IPL
15 വര്‍ഷത്തെ ചരിത്രവും തങ്ങളുടെ തന്നെ റെക്കോഡും തിരുത്തിക്കുറിച്ച് ബട്‌സ്വാള്‍; കണ്ണുതുറന്ന് കാണൂ, ഇതാ രാജസ്ഥാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Apr 02, 11:50 am
Sunday, 2nd April 2023, 5:20 pm

ഐ.പി.എല്‍ 2023ലെ നാലാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുകയാണ്. ടോസ് നേടിയ ഹൈദരാബാദ് നായകന്‍ ഭുവനേശ്വര്‍ കുമാര്‍ രാജസ്ഥാനെ ബാറ്റിങ്ങിനയച്ചു.

ഭുവിയുടെ തീരുമാനത്തെ അക്ഷരാര്‍ത്ഥത്തില്‍ തെറ്റിച്ചുകൊണ്ടായിരുന്നു രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയത്. ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശസ്വി ജെയ്‌സ്വാളും ചേര്‍ന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് രാജസ്ഥാന് നല്‍കിയത്.

ആദ്യ ആറ് ഓവറില്‍ രാജസ്ഥാന്‍ 85 റണ്‍സാണ് അടിച്ചെടുത്തത്. ടി. നടരാജനും വാഷിങ്ടണ്‍ സുന്ദറും അടക്കമുള്ളവര്‍ മികച്ച രീതിയില്‍ അടിവാങ്ങിക്കൂട്ടിയിരുന്നു. പവര്‍പ്ലേയില്‍ ജോസ് ബട്‌ലറെ പുറത്താക്കാന്‍ സാധിച്ചു എന്നത് മാത്രമാണ് സണ്‍റൈസേഴ്‌സിന്റെ ഏക നേട്ടം.

അതേസമയം, രാജസ്ഥാന്‍ റോയല്‍സിന്റെ ചരിത്രത്തിലേക്കാണ് ജോസ് ബട്‌ലര്‍ – യശസ്വി ജെയ്‌സ്വാള്‍ കോംബോ നടന്നുകയറിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പവര്‍പ്ലേ സ്‌കോറാണ് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ പിറന്നത്.

22 പന്തില്‍ നിന്നും ബട്‌ലര്‍ 54 റണ്‍സെടുത്തപ്പോള്‍ 13 പന്തില്‍ നിന്നും 30 റണ്‍സായിരുന്നു ജെയ്‌സ്വാളിന്റെ സംഭാവന.

പിന്നാലെ അര്‍ധ സെഞ്ച്വറി തികച്ച് ജെയ്‌സ്വാളും മടങ്ങിയിരുന്നു. 37 പന്തില്‍ നിന്നും 9 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് ജെയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറിയടിച്ചത്.

ബട്‌ലറിനും ജെയ്‌സ്വാളിനും പുറമെ ക്യാപ്റ്റന്‍ സഞ്ജുവും അര്‍ധ സെഞ്ച്വറി തികച്ചിരുന്നു. നേരിട്ട 28ാം പന്തില്‍ സിംഗിള്‍ ഓടിക്കൊണ്ടായിരുന്നു സഞ്ജു ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.

നിലവില്‍ 18 ഓവര്‍ പിന്നിടുമ്പോള്‍ 186 റണ്‍സിന് നാല് എന്ന നിലയിലാണ് റോയല്‍സ്. ബട്‌ലറിനും ജെയ്‌സ്വാളിനും പുറമെ ദേവ്ദത്ത് പടിക്കലിന്റെയും റിയാന്‍ പരാഗിന്റെയും വിക്കറ്റുകളാണ് റോയല്‍സിന് നഷ്ടമായത്. പടിക്കല്‍ അഞ്ച് പന്തില്‍ നിന്നും രണ്ട് റണ്‍സുമായി പുറത്തായപ്പോള്‍ ആറ് പന്തില്‍ നിന്നും ഏഴ് റണ്‍സായിരുന്നു പരാഗിന്റെ സമ്പാദ്യം.

സണ്‍റൈസേഴ്‌സിനായി ഫസലാഖ് ഫാറൂഖി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടി. നടരാജന്‍, ഉമ്രാന്‍ മാലിക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

 

Content Highlight: Yashaswi Jaiswal and Jos Buttler smashes Rajasthan Royals’ best power play score