കോണ്‍ഗ്രസ് ജയിച്ചത് ചതിയിലൂടെ; ബി.ജെ.പിയുടെ തോല്‍വിക്ക് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി യോഗിയുടെ വിശദീകരണം
national news
കോണ്‍ഗ്രസ് ജയിച്ചത് ചതിയിലൂടെ; ബി.ജെ.പിയുടെ തോല്‍വിക്ക് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി യോഗിയുടെ വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th December 2018, 9:53 am

പാട്‌ന: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ജയിച്ചത് ചതിയിലൂടെയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് ബി.ജെ.പി പരാജയപ്പെട്ടതിന് ശേഷം ആദ്യമായാണ് യോഗി പ്രതികരിക്കുന്നത്.

കോണ്‍ഗ്രസിന്റെ നുണക്കഥകളുടെ ചുരുളഴിയാന്‍ തുടങ്ങുകയാണ്. ഇത് നമ്മുടെ ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും എന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പാട്‌നയിലെ മഹാവീര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേപ്പാളിലെ ജാനകി ക്ഷേത്രത്തില്‍ വിവാഹ പഞ്ചമിയില്‍ പങ്കെടുത്ത് തിരിച്ച് വരികയായിരുന്നു യോഗി ആദിത്യനാഥ്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ഒരാളാണ് യോഗി ആദിത്യനാഥ്.

Also Read:  അയ്യപ്പഭക്തന്‍മാര്‍ ഏതറ്റം വരെയും പോകും; ഭീഷണിയുമായി സി.കെ പത്മാനാഭന്‍, സമരപ്പന്തലിനു സമീപത്തെ ആത്മഹത്യാശ്രമം സര്‍ക്കാരിനെതിരായ ആയുധമാക്കാന്‍ ബി.ജെ.പി

തോല്‍വികളും വിജയങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണ്. രണ്ടും എളിമയോടു കൂടി സ്വീകരിക്കുകയാണ് വേണ്ടത് എന്നും യോഗി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പക്ഷേ ഞങ്ങളൊരിക്കലും ഞങ്ങളുടെ തോല്‍വികള്‍ ഇലക്ട്രോണിക്ക് മെഷീനിന്റെ കുറ്റമാണെന്ന് പറയാറില്ല. നമ്മുടെ എതിരാളികള്‍ക്ക് ഇക്കാര്യത്തില്‍ ഇരട്ട താപ്പാണ്. ജയിച്ചു കഴിഞ്ഞാല്‍ ഇവര്‍ ആനിമിഷം മുതല്‍ ഇ.വി.എമ്മുകളെ പൂജിക്കാന്‍ തുടങ്ങും.

ഹനുമാന്റെ ജാതിയെ സംബന്ധിച്ച് ആരോപണം യോഗി നിഷേധിച്ചു. നവംബര്‍ 28ന് അല്‍വാറില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കവേ ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നു യോഗി ആദിത്യനാഥ് ഹനുമാന്‍ ദളിത് ആദിവാസിയാണെന്ന പരാമര്‍ശം നടത്തിയത്. “ഹനുമാന്‍ ആദിവാസിയായിരുന്നു, കാട്ടുവാസി. തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ ഇന്ത്യന്‍ സമുദായങ്ങളേയും ഒരുമിപ്പിക്കാനാണ് ബജ്രംഗ് ബലി പ്രവര്‍ത്തിച്ചത്. ഭഗവാന്‍ രാമന്റെ അഭിമതം അതായിരുന്നതിനാല്‍ അതുതന്നെയായിരുന്നു ഹനുമാന്റെയും ലക്ഷ്യം. അദ്ദേഹത്തെപ്പോലെ നമ്മളും ആ ആഗ്രഹം സഫലമാക്കാതെ വിശ്രമിക്കരുത്.” എന്നായിരുന്നു മാല്‍പുര മണ്ഡലത്തില്‍ റാലിയില്‍ പങ്കെടുത്തുകൊണ്ട് യോഗി പറഞ്ഞത്.