Sports News
ഐ.പി.എല്ലില്‍ നിന്നും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക്; ഞെട്ടിക്കാനൊരുങ്ങി ജെയ്‌സ്വാള്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 May 28, 01:30 pm
Sunday, 28th May 2023, 7:00 pm

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള സ്‌ക്വാഡില്‍ ഇടംപിടിച്ച് യശസ്വി ജെയ്‌സ്വാള്‍. സ്റ്റാന്‍ഡ് ബൈ താരമായിട്ടാണ് ജെയ്‌സ്വാള്‍ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഋതുരാജ് ഗെയ്ക്വാദിന് പകരക്കാരനാണ് ജെയ്‌സ്വാള്‍ ടീമില്‍ ഇടം നേടിയത്.

തന്റെ വിവാഹത്തോടനുബന്ധിച്ചാണ് ഗെയ്ക്വാദ് ഫൈനലില്‍ നിന്നും മാറി നില്‍ക്കുന്നത്. ജൂണ്‍ മൂന്ന്, നാല് ദിവസങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ കാരണം തനിക്ക് ഫൈനലില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് ഗെയ്ക്വാദ് അപെക്‌സ് ബോര്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ജെയ്‌സ്വാളിനോട് റെഡ്‌ബോളില്‍ പ്രാക്ടീസ് തുടങ്ങാനും വിസ തയ്യാറായാല്‍ ഉടന്‍ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിക്കേണ്ടി വരുമെന്നും ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്.

 

 

ജൂണ്‍ അഞ്ചിനകം ഗെയ്ക്വാദ് സ്‌ക്വാഡിനൊപ്പം ചേരുമെന്ന് അറിയിച്ചെങ്കിലും ദ്രാവിഡ് ആ ആവശ്യം നിരാകരിക്കുകയും പകരക്കാരനെ പ്രഖ്യാപിക്കാന്‍ സെലക്ടര്‍മാരോട് ആവശ്യപ്പെടുകയുമായിരുന്നു .

‘വിവാഹം കാരണം ജൂണ്‍ അഞ്ചിന് ശേഷം ഗെയ്ക്വാദ് ടീമിനൊപ്പം ചേരുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ദ്രാവിഡ് അതിനോട് മുഖം തിരിക്കുകയും പകരക്കാരനെ പ്രഖ്യാപിക്കാന്‍ സെലക്ടര്‍മാരോട് ആവശ്യപ്പെടുകയുമായിരുന്നു. യശസ്വി ഉടന്‍ തന്നെ ടീമിനൊപ്പം ചേരും,’ ബി.സി.സി.ഐ ഒഫീഷ്യല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

 

 

കഴിഞ്ഞ രഞ്ജിയില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് ജെയ്‌സ്വാളിന് തുണയായത്. അഞ്ച് മത്സരത്തില്‍ നിന്നും 404 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഐ.പി.എല്‍ 14 മത്സരത്തില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 635 റണ്‍സും താരം അടിച്ചെടുത്തിട്ടുണ്ട്.

ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം അരങ്ങേറുന്നത്. ഇംഗ്ലണ്ടിലെ ഓവലാണ് വേദി. ഓസ്ട്രേലിയയാണ് എതിരാളികള്‍.

കഴിഞ്ഞ തവണ കലാശപ്പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനോട് തോല്‍ക്കേണ്ടി വന്നതിന്റെ നിരാശയാകും ഓവലിലേക്കിറങ്ങുമ്പോള്‍ ഇന്ത്യയെ വേട്ടയാടുക. നാളുകള്‍ക്ക് ശേഷമുള്ള ഐ.സി.സി ട്രോഫി എന്ന ലക്ഷ്യവും ഇന്ത്യക്കുണ്ടാകും.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീസിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും ഇന്ത്യക്കുണ്ടാകും. പരമ്പരയിലെ ഡോമിനന്‍സ് ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ മെയ്‌സ് ഇന്ത്യക്ക് സ്വന്തമാക്കാം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ, കെ.എസ്. ഭരത്, ഇഷാന്‍ കിഷന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്, സൂര്യകുമാര്‍ യാദവ്, യശ്‌സ്വി ജെയ്‌സ്വാള്‍, മുകേഷ് കുമാര്‍

 

Content highlight: Yashasvi Jaiswal named in squad for World Test Championship final