ന്യൂദല്‍ഹി: ഈവര്‍ഷമാണ് ആദ്യമായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറിയത്. ക്രിക്കറ്റ് ലോകത്തിന് അതൊരു പുതുമ നിറഞ്ഞ കാര്യമാണ്. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയോടെയാണ് ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം.
ടെസ്റ്റ് ക്രിക്കറ്റിന്റെ റാങ്ക് പട്ടികയില്‍ ആദ്യ നാലു സ്ഥാനത്തുള്ളവര്‍ തമ്മില്‍ ഏറ്റുമുട്ടുകയും പിന്നീട് രണ്ട് ടീമുകള്‍ ഫൈനലിലേക്കു നീങ്ങുകയും ചെയ്യുന്ന സംവിധാനമാണുള്ളത്.
പുതിയ ടെസ്റ്റ് റാങ്കിങ് പുറത്തുവന്നു കഴിഞ്ഞപ്പോള്‍ ഇന്ത്യയാണ് ഏറ്റവും മുന്നില്‍. അതും രണ്ടാം സ്ഥാനത്തുള്ള ടീമിന്റെ പോയിന്റിനേക്കാള്‍ ഇരട്ടി പോയിന്റുമായി.
ഇന്ത്യക്കിപ്പോള്‍ 120 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിനും മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്കും 60 പോയിന്റ് വീതമാണുള്ളത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയതോടെയാണ് ഇന്ത്യ പട്ടികയില്‍ ഒന്നാമതെത്തിയത്. നിലവിലെ പോയിന്റ് സമ്പ്രദായം അനുസരിച്ച് രണ്ട് മത്സരങ്ങളുടെ പരമ്പര നേടിയാല്‍ 60 പോയിന്റുകളാണു ലഭിക്കുക.
ഈ പരമ്പര ജയിച്ചതോടെയാണ് 60-ല്‍ നിന്ന് ഇന്ത്യ 120-ലെത്തിയത്. ആഷസ് പരമ്പര അവസാനിച്ചിട്ടില്ലാത്തതിനാല്‍ ഓരോ മത്സരം വീതം ജയിച്ച ഓസീസിനും ഇംഗ്ലണ്ടിനും 32 പോയിന്റ് വീതമാണുള്ളത്.
ഈവര്‍ഷം ഓഗസ്റ്റ് ഒന്നിനാരംഭിച്ച ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021-ലാണ് അവസാനിക്കുക. ലോര്‍ഡ്‌സില്‍ 2021-ലാണ് ഫൈനല്‍ നടക്കുക.
ടെസ്റ്റ് കളിക്കുന്ന 12 ടീമുകളില്‍ ഒമ്പത് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്നത്. ബംഗ്ലാദേശും ചാമ്പ്യന്‍ഷിപ്പിലുണ്ട്.
വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റും ജയിച്ചതോടെ 28 ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ച് റെക്കോഡിടാനും വിരാട് കോഹ്‌ലിക്കായിരുന്നു. ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നേടുന്ന ഏറ്റവുമധികം വിജയമാണിത്.
രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം 468 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസ് കേവലം 59.5 ഓവറില്‍ 210 റണ്‍സിന് ഓള്‍ഔട്ടായി. 257 റണ്‍സിന്റെ കൂറ്റന്‍ വിജയം ഇന്ത്യക്ക്.
നേരത്തേ നടന്ന മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയും വിന്‍ഡീസില്‍ നിന്ന് കോഹ്‌ലിയും സംഘവും തൂത്തുവാരിയിരുന്നു. മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 2-0-ത്തിനായിരുന്നു ഇന്ത്യയുടെ ജയം. ഒരു ഏകദിനം മഴയില്‍ കുതിര്‍ന്നിരുന്നു.