national news
2017ന് ശേഷം യു.പിയില്‍ ക്രമസമാധാന പാലനം മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 18, 10:45 am
Tuesday, 18th April 2023, 4:15 pm

ലഖ്‌നൗ: 2017ല്‍ താന്‍ യു.പി മുഖ്യമന്ത്രിയായത് മുതല്‍ സംസ്ഥാനത്തിന്റെ ക്രമസമാധാന നില ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ്. നിലവില്‍ ക്രിമിനലുകള്‍ക്കോ മാഫിയക്കോ സംസ്ഥാനത്ത് ആരെയും ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘2017ന് മുമ്പ് ഉത്തര്‍പ്രദേശില്‍ ക്രമസമാധാനം മോശമായിരുന്നു. സംസ്ഥാനം കലാപങ്ങള്‍ക്ക് കുപ്രസിദ്ധമായിരുന്നു. അന്ന് സംസ്ഥാനത്തിന്റെ പേര് തന്നെ പ്രതിസന്ധിയിലായിരുന്നു. ഇന്ന് യു.പി അവര്‍ക്ക് (ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കും) ഒരു പ്രതിസന്ധിയായി മാറുകയാണ്.

2017നും 2023നും ഇടയില്‍ ഒരു കലാപം പോലും സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. ഒരിക്കല്‍ പോലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടില്ല. കാരണം, അത്തരമൊരു സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിച്ചു,’ യു.പി മുഖ്യമന്ത്രി പറഞ്ഞു.

യു.പി പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും അക്രമികള്‍ വെടിവെച്ച് കൊന്ന സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് യോഗിയുടെ പ്രതികരണം.

ആതിഖിന്റെ കൊലപാതകത്തിന്റെ രണ്ട് ദിവസം മുമ്പ് ആതിഖ് അഹമ്മദിന്റെ മകനെ ഝാന്‍സിയില്‍ നടന്ന ഏറ്റുമുട്ടലില്‍ യു.പി പൊലീസ് കൊലപ്പെടുത്തിയിരുന്നു. ഇതോടെ വര്‍ധിച്ച് വരുന്ന കൊലപാതകങ്ങളില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.