'വിയോജിപ്പുകളെ കൊന്ന് തള്ളി വര്‍ഗരാഷട്രീയം വളര്‍ത്താമെന്നത് വ്യാമോഹം മാത്രമാണ്' ; ഉമേഷ് ബാബുവിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് എഴുത്തുകാര്‍
Kerala News
'വിയോജിപ്പുകളെ കൊന്ന് തള്ളി വര്‍ഗരാഷട്രീയം വളര്‍ത്താമെന്നത് വ്യാമോഹം മാത്രമാണ്' ; ഉമേഷ് ബാബുവിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് എഴുത്തുകാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th April 2018, 11:25 pm

കോഴിക്കോട്: എഴുത്തുകാരന്‍ ഉമേഷ് ബാബുവിന്റെ വീടിന് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് എഴുത്തുകാരുടെ സംയുക്ത പ്രസ്താവന. ആക്രമണം ജനാധിപത്യ ബോധത്തിനും അവകാശത്തിനും എതിരായ ഭീഷണിയാണെന്നും യുക്തി ചിന്തയെയും സ്വാതന്ത്ര്യബോധത്തെയും കൊന്ന് തള്ളി വര്‍ഗരാഷട്രീയം വളര്‍ത്താമെന്നത് വ്യാമോഹം മാത്രമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ ആറരയോടെയാണ് കണ്ണൂരിലെ പാറക്കണ്ടിയിലെ ഉമേഷ് ബാബുവിന്റെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നത്.

സംയുക്ത പ്രസ്താവന

അഭിപ്രായങ്ങള്‍ നിസ്സംശയം പറയാനും വിമര്‍ശനം ഉന്നയിക്കാനും വിയോജിപ്പുകളില്‍ ഉറച്ചു നിന്ന് പോരാടാനും ആധുനിക ജനാധിപത്യ ബോധം നമ്മെ പ്രാപ്തരാക്കിയിട്ടുണ്ട്. രാഷ്ട്രീയമായ വിയോജിപ്പുകളേയും സാംസ്‌കാരിക ഇടപെടലുകളേയും സര്‍ഗാത്മകമായി വികസിപ്പിക്കുമ്പോഴാണ് ജനാധിപത്യ രാഷ്ട്രീയം കൂടുതല്‍ കരുത്തുറ്റതാകുന്നത്.

എന്നാല്‍ ഉമേഷ്ബാബുവിന്റെ ജീവന് നേരെ ഭീഷണി ഉയര്‍ത്തി നടത്തുന്ന ആക്രമണം നമ്മുടെ ജനാധിപത്യ ബോധത്തിനും അവകാശത്തിനും എതിരായ ഭീഷണിയാണ്. ഇതിനെതിരെ സാംസ്‌കാരിക കേരളം പ്രതിഷേധിക്കുക. ഉമേഷ്ബാബുവിനെതിരായ വധശ്രമത്തെ നാം ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ ആപത്താണ്. പത്തുവര്‍ഷമായി ഉമേഷ്ബാബു നിരന്തരം വേട്ടയാടപ്പെടുന്നുണ്ട്. ഇതൊന്നും യാദൃച്ഛികമല്ല. ഒരു നാള്‍ ആര്‍ക്കെങ്കിലും വെറുതേ തോന്നുന്നതുമല്ല. കവിത എഴുതിയതിന്റെ പേരില്‍ പോലും പടിയിറക്കപ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തകനാണദ്ദേഹം എന്നത് നാം മറന്നുകൂടാ.

എംഎം കുല്‍ബുര്‍ഗിയും ഗോവിന്ദ് പന്‍സാരെയും ഗൗരിലങ്കേഷും കൊലചെയ്യപ്പെട്ടത് നാം മറക്കരുത്. ഈ കൊലപാതകങ്ങള്‍ക്കെല്ലാം പിന്നില്‍ വിദഗ്ധമായ രാഷ്ട്രീയ അജണ്ട ഒളിപ്പിച്ചിട്ടുണ്ട്. ഉമേഷ്ബാബുവിനെയും രാഷ്ട്രീയ വിയോജിപ്പിന്റെ പേരിലാണ് എതിരാളികള്‍ വേട്ടയാടുന്നത്. ഇത് അനുവദിക്കാനാവില്ല.നമ്മുടെ യുക്തി ചിന്തയെയും സ്വാതന്ത്ര്യബോധത്തെയും കൊന്ന് തള്ളി വര്‍ഗരാഷട്രീയം വളര്‍ത്താമെന്നത് വ്യാമോഹം മാത്രമാണ്. രാഷ്ട്രീയ കൊലപാതകംഅത്ര മേല്‍ മുറിവേല്‍പ്പിച്ച കേരളത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരും ചിന്തകരും വേട്ടയാടപ്പെടുന്നത് നല്ലതല്ല.

അതുകൊണ്ട് ഉമേഷ്ബാബുവിന്റെ വീടിനു നേരെ ഉണ്ടായ ആക്രമണങ്ങളെ അപലപിക്കുന്നു. നിര്‍ഭയമായി ജീവിക്കാന്‍ ഏതൊരു പൗരനും അവകാശമുണ്ട്. ആ അവകാശം സംരക്ഷണം ഭരണകൂടത്തിന്റെ ഉത്തരവാദിത്വവും കടമയുമാണ്.അതിന് കേരളത്തിലെ ഗവണ്‍മെന്റ് തീരുമാനം കൈക്കൊള്ളണം. ഇപ്പോള്‍ നടന്ന ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ അന്വേഷണംവേണം. കുറ്റവാളികളെ പുറത്തുകൊണ്ടുവരണം.

കവികളുടേയും കലാകാരന്‍മാരുടേയും ചിന്തകന്‍മാരുടേയും സ്വാതന്ത്ര്യവും സംരക്ഷണവും ഒരു പരിഷ്‌കൃത ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഞങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നു. ഉമേഷ്ബാബുവിന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്നവര്‍ ഈ ഹീനകൃത്യത്തില്‍ നിന്നും പിന്‍തിരിഞ്ഞേ മതിയാവൂ.ഉമേഷ്ബാബുവിന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ ജനാധിപത്യ കേരളം ഏകമനസ്സോടെ പ്രതികരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

സി. ആര്‍.പരമേശ്വരന്‍
എം എന്‍ കാരശ്ശേരി
എന്‍.പ്രഭാകരന്‍
എന്‍.ശശിധരന്‍
ദേശമംഗലം രാമകൃഷ്ണന്‍
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
പി.സുരേന്ദ്രന്‍
സി.ആര്‍.നീലകണ്ഠന്‍
സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്
ഡോ.ആസാദ്
ചന്‍സ് ചന്ദ്രശേഖരന്‍
ജി.ശക്തിധരന്‍
വി.പി.വാസുദേവന്‍
എന്‍.സുഗതന്‍
ഡോ.കെ എന്‍.അജോയ്കുമാര്‍
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ഡോ.ഐ.വി.ബാബു