ന്യൂദല്‍ഹി: മുന്‍രാഷ്ട്രപതിയെന്ന നിലയ്ക്ക് പ്രണബ് മുഖര്‍ജിക്ക് പകരം തന്നെയാണ് ആര്‍.എസ്.എസ് ക്ഷണിച്ചിരുന്നതെങ്കില്‍ പോകില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
“അദ്ദേഹം എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അറിയില്ല. അദ്ദേഹത്തിന്റെ ഉത്തരം എനിക്ക് പറയാന്‍ കഴിയില്ല, പക്ഷെ തനിക്കാണ് ഇത്തരമൊരു ക്ഷണം വന്നതെങ്കില്‍ ഞാന്‍ പോകില്ല.” യെച്ചൂരി പറഞ്ഞു.
നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് ജൂണ്‍ ഏഴിന് നടക്കുന്ന സംഘ ശിക്ഷ വര്‍ഗ് പരിശീലന ക്യാംപിന്റെ സമാപനസമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കാനാണ് പ്രണബിനെ ആര്‍.എസ്.എസ് ക്ഷണിച്ചത്. സര്‍ സംഘചാലക് മോഹന്‍ഭാഗവതാണ് പ്രണബിനെ ക്ഷണിച്ചിരുന്നത്.
പ്രണബ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ എതിരഭിപ്രായങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ആര്‍.എസ്.എസ് നിരോധിത സംഘടനയല്ലെന്ന നിലപാടാണ് പ്രണബ് മുഖര്‍ജി സ്വീകരിച്ചത്.