വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണിക്ക് റിലീസ് ദിനം മുതല്‍ മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. പൂര്‍ണമായും ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറിലൊരുക്കിയ ചിത്രം ജീവിതത്തില്‍ സക്‌സസ്ഫുള്ളാവാന്‍ ആഗ്രഹിക്കുന്ന മുകുന്ദന്‍ ഉണ്ണി എന്ന വക്കീലിന്റെ കഥയാണ് പറയുന്നത്.
എന്നാല്‍ നേരായ വഴിവിട്ട് ഏത് വിധേനയും തന്റെ കാര്യം നേടാന്‍ നോക്കുന്ന ഒരു ക്രിമിനല്‍ ബുദ്ധിയാണ് മുകുന്ദന്‍ ഉണ്ണിക്കുള്ളത്. കാമുകിയേയും ഭാര്യയേയും സുഹൃത്തുക്കളേയുമെല്ലാം സ്വന്തം കാര്യത്തിന് വേണ്ടി ആണ് അയാള്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ മുകുന്ദന്‍ ഉണ്ണിയുടെ കുരുക്കില്‍ സ്വന്തം ജീവിതം കുരുങ്ങി പോയ അയാളുടെ പാവം കൂട്ടുകാരനാണ് റോബിന്‍.
പെറ്റി കേസ് പിടിച്ച് ദിവസവും 800 രൂപ സമ്പാദിച്ച് എങ്ങനെയെക്കെയോ ജീവിതം മുന്നോട്ട് നീക്കുന്ന വക്കീലാണ് റോബിന്‍. അലക്കാത്തതും തേക്കാത്തതുമായ കോട്ടും പാന്റുമിട്ട് മുടി ചീവാതെ വൃത്തിയില്ലാതെ തോന്നിയത് പോലെ നടക്കുന്ന റോബിനെ ഒരു അടിമയെ ആവശ്യമുണ്ടെന്ന് മനസില്‍ വിചാരിച്ചാണ് മുകുന്ദന്‍ ഉണ്ണി തന്റെ ടീമിലെടുക്കുന്നത്.
മുകുന്ദന്‍ ഉണ്ണിക്കൊപ്പം നിന്നവരില്‍ റോബിനോളം ആത്മാര്‍ത്ഥതയുള്ളവര്‍ വേറെയില്ല. മുകുന്ദന്‍ ഉണ്ണി ഫ്രോഡ് പരിപാടിയാണ് ചെയ്യുന്നതെന്ന് അറിഞ്ഞിട്ടും ഒപ്പം നിന്ന് നന്നാക്കാനാണ് റോബിന്‍ നോക്കുന്നത്. എന്നാല്‍ മറിച്ച് മുകുന്ദന്‍ ഉണ്ണിയാവട്ടെ പറഞ്ഞത് പോലെ തന്നെ അയാളെ വെറും അടിമയായിട്ടാണ് കണ്ടത്. സൗകര്യം പോലെ റോബിനെ ഉപയോഗിച്ചു. തന്നെക്കാളും വളരാന്‍ ഒരിക്കലും അനുവദിച്ചില്ല. തനിക്ക് ഭീഷണിയാകുമെന്നറിഞ്ഞപ്പോള്‍ ഒഴിവാക്കുകയും ചെയ്യുന്നു.
സിനിമയെ റോബിനെ അവതരിപ്പിച്ചത് സുധി കോപ്പയായിരുന്നു. റോബിന്റെ അലസതയും നിരാശയും സങ്കടവുമെല്ലാം അയാള്‍ നന്നായി തന്നെ ചെയ്തിട്ടുണ്ട്. ഇതിന് മുമ്പ് വന്ന ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിലും സുധി കോപ്പയുടെ പ്രകടനം പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ മുകുന്ദന്‍ ഉണ്ണിയിലും അദ്ദേഹം കയ്യടി നേടുകയാണ്.
Content Highlight: write up about advocate robin in mukundan unni associates