നടന്‍ മമ്മൂട്ടി ആരോഗ്യവാനാണെന്നും തുടര്‍ച്ചയായ ഷൂട്ടില്‍ നിന്ന് താത്കാലികമായി ഇടവേളയെടുത്ത് നില്‍ക്കുകയാണെന്നും താരത്തിന്റെ ടീം അറിയിച്ചു. റംസാന്‍ കാലമായതില്‍ വ്രതത്തിന് വേണ്ടി താരം ഇടവേളയെടുത്തതാണെന്നും ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലെന്നുമാണ് അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി താരത്തിന് ക്യാന്‍സറാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
മമ്മൂട്ടി സര്‍ജറിക്ക് വിധേയനായെന്നും കീമോ ചെയ്ത് വിശ്രമത്തിലാണെന്നുമാണ് ചിലര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഇതിനെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് മമ്മൂട്ടിയുടെ ടീം രംഗത്തെത്തിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇടവേളക്ക് ശേഷം മമ്മൂട്ടി തന്റെ അടുത്ത ചിത്രങ്ങളുടെ തിരക്കുകളിലേക്ക് കടക്കുമെന്നാണ് വിവരം.
നിലവില്‍ ചെന്നൈയില്‍ ദുല്‍ഖറിന്റെ വസതിയിലാണ് മമ്മൂട്ടി വിശ്രമിക്കുന്നത്. മഹേഷ് നാരായണന്‍- മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രത്തിന്റെ ദല്‍ഹി ഷെഡ്യൂളിന് ശേഷമാണ് താരം റെസ്‌റ്റെടുക്കുന്നത്. കളങ്കാവലിന്റെ ചിത്രീകരണത്തിന് ശേഷം നേരെ മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുകയായിരുന്നു മമ്മൂട്ടി. ശ്രീലങ്ക, ദല്‍ഹി എന്നിവടങ്ങളിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളുകള്‍.
ട്വന്റി 20ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനവേഷത്തിലത്തുന്ന ചിത്രമാണിത്. ഇടയില്‍ കടല്‍ കടന്നൊരു മാത്തുകുട്ടി എന്ന മമ്മൂട്ടി ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും മഹേഷ് നാരായണന്‍ പ്രൊജക്ടിന്റെ ഭാഗമാകുന്നുണ്ട്. ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മാണം.
രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷം ബസൂക്കയുടെ പ്രൊമോഷനായി താരം വീണ്ടും തിരക്കുകളിലേക്ക് കടക്കുമെന്നാണ് വിവരം. മാര്‍ച്ച് 26ന് ദുബായില്‍ വെച്ച് ബസൂക്കയുടെ ട്രെയ്‌ലര്‍ ലോഞ്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം ഗെയിം ത്രില്ലര്‍ ഴോണറിലാണ് ഒരുങ്ങുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ലുക്ക് വലിയ ചര്‍ച്ചയായിരുന്നു.
നവാഗതനായ ഡീനോ ഡെന്നീസാണ് ബസൂക്കയുടെ സംവിധായകന്‍. തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭാമ അരുണ്‍, ഹക്കിം ഷാ, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നേരത്തെ ഫെബ്രുവരി 14ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞ ചിത്രം പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഏപ്രില്‍ 10ന് വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക. കേരളത്തില്‍ 300ഓളം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് കരുതുന്നു.
Content Highlight: Close circle of Mammootty rejects the rumors that he bedridden with cancer