ന്യൂദല്‍ഹി: വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും വിമര്‍ശനങ്ങളാണ് ജനാധിപത്യത്തിന്റെ കാതലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പോഡ്കാസ്റ്റര്‍ ലെഡ് ഫ്രിഡുമായി 3.15 മണിക്കൂര്‍ നീണ്ട പോഡ്കാസ്റ്റിലാണ് പരാമര്‍ശം.
വിമര്‍ശനങ്ങള്‍ ജനാധിപത്യത്തിന്റെ ആത്മാവാണെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞ നരേന്ദ്ര മോദി മൂര്‍ച്ചയുള്ളതും നല്ല വിവരമുള്ളതുമായ വിമര്‍ശനങ്ങള്‍ ഇക്കാലത്ത് കണ്ടെത്താന്‍ പ്രയാസമാണെന്നും വ്യക്തമാക്കി.
വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും തമ്മില്‍ വ്യത്യാസമുണ്ടെന്നും തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെയെല്ലാം ഇത്തരത്തില്‍ സ്വാഗതം ചെയ്യുന്നുവെന്നും മോദി പറഞ്ഞു.
ആരോപണങ്ങള്‍ ആര്‍ക്കും ഗുണം ചെയ്യില്ലെന്നും അവ അനാവശ്യമായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയേ ഉള്ളൂവെന്നും അതുകൊണ്ടാണ് താന്‍ എപ്പോഴും വിമര്‍ശനങ്ങളെ തുറന്ന് സ്വാഗതം ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. തെറ്റായ ആരോപണങ്ങള്‍ ഉയരുമ്പോഴെല്ലാം താന്‍ ശാന്തമായി തന്റെ രാജ്യത്തെ പൂര്‍ണ്ണ സമര്‍പ്പണത്തോടെ സേവിക്കുന്നത് തുടരുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
താന്‍ അധികാരത്തില്‍ വന്നപ്പോള്‍ ദുഷ്പ്രവണതകള്‍ ഒഴിവാക്കിയെന്നും അനര്‍ഹരില്‍ നിന്നും 30 ലക്ഷം കോടി അര്‍ഹരുടെ കൈകളില്‍ എത്തിച്ചുവെന്നും മോദി പറഞ്ഞു.
അതേസമയം ആര്‍.എസ്.എസ് പോലൊരു സംഘടന മറ്റെവിടെയുമില്ലെന്നും ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് ആര്‍.എസ്.എസ് വഴി കാട്ടുന്നുവെന്നും വേദത്തില്‍ പറഞ്ഞതും സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുമാണ് ആര്‍.എസ്.എസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധത്തില്‍ ഇന്ത്യ നിഷ്പക്ഷ മനോഭാവമല്ല പിന്തുടരുന്നതെന്നും താന്‍ സമാധാനത്തിന്റെ ഭാഗമാണെന്നും അതിനാല്‍ സമാധാനം പിന്തുടരാന്‍ ആഗോള സമൂഹം ഒന്നിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.
പാക്കിസ്ഥാന്‍ ഇന്ത്യയോട് വിയോജിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അവര്‍ നിഴല്‍ യുദ്ധം നടത്തിയിട്ടുണ്ടെന്നും ലോകത്ത് എവിടെ ഭീകരാക്രമണമുണ്ടായാലും അതിന്റ വേര് നീളുന്നത് പാക്കിസ്ഥാനിലേക്കാണെന്നും മോദി പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപ് അസാമാന്യ ധൈര്യമുള്ള വ്യക്തിയാണെന്നും പരസ്പര വിശ്വാസവും സുശക്തമായ ബന്ധവും താനും ട്രംപും തമ്മിലുണ്ടെന്നും മോദി പറഞ്ഞു.
അതിര്‍ത്തി രാജ്യമാവുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുമെന്നും അഭിപ്രായവ്യത്യാസങ്ങള്‍ വലിയ കലഹത്തിലേക്ക് മാറരുതെന്നാണ് ആഗ്രഹമെന്നും ചൈനയെ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു.
Content Highlight: Criticism is the soul of democracy, welcomed; PM on American podcast