Kerala News
രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 12, 08:12 am
Friday, 12th August 2022, 1:42 pm

കോഴിക്കോട്: എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിലും മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. യുവ എഴുത്തുകാരിയായിരുന്നു പരാതിക്കാരി.

2020 ഫെബ്രുവരിയില്‍ നടന്ന സംഭവത്തിന്മേലാണ് യുവതി പരാതി നല്‍കിയിരുന്നത്. 2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ലൈംഗികാതിക്രം നടത്തി എന്നായിരുന്നു പരാതി.

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് യുവ എഴുത്തുകാരിയുടെ പരാതിയില്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്. വടകര ഡി.വൈ.എസ്.പിക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല.

അധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയുടെ പീഡന പരാതിയില്‍ സിവിക് ചന്ദ്രന് ഇതേ കോടതി നേരത്തെയും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ ഉപാധികളില്ലാതെയാണ് സിവികിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് സിവിക്ക് ചന്ദ്രന് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

ദളിതര്‍ക്ക് വേണ്ടി പൊതുസമൂഹത്തില്‍ സംസാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും ലൈംഗിക വൈകൃത സ്വഭാവമുള്ള സിവികിന് ജാമ്യം നല്‍കരുതെന്നുമായിരുന്നു ഈ കേസില്‍ പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, പരാതിക്കാരിക്ക് മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചതായി പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം, ലൈംഗിക പീഡന പരാതിയില്‍ പൊലീസ് മെല്ലപ്പോക്ക് നടത്തുന്നുവെന്ന വിമര്‍ശനം വ്യാപകമാണ്. ‘വുമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് ‘ ഫേസ്ബുക്ക് പേജിലാണ് തന്നോട് സിവിക് ചന്ദ്രന്‍ ലൈംഗിക അതിക്രമം നടത്തിയത് വിശദീകരിച്ച് യുവതി രംഗത്തെത്തിയത്.

Content Highlight: Writer Civic Chandran gets bail in his second sexual harassment case