ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഇന്ത്യന്‍ ആര്‍മിയെ മോദിയുടെ സേനയെന്ന് യോഗി ആദിത്യനാഥ് പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യു.പി മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റിനോട് യോഗിയുടെ പരാമര്‍ശത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടികളക്കുറിച്ച് സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസിനും സമാജ് വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്കും കഴിയാത്തത് ബി.ജെ.പി ഭരണത്തില്‍ സാധ്യമായി എന്നായിരുന്നു പരാമര്‍ശം.
കോണ്‍ഗ്രസ് ഭീകരവാദികള്‍ക്ക് ബിരിയാണി നല്‍കി. എന്നാല്‍, മോദിയുടെ സൈന്യം ഭീകരവാദികള്‍ക്ക് ബുള്ളറ്റും ബോംബും നല്‍കി. ഇതാണ് വ്യത്യാസം. മസൂദ് അസറിന്റെ പേരിനൊപ്പം “ജി” ചേര്‍ത്ത് കോണ്‍ഗ്രസ് ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഗാസിയാബാദ് എം.പിയും കേന്ദ്രമന്ത്രിയുമായ വി.കെ സിംഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് യോഗി ആദിത്യനാഥ് ഇങ്ങനെ പറഞ്ഞത്.
പരാമര്‍ശത്തിന് പിന്നാലെ യോഗി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.
ഏപ്രില്‍ ഒന്നിന് ഞായറാഴ്ച ഗാസിയാബാദില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം. യോഗിയുടെ പരാമര്‍ശം ഇന്ത്യന്‍ സൈന്യകത്തെ അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.