന്നു എന്നെ കാസ്റ്റ് ചെയ്തത്. എന്റെ കരിയറില്‍ ലഭിച്ച നല്ല കഥാപാത്രങ്ങളിലൊന്നാണ് അത്. എന്നെ സംബന്ധിച്ച് നല്ലൊരു അവസരമായിരുന്നു ആ സിനിമ.

അതുപോലെ മമ്മൂട്ടി സാറിന്റെ സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന പടത്തില്‍ എന്നെ മെയിന്‍ വില്ലനാക്കി കാസ്റ്റ് ചെയ്തിട്ടുണ്ട്. എനിക്ക് കിട്ടിയ മുഴുനീള വേഷമായിരുന്നു അത്. എനിക്ക് മമ്മൂട്ടി സാറിന്റെ സ്വഭാവത്തില്‍ ഇഷ്ടപ്പെട്ട കുറച്ച് കാര്യങ്ങളുണ്ട്. അദ്ദേഹം പുതിയ കഥകളെയും സംവിധായകരെയും അക്‌സപ്റ്റ് ചെയ്യുന്ന രീതി മനോഹരമാണ്. അതുപോലെ ഈ പ്രായത്തിലും അദ്ദേഹം തന്റെ ശരീരം സംരക്ഷിക്കുന്ന രീതി പുതിയ നടന്മാര്‍ വരെ കണ്ടുപഠിക്കേണ്ട ഒന്നാണ്,’ സില്‍വ പറയുന്നു.

Content Highlight: Stunt Silva saying about his characters acted with Mohanlal and Mammootty