national news
കഫീല്‍ ഖാനെ വീണ്ടും പിരിച്ചുവിട്ടു; പ്രതികാര നടപടിയുമായി യോഗി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 11, 08:44 am
Thursday, 11th November 2021, 2:14 pm

ലഖ്‌നൗ: ബി.ആര്‍.ഡി മെഡിക്കല്‍ കോളെജിലെ ശിശുരോഗ വിദഗ്ധന്‍ കഫീല്‍ ഖാനെ പിരിച്ചുവിട്ടു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെതാണ് നടപടി.

ഇക്കാര്യം സര്‍ക്കാര്‍ വക്താവ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൗരത്വ വിരുദ്ധ പ്രതിഷേധത്തിന്റെ പേരില്‍ കഫീല്‍ ഖാനെതിരെ യു.പി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിടുകയായിരുന്നു.

ഈ വര്‍ഷം ജനുവരിയിലാണ് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഡോ. കഫീല്‍ ഖാനെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 12ന് അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നടന്ന പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിനിടെ നിയമവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചായിരുന്നു ദേശസുരക്ഷാ നിയമം ഉപയോഗിച്ചുള്ള അറസ്റ്റ്.

എന്നാല്‍ അദ്ദേഹത്തിനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് ഉത്തരവിട്ട അലഹാബാദ് ഹൈക്കോടതി ഡോ. കഫീല്‍ ഖാന് ജാമ്യം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. സെപ്റ്റംബര്‍ 2നാണ് മഥുര ജയിലില്‍ നിന്ന് ഡോ. കഫീല്‍ ഖാന്‍ മോചിതനായത്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരിച്ചിരുന്നു. അന്ന് സ്വന്തം ചെലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു.

അന്ന് മുതല്‍ കഫീല്‍ ഖാനെതിരെ നിരന്തരം യു.പി സര്‍ക്കാര്‍ പ്രതികാര നടപടികളുമായി രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Yogi govt terminates services of Kafeel Khan