ന്യൂദല്‍ഹി: കാന്‍സര്‍, പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങളുടെ മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള സര്‍ക്കാര്‍ നിയന്ത്രിത മരുന്നുകള്‍ക്ക് വില വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയന്ത്രിത മരുന്നുകള്‍ക്ക് 1.7 ശതമാനത്തോളം വില വര്‍ധനവുണ്ടാകുമെന്നാണ് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അസംസ്‌കൃത വസ്തുക്കളുടെയും മറ്റ് ചെലവുകളുടെയും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് ജനറല്‍ സെക്രട്ടറി രാജീവ് സിങ്കാള്‍ ബിസിനസ് ടുഡേയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
അതേസമയം മൂന്നോ നാലോ മാസങ്ങള്‍ക്കകം മാത്രമേ വില വര്‍ധനവുണ്ടാകൂവെന്നും ഏകദേശം 90 ദിവസത്തേക്കുള്ള മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മരുന്നുകളുടെ വിലനിര്‍ണ്ണയത്തിലെ ചട്ടങ്ങള്‍ പ്രകാരം ഫാര്‍മ കമ്പനികള്‍ അനുവദിനീയമായതില്‍ കൂടുതല്‍ വില വര്‍ധനവ് വരുത്തുന്നതായും ചട്ടങ്ങള്‍ ലംഘിക്കുന്നതായും കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് സംബന്ധിച്ച പഠനത്തില്‍ പറയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഔഷധങ്ങളുടെ വില നിശ്ചയിക്കുന്ന ഇന്ത്യയിലെ നിയന്ത്രണ ഏജന്‍സിയായ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി നടത്തിയ പഠനത്തില്‍, മരുന്ന് കമ്പനികള്‍ 307 നിയമലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം 2013ലെ മരുന്ന് വില നിയന്ത്രണ ഉത്തരവ് പ്രകാരം, ഫാര്‍മസ്യൂട്ടിക്കല്‍ മരുന്നുകള്‍ക്ക് പരമാവധി വില നിശ്ചയിക്കുന്നുണ്ട്. എന്നാല്‍ എല്ലാ നിര്‍മാതാക്കളും വിപണനക്കാരും അവരുടെ ഉല്‍പ്പന്നങ്ങള്‍, ഉത്തരവില്‍ പറയുന്ന വിലയ്‌ക്കോ അതില്‍ താഴെയായോ നിശ്ചയിക്കണമെന്ന് പറയുന്നുണ്ട്.
Content Highlight: Prices of medicines for diseases like cancer and diabetes likely to increase within two months: Report