കോഴിക്കോട്: കേരള സന്ദര്‍ശനത്തിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ അടിസ്ഥാന ആരോഗ്യസംവിധാനങ്ങളെ പരിഹസിച്ച കേരളം ഇപ്പോള്‍ ലോകത്തിനാകെ പരിഹാസപാത്രമായി മാറിയിരിക്കുകയാണെന്ന് യോഗി പറഞ്ഞു.
‘യു.പിയിലെ ആരോഗ്യസംവിധാനങ്ങളെ കേരളം കളിയാക്കിയിരുന്നു. എന്നാല്‍ ഞങ്ങള്‍ കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതില്‍ വിജയിച്ചു. കൊവിഡ് വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ട കേരളം ലോകത്തിന് മുന്നില്‍ തന്നെ പരിഹാസപാത്രമായിരിക്കുകയാണ്’, യോഗി പറഞ്ഞു.
അതേസമയം കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കി മാറ്റാനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുവെന്നും അതിന്റെ ഭാഗമാണ് ലൗ ജിഹാദെന്നും യോഗി ആരോപിച്ചു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള വിജയയാത്ര ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംസ്ഥാന സര്‍ക്കാരിനെതിരെ യോഗി രൂക്ഷ വിമര്‍ശനം നടത്തിയത്.
മാര്‍ച്ച് ഏഴിനാണ് കേരള വിജയയാത്രയുടെ സമാപന സമ്മേളനം. കണ്ണൂരില്‍ കേന്ദ്രമന്ത്രി വി.കെ. സിംഗ്, കോഴിക്കോട്ട് ദേവേന്ദ്ര ഫഡ്‌നാവിസ്, മലപ്പുറത്ത് ഷാനവാസ് ഹുസൈന്‍, തൃശൂരില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, എറണാകുളത്ത് ധനമന്ത്രി നിര്‍മല സീതാരാമന്‍, കോട്ടയത്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ആലപ്പുഴയില്‍ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ, പത്തനംതിട്ടയില്‍ ബി.ജെ.പി അഖിലേന്ത്യ സെക്രട്ടറി മീനാക്ഷി ലേഖി, പാലക്കാട്ട് നടി ഖുശ്ബു സുന്ദര്‍ എന്നിവര്‍ പങ്കെടുക്കും.