വെറും ഒരു റണ്ണിന് ഒരു കോടി എട്ട് ലക്ഷം രൂപ; പൈസ ആവിയായി പോയ മോശം പിക്കുകള്‍
IPL
വെറും ഒരു റണ്ണിന് ഒരു കോടി എട്ട് ലക്ഷം രൂപ; പൈസ ആവിയായി പോയ മോശം പിക്കുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th May 2023, 8:57 pm

 

ഐ.പി.എല്‍ 2023 അവസാന ഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. ഫൈനല്‍ അടക്കം ഇനി പതിനഞ്ചില്‍ താഴെ മത്സരങ്ങളാണ് ഈ സീസണില്‍ ബാക്കിയുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഗുജറാത്തിന് മാത്രമേ പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നതിനാല്‍ തന്നെ ശേഷിക്കുന്ന മുഴുവന്‍ മത്സരങ്ങളും എല്ലാ ടീമിനെയും സംബന്ധിച്ച് നിര്‍ണായകമാണ്.

സീസണിന് മുമ്പ് തന്നെ കൊച്ചിയില്‍ നടന്ന മിനി ലേലത്തിലൂടെ പല ടീമുകളും തങ്ങളുടെ സ്‌ക്വാഡ് ഡെപ്ത് വര്‍ധിപ്പിച്ചിരുന്നു. ഇതില്‍ പല താരങ്ങളും ടീമിന്റെ വിജയത്തിന് നിര്‍ണായകമായപ്പോള്‍ മറ്റ് പല താരങ്ങള്‍ക്കും അതിന് സാധിക്കാതെ പോയി.

കോടികള്‍ മുടക്കി ടീമിലെത്തിച്ചിട്ടും ടീമിനായി ഒരു ഇംപാക്ടും ഉണ്ടാക്കാതെ പോയവരും ഏറെയാണ്. ഇതില്‍ എടുത്ത് പറയേണ്ടത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ പിക്കായ ബെന്‍ സ്റ്റോക്‌സിന്റെ പേരാണ്.

16 കോടി 25 ലക്ഷം രൂപക്കായിരുന്നു മിനി ലേലത്തിലൂടെ സ്റ്റോക്‌സിനെ സി.എസ്.കെ ടീമിലെത്തിച്ചത്. ധോണിയുടെ അവസാന സീസണാകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് ടീം സ്‌റ്റോക്‌സിനെ സ്വന്തമാക്കിയത്. ധോണിക്ക് ശേഷം ടീമിന്റെ ഭാവി ക്യാപ്റ്റനെന്ന് പോലും വിശേഷിപ്പിച്ച താരമായിരുന്നു സ്റ്റോക്‌സ്.

എന്നാല്‍ തന്റെ പേരിനും പെരുമക്കും ഒത്ത പ്രകടനം പുറത്തെടുക്കാന്‍ സ്റ്റോക്‌സിന് സാധിച്ചില്ല. സീസണില്‍ രണ്ട് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി പാഡ് കെട്ടിയെങ്കിലും ഒന്നില്‍പ്പോലും താളം കണ്ടെത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. രണ്ട് മത്സരത്തില്‍ നിന്നും 107.14 എന്ന സ്‌ട്രൈക്ക് റേറ്റിലും 7.50 എന്ന ശരാശരിയിലും 15 റണ്‍സ് മാത്രമാണ് സ്‌റ്റോക്‌സിന് നേടാന്‍ സാധിച്ചത്.

 

താരത്തിന് ഈ സീസണില്‍ ലഭിച്ച ഓക്ഷന്‍ പ്രൈസും നേടിയ റണ്‍സും കണക്കിലെടുക്കുമ്പോള്‍ താരത്തിന്റെ ഒരു റണ്‍സിന് 10,833,333 രൂപയാണ് വില! സ്റ്റോക്‌സിനെ പോലെ അനുഭവ സമ്പത്തുള്ള ഒരു താരത്തിന്റെ സാന്നിധ്യം ഡ്രസ്സിങ് റൂമില്‍ ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും സൂപ്പര്‍ കിങ്‌സ് കളത്തിലിറക്കാന്‍ വേണ്ടിയാണ് സ്റ്റോക്‌സിനെ ടീമിലെത്തിച്ചത് എന്ന കാര്യം പരിഗണിക്കുമ്പോള്‍ സീസണിലെ ഏറ്റവും മോശം പിക് സ്റ്റോക്‌സിയുടേത് തന്നെയാണ്.

സ്‌റ്റോക്‌സിന് പുറമെ ഓക്ഷന്‍ പ്രൈസിനോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ സാധിക്കാതെ പോയ പല താരങ്ങളുമുണ്ട്. സണ്‍റൈസേഴ്‌സ് 13.25 കോടി കൊടുത്ത് സ്വന്തമാക്കിയ ഹാരി ബ്രൂക്കും മുംബൈ ഇന്ത്യന്‍സ് 17.25 കോടി രൂപ നല്‍കി സ്വന്തമാക്കിയ കാമറൂണ്‍ ഗ്രീനും ഇക്കൂട്ടത്തില്‍പ്പെടുന്നവരാണ്.

 

സണ്‍റൈസേഴ്‌സിനായി ഒമ്പത് മത്സരം കളിച്ച ബ്രൂക്കാണ് സീസണിലെ ആദ്യ സെഞ്ച്വറി നേടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയ ബ്രൂക്ക് ശേഷിക്കുന്ന എട്ട് മത്സരത്തില്‍ നിന്നും സ്വന്തമാക്കിയത് വെറും 63 റണ്‍സാണ്. 20.38 എന്ന ശരാശരിയിലും 121.64 എന്ന സ്‌ട്രൈക്ക് റേറ്റിലും 163 റണ്‍സാണ് താരം നേടിയത്.

മുംബൈക്കായി 13 മത്സരം കളിച്ച ഗ്രീന്‍ രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 281 റണ്‍സാണ് നേടിയത്. ബൗളിങ്ങില്‍ 51.50 എന്ന ആവേറേജില്‍ 309 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് മാത്രമാണ് താരം നേടിയത്.

 

Content highlight: Worst picks of IPL 2023