നിങ്ങളുടെ രണ്ടാം തലമുറ വന്നാല്‍ പോലും ആര്‍ട്ടിക്കിള്‍ 370ഉം മുത്തലാഖും തിരികെ വരാന്‍ പോകുന്നില്ല; അഖിലേഷ് യാദവിനെ വെല്ലുവിളിച്ച് അമിത് ഷാ
India
നിങ്ങളുടെ രണ്ടാം തലമുറ വന്നാല്‍ പോലും ആര്‍ട്ടിക്കിള്‍ 370ഉം മുത്തലാഖും തിരികെ വരാന്‍ പോകുന്നില്ല; അഖിലേഷ് യാദവിനെ വെല്ലുവിളിച്ച് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st January 2022, 12:49 pm

അയോധ്യ: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയോധ്യയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അഖിലേഷിനെതിരെ വിമര്‍ശനവും പരിഹാസവുമായി അമിത് ഷാ എത്തിയത്.

അഖിലേഷ് യാദവല്ല അദ്ദേഹത്തിന്റെ രണ്ട് തലമുറ വന്നാല്‍ പോലും ആര്‍ട്ടിക്കിള്‍ 370ഉം മുത്തലാഖും തിരിച്ചുകൊണ്ടുവരാന്‍ സാധിക്കില്ലെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

സ്വന്തം സര്‍ക്കാരിന്റെ കാലത്ത് കര്‍സേവകര്‍ക്കെതിരെ എന്തിനാണ് വെടിയുതിര്‍ത്തതെന്ന് അയോധ്യയിലെ ജനങ്ങളോട് അഖിലേഷ് യാദവ് വിശദീകരിക്കണമെന്നും ഇത്രയും കാലം ശ്രീരാമന് ഒരു ‘ടെന്റില്‍’ കഴിയേണ്ടി വന്നത് എന്തുകൊണ്ടാണെന്നതിന് ഉത്തരം പറയണമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.

രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ വിവാദമായ സ്ഥലത്തെ താല്‍ക്കാലിക ക്ഷേത്രത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് തടയാന്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും കോണ്‍ഗ്രസ് സര്‍ക്കാരുകളും ശ്രമങ്ങള്‍ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

1990ല്‍ സമാജ്‌വാദി സര്‍ക്കാര്‍ അയോധ്യയില്‍ കര്‍സേവകരെ വെടിവെച്ച് കൊന്ന് മൃതദേഹങ്ങള്‍ സരയൂ നദിയിലേക്ക് വലിച്ചെറിഞ്ഞത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ എന്നായിരുന്നു അമിത് ഷായുടെ ചോദ്യം.

സമാജ്‌വാദി പാര്‍ട്ടിയുടെയും ബി.എസ്.പിയുടെയും ഭരണത്തിന്റെ കീഴില്‍ വിശ്വാസത്തിന്റെ പ്രതീകങ്ങള്‍ മാനിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും എല്ലാ മതങ്ങളുടേയും ഉയര്‍ച്ചക്കായി പ്രവര്‍ത്തിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

‘അയോധ്യയില്‍ വോട്ട് തേടി അഖിലേഷ് ജി വരുമ്പോള്‍, കര്‍സേവകര്‍ ചെയ്ത കുറ്റം എന്താണെന്ന് അദ്ദേഹത്തോട് ചോദിക്കൂ. എന്തിനുവേണ്ടിയാണ് നിങ്ങളുടെ സര്‍ക്കാര്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്? ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതില്‍ നിങ്ങള്‍ക്ക് എന്താണ് എതിര്‍പ്പ്,’ അദ്ദേഹം പറഞ്ഞു.

അഖിലേഷ് യാദവ്, നിങ്ങളുടെ രണ്ടാം തലമുറ വന്നാല്‍ പോലും ആര്‍ട്ടിക്കിള്‍ 370ഉം മുത്തലാഖും തിരികെ വരാന്‍ പോകുന്നില്ല. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനെതിരെ സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി, കോണ്‍ഗ്രസ്, തൃണമൂല്‍ എന്നീ പാര്‍ട്ടികള്‍ ഒരുമിച്ച് രംഗത്തെത്തി. എന്നാല്‍ 2019 ആഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജി പാര്‍ലമെന്റില്‍ വെച്ച് ആര്‍ട്ടിക്കിള്‍ 370ന്റെ വേരറത്തുവെന്നും അമിത് ഷാ പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് തടയാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങളെ കൊണ്ട് അതിന് കഴിയുമെങ്കില്‍ ചെയ്യൂ. നിങ്ങള്‍ എങ്ങനെയൊക്കെ തടഞ്ഞാലും ശ്രീരാമന്‍ ജനിച്ച മണ്ണില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒരു വലിയ ക്ഷേത്രം വരും.

സമാജ്‌വാദി പാര്‍ട്ടി-ബി.എസ്.പി പിന്തുണയോടെ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ ജവാന്മാരുടെ തലയെടുക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ വ്യോമാക്രമണത്തിലൂടെയും സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെയും ഭീകരരെ ഇല്ലാതാക്കിയെന്നും അമിത് ഷാ അവകാശപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം