തിരുവനന്തപുരം: കേരളത്തെ പോലെയാവാതിരിക്കാന്‍ ശ്രദ്ധിച്ച് വോട്ട് ചെയ്യണമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന പാര്‍ലമെന്റില്‍ ഉന്നയിച്ച് സി.പി.ഐ.എം. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് ജോണ്‍ ബ്രിട്ടാസ് എം.പി രാജ്യസഭയില്‍ നോട്ടീസ് നല്‍കി.
സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ട് ചെയ്തില്ലെങ്കില്‍ യു.പി കേരളത്തെപ്പോലെയാകും എന്നായിരുന്നു യോഗിയുടെ കമന്റ്.
വോട്ടിങ്ങില്‍ പിഴവ് സംഭവിച്ചാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്നായിരുന്നു യു.പിയില്‍ ആദ്യഘട്ട പോളിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി വോട്ടര്‍മാരോട് യോഗി പറഞ്ഞത്. ഇതിന്റെ വീഡിയോ സന്ദേശം ഉത്തര്‍പ്രദേശ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല എന്നും അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗിക്ക് മറുപടി നല്‍കിയിരുന്നു.
‘യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ മികച്ച വിദ്യാഭ്യാസമുണ്ടാകും, ആരോഗ്യസംവിധാനമുണ്ടാകും, മികച്ച ജീവിതനിലവാരവും ഐക്യമുള്ള സമൂഹവുമുണ്ടാകും.
അങ്ങനെയുള്ള സമൂഹത്തില്‍ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല. അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നത്,” പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.
Content Highlights: Yogi’s reference to Kerala; John Brittas MP issued notice for urgent resolution