ലഖ്‌നൗ: സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ സ്‌കോളര്‍ഷിപ്പ് വിതരണം. കഴിഞ്ഞ ദിവസം (ഞായറാഴ്ച്ച) വാരണാസിയില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ വെച്ച് സംസ്‌കൃത സ്‌കോളര്‍ഷിപ്പ് സ്‌കീം പ്രകാരമുള്ള സമ്മാനത്തുക കൈമാറുന്ന യോഗിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരിക്കുകയാണ്. വീഡിയോയിലെ 300 രൂപയുടെ ചെക്കിന്റെ ‘വലുപ്പമാണ്’ നെറ്റിസണ്‍സിനിടയിലെ ചര്‍ച്ചാ വിഷയം.
ചെക്കിലുള്ള തുകയേക്കാള്‍ ചെലവാണല്ലോ അത് പ്രിന്റ് ചെയ്യാന്‍ എന്നാണ് സൈബറിടത്ത് ഉയര്‍ന്നു വരുന്ന പ്രധാന ചോദ്യം. 300 രൂപ നല്‍കാനാണോ ഇത്രയും വലിയ പരേഡ് നടത്തുന്നത് എന്നാണ് എക്‌സ് ഉപയോക്താവ് ചോദിക്കുന്നത്. പൊതുജനങ്ങളുടെ പണം പബ്ലിസിറ്റിക്ക് വേണ്ടി പാഴാക്കുന്നു എന്നാണ് ഒരു വിഭാഗം വിമര്‍ശിക്കുന്നത്. യോഗി ജി, കുട്ടികളെ ഇത്രയും പണം നല്‍കി വഷളാക്കരുത് എന്നാണ് ഒരു ഉപയോക്താവ് പ്രതികരിച്ചത്.
ഈ രസകമായ ഫോട്ടോഷൂട്ടിന് വേണ്ടിയുള്ള ചെക്കിന് വേണ്ടി നാല് മന്ത്രിമാര്‍ ഒപ്പുവെച്ചുവെന്നും നാണമില്ലേ എന്നും ചോദിച്ചവരുണ്ട്.
300 മുതല്‍ 900വരെയുള്ള തുകകളാണ് യോഗി സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് വഴി വിതരണം ചെയ്തത്. തുടക്കത്തില്‍ 300 സംസ്‌കൃത വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരുന്നുള്ളു.
യു.പിയില്‍ ഉടനീളമുള്ള സംസ്‌കൃത വിദ്യാര്‍ത്ഥികള്‍ക്കായി സമ്പൂര്‍ണാനന്ദ് സംസ്‌കൃത സര്‍വകലാശാലയില്‍വെച്ചാണ് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചതെന്ന് ദേശീയ മാധ്യമമായ മിന്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇതിന് പുറമെ ചടങ്ങില്‍വെച്ച് സംസ്‌കൃത ഭാഷയെ പുനരുജ്ജീവിപ്പിക്കാന്‍ റസിഡന്‍ഷ്യല്‍ ഗുരുകുല മാതൃകയില്‍ സംസ്ഥാനത്തുടനീളം പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും യോഗി പറഞ്ഞു.
യോഗ്യരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ പദ്ധതി വഴി ആനുകൂല്യം ലഭിക്കുമെന്നും യോഗി പറഞ്ഞു. സ്‌കോളര്‍ഷിപ്പ് കൈമാറ്റം സുരക്ഷിതമാക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളും ബാങ്ക് അക്കൗണ്ടുകള്‍ എടുക്കണമെന്നും യോഗി ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: Yogi distributed a check of Rs 300 to the students; cyberworld mocks size of the cheque