Advertisement
COVID-19
'ഇത് അപകടകരം'; ട്രംപിനെതിരെ വിമര്‍ശനവുമായി ബില്‍ ഗേറ്റ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 15, 03:56 pm
Wednesday, 15th April 2020, 9:26 pm

ലോകാരോഗ്യ സംഘടനയ്ക്കുളള ഫണ്ടിംഗ് നിര്‍ത്തിവെക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ട്രംപിന്റെ നീക്കം അപകടകരമാണെന്നും ഇപ്പോഴാണ് ലോകാരോഗ്യ സംഘടനയെ ലോകത്തിന് ഏറ്റവുമധികം ആവശ്യമെന്നുമാണ് ബില്‍ ഗേറ്റ്‌സ് പ്രതികരിച്ചത്.

‘ ആഗോള ആരോഗ്യ പ്രതിസന്ധിക്കിടെ ലോകാരോഗ്യ സംഘടനയക്കുള്ള ഫണ്ടിംഗ് നിര്‍ത്തിവെക്കുന്നത് അപകടകരമാണ്. കൊവിഡ്-19 വ്യാപനം കുറക്കുകയാണ് അവരുടെ ജോലി. ഈ പ്രവൃത്തി നിലച്ചാല്‍ മറ്റൊരു സംഘടനയ്ക്കും ഈ സ്ഥാനത്തേക്ക് പകരം വെക്കാനാവില്ല. ലോകത്തിന് ലോകാരോഗ്യ സംഘടനയെ എന്നത്തേക്കാളും ആവശ്യമാണിപ്പോള്‍,’ ബില്‍ ഗേറ്റ്‌സ് ട്വീറ്റ് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യസംഘടനയ്ക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്ന കാര്യം അറിയിച്ചത്. ലോകാരോഗ്യസംഘടന ചൈനയ്ക്കൊപ്പം നില്‍ക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

നേരത്തെയും ലോകാരോഗ്യ സംഘടന ചൈനീസ് കേന്ദ്രീകൃതമാണെന്നും ഫണ്ടിംഗ് നിര്‍ത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. 2019 ല്‍ 400 മില്യണ്‍ ഡോളറാണ് അമേരിക്ക ഈ സംഘടനയ്ക്ക് നല്‍കിയത്. ഇതേ വര്‍ഷം 44 മില്യണ്‍ ഡോളറാണ് ചൈന ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയത്. അമേരിക്കയുടെ ധനസഹായം ഇല്ലാതാവുന്നത് ലോകാരോഗ്യ സംഘടനയെ കാര്യമായി ബാധിക്കും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