Opinion
നെയ്യാറ്റിന്‍കര സമാധി: ഒരു പൗരന്റെ ജീവന് ആഭ്യന്തര വകുപ്പ് മറുപടി പറയണം
ഡോ. ആസാദ്
4 days ago
Tuesday, 14th January 2025, 9:11 pm
കേരളത്തിലെ ഭരണക്കാരേ, നിങ്ങള്‍ ജനാധിപത്യ യുഗത്തിലെ സര്‍ക്കാരാണോ എന്ന് ജനങ്ങള്‍ക്ക് സംശയമായിരിക്കുന്നു. നിങ്ങളുടെ നവോത്ഥാന ഗീര്‍വാണങ്ങള്‍ വെറും കപടമാണെന്ന് പുറത്തറിയുന്നു. നീതി നല്‍കേണ്ടവര്‍ റിവൈവലിസ്റ്റ് ഭ്രാന്തരുടെ തടവുകാരാവുന്നത് ഭരണഘടനയെ അവഹേളിക്കലാണ്. ജനാധിപത്യ മൂല്യങ്ങള്‍ക്ക് പുറം തിരിയലാണ്.

രാള്‍ ജീവനോടെയോ അല്ലാതെയോ കുഴിച്ചുമൂടപ്പെട്ടിട്ട് ദിവസങ്ങളായി. കുടീരമൊന്ന് തുറന്നു നോക്കി അകത്തടയ്ക്കപ്പെട്ട ആള്‍ക്ക് ജീവനുണ്ടോ എന്ന് ഉറപ്പിക്കാന്‍ നമ്മുടെ ആഭ്യന്തര വകുപ്പിന് പ്രാപ്തിയില്ല.

ജീവനോടെയാണ് കുഴിയിലടച്ചതെങ്കില്‍, വായുസഞ്ചാരമില്ലാത്ത അറയില്‍ അയാളുടെ ജീവന്‍ ദിവസങ്ങളോളം നിലനിന്നുവെങ്കില്‍ ആ ശവമാടം തുറക്കാന്‍ വൈകുന്ന ഓരോ നിമിഷവും അയാളെ അതിക്രൂരമായി കൊന്നുകൊണ്ടിരിക്കുകയാണ്. ആ വീട്ടുകാരുടെ കുറ്റത്തില്‍ ആഭ്യന്തര വകുപ്പും പങ്കുചേരുന്നു എന്നേ കരുതാനാവൂ.

 

ഗോപന്‍ എന്ന വയോധികന്‍ കൊല്ലപ്പെട്ടതാണോ ആത്മഹത്യ ചെയ്തതാണോ സ്വാഭാവിക മരണത്തിന് വിധേയപ്പെട്ടതാണോ എന്നൊക്കെയുള്ള ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം പറയണം. ഒരു മരണ സര്‍ട്ടിഫിക്കറ്റ് കൊടുക്കണമെങ്കില്‍ എന്തു നടന്നുവെന്ന് സര്‍ക്കാറിന് ബോധ്യം വേണം.

ഇനി ആ കല്ലറയില്‍ ഗോപന്‍ ഉണ്ടോ എന്ന കാര്യം എങ്ങനെ തീര്‍ച്ചപ്പെടുത്തും. ഗോപനെ കാണാനില്ല എന്ന പരാതി എങ്ങനെ തീര്‍പ്പാക്കും?

എന്താണ് സര്‍ക്കാര്‍ ഇങ്ങനെ അന്തംവിട്ടു നില്‍ക്കുന്നത്? കുറ്റവാളികള്‍ക്കും നിയമലംഘകര്‍ക്കും കീഴടങ്ങുന്നത് എന്തിനാണ്? മതേതര ജനാധിപത്യ ഭരണകൂടം ഒരു മനുഷ്യന്റെ ജീവന് പുല്ലുവില കല്‍പ്പിക്കാത്തത് എന്താണ്? നവോത്ഥാന സമിതി രൂപീകരിക്കുകയും അനാചാരങ്ങള്‍ക്കെതിരെ ഒച്ച വെക്കുകയും ചെയ്യുന്ന ഇടതുമുഖമുള്ള സര്‍ക്കാര്‍ ഇങ്ങനെ കപടവിശ്വാസങ്ങള്‍ക്കു മുന്നില്‍ മുട്ടു മടക്കുന്നത് എന്തുതരം പുരോഗമനമാണ്?

