കത്വ: നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ ജമ്മു കശ്മീരിലെ ഭരണാധികാരികളെ പോലെയാണ് പെരുമാറിയതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സര്‍ക്കാരിന്റെ ചെലവില്‍ എന്‍.സി നേതാക്കള്‍ വിദേശ യാത്രകള്‍ നടത്താറുണ്ടെന്നും ഇനിയത് നടക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കത്വയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു യു.പി മുഖ്യമന്ത്രി.
ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് രക്ഷപ്പെടണമെങ്കില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുക എന്ന മാര്‍ഗം മാത്രമേയുള്ളുവെന്നും യോഗി പറയുകയുണ്ടായി. സമാധാനത്തിനും ജമ്മു കശ്മീരിന്റെ വികസനത്തിനും സുസ്ഥിരതയ്ക്കും ബി.ജെ.പിയെ തെരഞ്ഞെടുക്കുന്നതാണ് ഗുണപ്രദമെന്നും യോഗി പറഞ്ഞു.
പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുമായി ലയിക്കാന്‍ തയ്യാറാണെന്നും യോഗി വാദമായുയര്‍ത്തി. അധിനിവേശ കശ്മീരിലെ ജനങ്ങള്‍ക്ക് പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്യവും സമാധാനവും റേഷനും വികസനവും വേണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഇക്കാര്യങ്ങളെല്ലാം ഇന്ത്യയില്‍ മാത്രമേ നടക്കുകയുള്ളുവെന്ന് പറഞ്ഞ യോഗി, പാകിസ്ഥാനിലെ സാമ്പത്തിക സ്ഥിതിയെ പരിഹസിക്കുകയും ചെയ്തു. പാകിസ്ഥാന് ഇപ്പോള്‍ ഒരു ഭിക്ഷാപാത്രവുമായി ചുറ്റിക്കറങ്ങുന്ന അവസ്ഥയാണെന്നാണ് യോഗി പറഞ്ഞത്.
ബലൂചിസ്ഥാന്‍ പോലും പാകിസ്ഥാനോടൊപ്പം തുടരാന്‍ താത്പര്യപ്പെടുന്നില്ലെന്നും യോഗി പറഞ്ഞു. കാരണം ബലൂചിസ്ഥാനില്‍ ഉള്ളവരെ പാക്കിസ്ഥാന്‍ വിദേശികളെ പോലെയാണ് പരിഗണിക്കുന്നതെന്നും യോഗി ചൂണ്ടിക്കാട്ടി.
പാകിസ്ഥാന്റെ പിന്തുണയോടെ ഇന്ത്യയില്‍ ഭീകരവാദം പ്രചരിപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും യോഗി മുന്നറിയിപ്പ് നല്‍കി. ഇന്ത്യയില്‍ ഭീകരവാദത്തിന്റെ വിത്ത് പാകാന്‍ വരുന്നവരെ സംസ്‌കരിക്കാന്‍ കഫനോ രണ്ട് യാര്‍ഡ് ഭൂമിയോ ഉണ്ടാകില്ലെന്നും യോഗി ഭീഷണി ഉയര്‍ത്തി.
സിന്ധു നദീതട ഉടമ്പടിയെ കുറിച്ചും യു.പി മുഖ്യമന്ത്രി പരാമര്‍ശിച്ചു. ജലവും ഭീകരതയും ഒരുമിച്ച് ഒഴുകാന്‍ സമ്മതിക്കില്ലെന്നായിരുന്നു യോഗിയുടെ പരാമര്‍ശം. ഭീകരവാദത്തെ ശക്തമായി അടിച്ചമര്‍ത്തുമെന്നും യോഗി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, തീവ്രവാദത്തില്‍ സ്വീകരിച്ച നിലപാടും നടപടികളും അറിയുന്നവര്‍ക്ക് മനസിലാക്കാം കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്യുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തെ കൂട്ടുപിടിച്ചാല്‍ ഉണ്ടാകാനിടയുള്ള നഷ്ടത്തെ കുറിച്ച് പാക് ഭീകരര്‍ക്ക് വ്യക്തമായി അറിയാമെന്നും യോഗി പറഞ്ഞു.
അതേസമയം ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ട വോട്ടെടുപ്പ് സെപ്റ്റംബര്‍ 25ഓടെ പൂര്‍ത്തിയായി. മൂന്നാം ഘട്ട വോട്ടെടുപ്പ് ഒക്ടോബര്‍ ഒന്നിന് നടക്കും. 2024 ഒക്ടോബര്‍ എട്ടിന് ഫലം പ്രഖ്യാപിക്കും.
Content Highlight: Yogi Adityanath said that the National Conference leaders behaved like the rulers of Jammu