ഗവാസ്കറിനെയും കടത്തിവെട്ടി, ഇവന് മുന്നിൽ ബ്രാഡ്മാൻ മാത്രം; ചരിത്രത്തിൽ രണ്ടാമൻ ജെയ്‌സ്വാൾ
Cricket
ഗവാസ്കറിനെയും കടത്തിവെട്ടി, ഇവന് മുന്നിൽ ബ്രാഡ്മാൻ മാത്രം; ചരിത്രത്തിൽ രണ്ടാമൻ ജെയ്‌സ്വാൾ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th February 2024, 12:21 pm

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് നാലാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ 192 വിജയലക്ഷ്യവുമായാണ് ഇന്ത്യ ബാറ്റ് ചെയ്യുന്നത്

മത്സരത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് യുവ ഓപ്പണര്‍ യശ്വസി ജെയ്സ്വാള്‍. 44 പന്തില്‍ 37 റണ്‍സാണ് ജെയ്സ്വാള്‍ നേടിയത്. അഞ്ച് ഫോറുകളാണ് ജെയ്സ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ജോ റൂട്ടിന്റെ പന്തില്‍ ജയിംസ് ആന്‍ഡേഴ്‌സന് ക്യാച്ച് നല്‍കിയാണ് ജെയ്സ്വാള്‍ പുറത്തായത്.

ഇതിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടവും ജെയ്സ്വാള്‍ സ്വന്തം പേരിലാക്കി മാറ്റി. ആദ്യ എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ജെയ്സ്വാള്‍ സ്വന്തമാക്കിയത്. 15 ഇന്നിങ്‌സില്‍ നിന്നും 971 റണ്‍സാണ് ജെയ്സ്വാള്‍ സ്വന്തമാക്കിയത്.

ആദ്യ എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയന്‍ ഇതിഹാസം സര്‍ ഡോണ്‍ ബ്രാഡ്മാന്‍ ആണ്. 14 ഇന്നിങ്‌സില്‍ നിന്നും 1210 റണ്‍സാണ് ബ്രാഡ്മാന്‍ നേടിയത്.

ആദ്യ എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

(താരം, ടീം, റണ്‍സ്, ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

സര്‍ ഡോണ്‍ ബ്രാഡ്മാന്‍-ഓസ്‌ട്രേലിയ-1210-14

യശ്വസി ജെയ്സ്വാള്‍-ഇന്ത്യ-971-15

സര്‍ എവര്‍ട്ടണ്‍ വീക്ക്‌സ്-വെസ്റ്റ് ഇന്‍ഡീസ്-968-11

സുനില്‍ ഗവാസ്‌കര്‍- ഇന്ത്യ-938-16

സൗദ് ഷക്കീല്‍-പാകിസ്ഥാന്‍-927-15

ജെയ്‌സ്വാളിന് പുറമെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 81 പന്തില്‍ 55 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് ഇന്ത്യന്‍ നായകന്‍ നേടിയത്.

അതേസമയം രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ തകര്‍ത്തത് ആര്‍.അശ്വിനും കുല്‍ദീപ് യാദവുമാണ്. അശ്വിന്‍ അഞ്ച് വിക്കറ്റും കുല്‍ദീപ് നാല് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇംഗ്ലണ്ട് 145 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ സാക്ക് ക്രോളി 91 പന്തില്‍ 60 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഏഴ് ഫോറുകളാണ് സാക്കിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ജോണി ബെയര്‍സ്റ്റോ 42 പന്തില്‍ 30 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

നിലവില്‍ ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 118-3 എന്ന നിലയിലാണ്. 62 പന്തില്‍ 18 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 29 പന്തില്‍ മൂന്ന് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

Content Highlight: Yashasvi Jaiswal great Achievement in test