മനുഷ്യത്വം തൊട്ടു തീണ്ടാത്ത നിയമപാലനം, ഭരണഘടനാ മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന മനുസ്മൃതികാല നിയമപാലനമാവുകയാണ്. സതിയും സമാധിയുമൊക്കെ കേരളീയ ജീവിതത്തിന്റെ വര്‍ത്തമാനത്തെ ആയിരത്താണ്ടു പിറകിലേക്ക് തള്ളിയിടുകയാണ്. ലജ്ജിക്കാന്‍ പോലും ലജ്ജിക്കണം.

ആ സമാധി കുടീരം പൊളിച്ച് ഗോപന്‍ എന്ന പൗരനെ കണ്ടെത്തണം. ഗോപന് എന്താണ് സംഭവിച്ചതെന്ന് വെളിച്ചത്തു വരണം.

ഒരു രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഒരാളെയും അയാള്‍ കാലാഹരണപ്പെട്ട ഏത് മൂല്യവിചാരംകൊണ്ട് ന്യായീകരണം തീര്‍ത്താലും വെറുതെ വിട്ടുകൂടാ. ആരും നിയമത്തിനു മുകളിലല്ലെന്ന് ഉറപ്പു വരുത്തണം.

കേരളത്തിലെ ഭരണക്കാരേ, നിങ്ങള്‍ ജനാധിപത്യ യുഗത്തിലെ സര്‍ക്കാരാണോ എന്ന് ജനങ്ങള്‍ക്ക് സംശയമായിരിക്കുന്നു. നിങ്ങളുടെ നവോത്ഥാന ഗീര്‍വാണങ്ങള്‍ വെറും കപടമാണെന്ന് പുറത്തറിയുന്നു. നീതി നല്‍കേണ്ടവര്‍ റിവൈവലിസ്റ്റ് ഭ്രാന്തരുടെ തടവുകാരാവുന്നത് ഭരണഘടനയെ അവഹേളിക്കലാണ്. ജനാധിപത്യ മൂല്യങ്ങള്‍ക്ക് പുറം തിരിയലാണ്.

കേരളത്തിലെ പ്രതിപക്ഷമേ, ജനാധിപത്യ രാഷ്ട്രീയ സംഘടനകളേ, കേള്‍വി കേട്ട പൗരപ്രമുഖരേ, വിഖ്യാതരായ എഴുത്തുകാരേ, കലാകാരന്മാരേ, സാംസ്‌കാരിക പ്രവര്‍ത്തകരേ നിങ്ങളൊക്കെ എന്തു ചെയ്യുകയാണ്? നിങ്ങളുടെയൊക്കെ സാമാന്യബോധവും നീതിബോധവും പ്രതികരണ സന്നദ്ധതയും എവിടെയാണ് അടിയറവെച്ചത്? നിങ്ങളൊക്കെ ജീവിച്ചിരിക്കുന്നുണ്ടോ?

ഞങ്ങള്‍ ജനാധിപത്യ ബോധമുള്ള ജനങ്ങള്‍ നാണം കൊണ്ട് തല താഴ്ത്തുന്നു. പരാജയപ്പെട്ട ഒരു ഗവണ്‍മെന്റിന്റെ അഴുകിയ നാറ്റം മൂക്കു പൊത്തിക്കുന്നു.

 

Content Highlight: Azad Malayattil on shortcomings of the government in Neyyatinkara Samadhi

 

 

ഡോ. ആസാദ്
റിട്ടയേര്‍ഡ് കോളേജ് അധ്യാപകന്‍, എഴുത്തുകാരന്‍, സാംസ്കാരികപ്രവർത്തകന്‍