കുമ്മനത്തിനും സുരേന്ദ്രനും വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നത് കേരള പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച്
Daily News
കുമ്മനത്തിനും സുരേന്ദ്രനും വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നത് കേരള പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd December 2016, 3:05 pm

kummanam

തിരുവനന്തപുരം: ബി.ജെ.പി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ നാലു ബി.ജെ.പി നേതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നത് കേരള പൊലീസ് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച്. ഇവരുടെ സുരക്ഷയ്ക്കായുള്ള ചിലവ് സംസ്ഥാന സര്‍ക്കാറാണ് വഹിക്കുക.

കുമ്മനം രാജശേഖരനു പുറമേ എം.ടി രമേഷ്, കൃഷ്ണപ്രസാദ്, കെ.സുരേന്ദ്രന്‍, എം.ടി രമേഷ് എന്നീ ബി.ജെ.പി നേതാക്കള്‍ക്കാണ് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നതായി കഴിഞ്ഞദിവസം ദിവസം വാര്‍ത്തവന്നിരുന്നു. വധഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ കേരള പൊലീസ് ഇന്റലിജന്‍സ് ആണ് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തീവ്രവാദ ഗ്രൂപ്പില്‍ നിന്നുള്ള ഭീഷണിയും കേരളത്തിലെ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ഭീഷണിയുമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും തങ്ങളുടെ ഇക്കാര്യം കേരള പൊലീസ് ഇന്റലിജന്‍സ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കുമ്മനത്തെ ഉദ്ധരിച്ച് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.


Must Read: നോട്ട് നിരോധനത്ത കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ കുഴങ്ങി ഹരിയാന മുഖ്യമന്ത്രി : ചാനല്‍ റിപ്പോര്‍ട്ടറുടെ രാജി ആവശ്യപ്പെട്ട് സീ ന്യൂസ്


” നാലു ബി.ജെ.പി നേതാക്കള്‍ക്കും സുരക്ഷ നല്‍കേണ്ടത് കേരള പൊലീസിന്റെ ഉത്തരവാദിത്തമാണ്. ഭീഷണി ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അടുത്തിടെ പൊലീസ് ഇന്റലിജന്‍സ് ചിലരെ പിടികൂടുകയും ഞങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കേരള പൊലീസ് വൈ കാറ്റഗറി സുരക്ഷ നല്‍കുമെന്നാണ് പ്രതീക്ഷ” എന്നാണ് കുമ്മനം പറഞ്ഞത്.

കേരള പൊലീസ് നിലവില്‍ ഇവര്‍ക്ക് സുരക്ഷ നല്‍കുന്നുണ്ടെന്ന് എ.ഡി.ജി.പി ആര്‍ ശ്രീലേഖ സ്ഥിരീകരിച്ചിട്ടുണ്ട്. “ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ എനിക്കു കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ല” എന്നാണ് അവര്‍ പറഞ്ഞത്.

ജനുവരി മുതല്‍ ഈ നാലുനേതാക്കള്‍ക്കുമൊപ്പം രണ്ട് സി.ഐ.എസ്.എഫ് ജവാന്മാര്‍ എപ്പോഴും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.  വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നതിനു മുന്നോടിയായി ഈ നേതാക്കളുടെ വീടും ഓഫീസുമെല്ലാം സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് കമാന്റന്റ് പരിശോധിച്ചിരുന്നു.