Film News
സല്‍മാന്‍ സ്‌റ്റൈല്‍ ലുങ്കി ഡാന്‍സ്; ഒപ്പം വെങ്കിടേഷും; ഒടുവില്‍ സൂപ്പര്‍ താരത്തിന്റെ സര്‍പ്രൈസ് എന്‍ട്രിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 04, 07:42 am
Tuesday, 4th April 2023, 1:12 pm

സല്‍മാന്‍ ഖാന്‍, പൂജ ഹെഗ്‌ഡേ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന കിസി കാ ഭായ് കിസി കി ജാന്‍ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. യെന്റമ്മ എന്ന പാട്ട് തട്ടുപൊളിപ്പന്‍ തെലുങ്ക് സ്റ്റൈലില്‍ കളര്‍ഫുള്ളായാണ് ഒരുക്കിയിരിക്കുന്നത്.

സല്‍മാന്‍ ഖാന്‍ മുണ്ടുടുത്ത് ഡാന്‍സ് കളിക്കുന്ന പാട്ടില്‍ തെന്നിന്ത്യന്‍ താരം വെങ്കിടേഷും എത്തുന്നുണ്ട്. ഒടുവില്‍ സര്‍പ്രൈസ് എന്‍ട്രിയായി രാം ചരണും എത്തിയതോടെ യെന്റമ്മ പാട്ട് കൂടുതല്‍ കളറായി.

സിനിമയിലേക്ക് രാം ചരണ്‍ എത്തിയതിനെക്കുറിച്ച് നേരത്തെ സല്‍മാന്‍ വെളിപ്പെടുത്തിയിരുന്നു. തനിക്കും വെങ്കിടേഷിനുമൊപ്പം സ്‌ക്രീന്‍ പങ്കിടാനുള്ള ആഗ്രഹം കൊണ്ട് രാം ചരണ്‍ കഥാപാത്രം ചോദിച്ച് വാങ്ങുകയായിരുന്നു എന്ന് നടന്‍ പറഞ്ഞു. ഗോഡ്ഫാദര്‍ എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചില്‍ വെച്ചായിരുന്നു അദ്ദേഹം ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിസി കാ ഭായ് കിസി കി ജാന്‍. ആക്ഷന്‍, കോമഡി, ഡ്രാമ, റൊമാന്‍സ് ഒക്കെ ചേര്‍ന്ന എന്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രമെന്നാണ് അദ്ദേഹം നേരത്തെ വ്യക്തമാക്കിയത്. സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്ത ആന്റിമാണ് ഒടുവില്‍ പുറത്തിറങ്ങിയ സല്‍മാന്‍ ചിത്രം. ചിരഞ്ജീവി നായകനായ ഗോഡ്ഫാദര്‍, മറാത്തി ചിത്രം വെഡ്, ഷാരൂഖ് ചിത്രം പത്താന്‍ എന്നിവയില്‍ കാമിയോ റോളിലും സല്‍മാന്‍ എത്തിയിരുന്നു.

Content Highlight: yentamma song from Kisi Ka Bhai Kisi Ki Jaan, Salman Khan