വനിതാ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന കിരീടപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയിരുന്നു. ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് റണ്‍സിന്റെ വിജയമാണ് മുംബൈ നേടിയത്. വനിതാ പ്രീമിയര്‍ ലീഗിന്റെ മൂന്ന് എഡിഷനുകള്‍ അവസാനിക്കുമ്പോള്‍ മുംബൈയുടെ രണ്ടാം കിരീടമാണിത്.
മുംബൈ ഉയര്‍ത്തിയ 150 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
𝐂 𝐇 𝐀 𝐌 𝐏 𝐈 𝐎 𝐍 𝐒 💙#AaliRe #MumbaiIndians #TATAWPL #DCvMI pic.twitter.com/ga43uYHoEd
— Mumbai Indians (@mipaltan) March 15, 2025
ഫൈനിലെത്തിയ രണ്ട് ടീമില്‍ ആര് തന്നെ കിരീടമുയര്‍ത്തിയാലും ചാമ്പ്യന്‍മാര്‍ക്കൊപ്പം മലയാളി സാന്നിധ്യമുണ്ടാകുമായിരുന്നു. മുംബൈ ഇന്ത്യന്‍സില്‍ സജന സജീവനും ദല്‍ഹി ക്യാപ്പിറ്റില്‍സില്‍ മിന്നു മണിയുമായിരുന്നു മലയാളി കരുത്ത്.
തുടര്‍ച്ചയായ മൂന്നാം തവണയും ദല്‍ഹിക്കൊപ്പം മിന്നു ഫൈനലിലെത്തിയെങ്കിലും മൂന്ന് തവണയും പരാജയമായിരുന്നു വിധി. ഈ ഫൈനലിലാകട്ടെ മിന്നുവിന്റെ പുറത്താകലിനും സജന കാരണമായി.
ദല്‍ഹിക്ക് വിജയിക്കാന്‍ 13 പന്തില്‍ 27 റണ്‍സ് വേണമെന്നിരിക്കെയാണ് മിന്നു മണി ക്രീസിലെത്തുന്നത്. ക്രീസിലെത്തി ആദ്യ പന്തില്‍ തന്നെ നാറ്റ് സിവര്‍ ബ്രണ്ടിനെ ബൗണ്ടറി കടത്തിയ മിന്നു ആക്രമണമാണ് തന്റെ ശൈലിയെന്ന് വ്യക്തമാക്കി.
തൊട്ടടുത്ത പന്തില്‍ സിക്‌സറടിക്കാന്‍ ശ്രമിച്ചെങ്കിലും മിന്നുവിന് പിഴച്ചു. മിസ്ഹിറ്റായ പന്ത് ഒരു മികച്ച ക്യാച്ചിലൂടെ സജന കൈപ്പിടിയിലൊതുക്കി. ഇതോടെ ക്യാപ്പിറ്റല്‍സിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു.
ഇതാദ്യമായല്ല മിന്നു മണി മലയാളി സാന്നിധ്യമുള്ള ടീമിനോട് ഫൈനലില്‍ തോല്‍വിയേറ്റുവാങ്ങുന്നത്. ടൂര്‍ണമെന്റിന്റെ രണ്ടാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് പരാജയപ്പെടുമ്പോള്‍ മറുവശത്ത് ആശ ശോഭന പന്തുമായി തന്റെ മാജിക് പുറത്തെടുത്തിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി എതിരാളികളെ ബാറ്റിങ്ങിനയച്ചു. ഓപ്പണര്‍മാരെ രണ്ട് പേരെയും ഒറ്റയക്കത്തിന് നഷ്ടമായെങ്കിലും നാറ്റ് സിവര്‍ ബ്രണ്ടിനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മുംബൈ സ്‌കോര്‍ ബോര്‍ഡിന് വേഗം നല്‍കി. മൂന്നാം വിക്കറ്റില്‍ 89 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്.
ടീം സ്‌കോര്‍ 103ല്‍ നില്‍ക്കവെ 28 പന്തില്‍ 30 റണ്‍സ് നേടിയ നാറ്റ് സിവര്‍ പുറത്തായി. പിന്നാലെയെത്തിയ അമേലിയ കേര്‍ രണ്ട് റണ്‍സിനും മലയാളി താരം സജന സജീവന്‍ പൂജ്യത്തിനും മടങ്ങി.
അധികം വൈകാതെ ക്യാപ്റ്റനെയും മുംബൈക്ക് നഷ്ടമായി. 44 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സറുമടക്കം 150.00 സ്‌ട്രൈക്ക് റേറ്റില്‍ 66 റണ്‍സടിച്ചാണ് ഹര്‍മന്‍ മടങ്ങിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 149 റണ്‍സ് നേടി.
Over to the bowlers 🤞🧿#AaliRe #MumbaiIndians #TATAWPL #DCvMI pic.twitter.com/HjwdLSMZTa
— Mumbai Indians (@mipaltan) March 15, 2025
മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിനും തുടക്കം പാളി. ഒമ്പത് പന്തില്‍ നാല് റണ്‍സുമായി ഷെഫാലി വര്‍മ നിരാശപ്പെടുത്തി. മെഗ് ലാന്നിങ്ങും ജെസ് ജോന്നാസെനും 13 റണ്‍സ് വീതവും അന്നബെല്‍ സതര്‍ലന്‍ഡ് രണ്ട് റണ്‍സും നേടി പുറത്തായപ്പോള്‍ ജെമീമ റോഡ്രിഗസിന്റെയും മാരിസന്‍ കാപ്പിന്റെയും പ്രകടനമാണ് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ജെമീമ 21 പന്തില്‍ 30 റണ്‍സും മാരിസന്‍ കാപ്പ് 26 പന്തില്‍ 40 റണ്‍സും സ്വന്തമാക്കി മടങ്ങി.
ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് ചൂടിച്ച നിക്കി പ്രസാദ് പുറത്താകാതെ 25 റണ്‍സുമായി പൊരുതിയെങ്കിലും വിജയത്തിലെത്താന്‍ അതൊന്നും പോരാതെ വരികയായിരുന്നു.
Saika ‘Bowler hoon, wicket lene aayi hoon’ Ishaque 😎#AaliRe #MumbaiIndians #TATAWPL #DCvMI pic.twitter.com/tbBNrQWucj
— Mumbai Indians (@mipaltan) March 15, 2025
ഒടുവില്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി എട്ട് റണ്‍സകലെ ക്യാപ്പിറ്റല്‍സ് കിരീടമെന്ന മോഹം അവസാനിപ്പിച്ചു.
മുംബൈയ്ക്കായി നാറ്റ് സിവര്‍ മൂന്ന് വിക്കറ്റും അമേലിയ കേര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ഷബ്‌നം ഇസ്‌മൈല്‍, സായ്ഖ ഇഷാഖ്, ഹെയ്‌ലി മാത്യൂസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
Content Highlight: WPL 2025: MI vs DC: Sajana Sajeevan’s Mumbai Indians defeated Minnu Mani’s Delhi Capitals