ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ തകര്‍ത്താണ് അര്‍ജന്റീന വിശ്വകിരീടമുയര്‍ത്തിയത്. നീണ്ട 36 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അര്‍ജന്റീന മൂന്നാമത്തെ വേള്‍ഡ്കപ്പ് നേടുകയായിരുന്നു. സൂപ്പര്‍താരം ലയണല്‍ മെസിയുടെ ക്യാപ്റ്റന്‍സിയില്‍ അസാധ്യ പ്രകടനമായിരുന്നു ടീം അര്‍ജന്റീന കാഴ്ചവെച്ചത്.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോല്‍വി വഴങ്ങിയെങ്കിലും മെക്‌സിക്കോയെയും പോളണ്ടിനെയും കീഴ്‌പ്പെടുത്തി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്.
അര്‍ജന്റീനക്കായി കോപ്പ അമേരിക്കയും ഫൈനലിസിമ കിരീടവും ഉയര്‍ത്തിയ മെസിക്ക് വിശ്വകിരീടം മാത്രമായിരുന്നു അകന്നിരുന്നത്. എന്നാല്‍ ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പ് ടൂര്‍ണമെന്റില്‍ ലോകചാമ്പ്യന്മാരായതോടെ താരത്തിന്റെ കരിയര്‍ സമ്പൂര്‍ണമായിരിക്കുകയാണ്.
അതേസമയം, സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ സെമി ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു. ഖത്തറില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചില്ലെന്ന് മാത്രമല്ല, രണ്ട് മത്സരങ്ങളില്‍ താരത്തെ ആദ്യ ഇലവനില്‍ ഇറക്കിയിട്ടുമില്ലായിരുന്നു.
ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും തിളങ്ങാന്‍ താരത്തിനായിരുന്നില്ല. തുടര്‍ന്ന് യുണൈറ്റഡ് പരിശീലകന്‍ ടെന്‍ ഹാഗുമായി നിരന്തരം പ്രശനത്തിലേര്‍പ്പെട്ടിരുന്ന റോണോ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തില്‍ കോച്ചുമായുള്ള സ്വരച്ചേര്‍ച്ചയെ കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തുകയായിരുന്നു.
ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ യുണൈറ്റഡില്‍ നിന്ന് റൊണാള്‍ഡോ പടിയിറങ്ങുകയായിരുന്നു.
കരിയറില്‍ മെസി ഏഴ് ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയപ്പോള്‍ അഞ്ചെണ്ണം റൊണാള്‍ഡോയും പേരിലാക്കി. കാലങ്ങളായി ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്ന വിഷയമാണ് ഇരുവരിലും ആരാണ് യഥാര്‍ത്ഥ G.O.A.T (Greatest Of All Time) എന്നുള്ളത്. കൃത്യമായ ഒരുത്തരം കണ്ടെത്താന്‍ ഇതുവരെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കഴിഞ്ഞിരുന്നില്ല.
എന്നാലിപ്പോള്‍ വിഷയത്തില്‍ തന്റെ പ്രതികരണമറിയിച്ചെത്തിരിക്കുകയാണ് ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ അക്കാദമി പരിശീലകനും മുന്‍ ബാഴ്‌സലോണ താരവുമായ യായ ടൂറെ. ലയണല്‍ മെസിയാണ് മികച്ചതെന്നാണ് ടൂറെയുടെ അഭിപ്രായം.
താന്‍ മെസിയുടെ വലിയ ആരാധകനാണെന്നും കരിയറില്‍ എന്തൊക്കെയാണ് അദ്ദേഹം അച്ചീവ് ചെയ്തതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ടൂറെ കൂട്ടിച്ചേര്‍ത്തു.
ബാഴ്‌സലോണയില്‍ മെസിയുടെ സഹതാരമായിരുന്നു ടൂറെ. ബാഴ്‌സക്ക് വേണ്ടി ഇരുവരും 92 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയിട്ടുണ്ട്.