Advertisement
Entertainment
മമ്മൂട്ടിയുമൊത്ത് തുല്യ പ്രാധാന്യമുള്ള വേഷം ചെയ്യാൻ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല, എനിക്ക് ടെൻഷനായിരുന്നു: മണിരത്നം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 14, 01:55 pm
Tuesday, 14th January 2025, 7:25 pm

രജിനികാന്ത്- മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം സംവിധാനം ചെയ്ത് 1991ല്‍ റിലീസായ ചിത്രമാണ് ദളപതി. മഹാഭാരതകഥയിലെ കര്‍ണന്റെയും ദുര്യോധനനന്റെയും സൗഹൃദത്തെ പുതിയ കാലത്തിലേക്ക് പറിച്ചുനട്ട മണിരത്നം മാജിക്കായിരുന്നു ദളപതി. സൂര്യ എന്ന കഥാപാത്രമായി രജിനികാന്തും ദേവ എന്ന കഥാപാത്രമായി മമ്മൂട്ടിയും അണിനിരന്ന ചിത്രം അക്കാലത്തെ വന്‍ വിജയമായിരുന്നു. ചിത്രം ഈയിടെ റീറിലീസ് ചെയ്തിരുന്നു.

സിനിമയിലേക്ക് മമ്മൂട്ടിയും രജിനികാന്തും എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായാകൻ മണിരത്നം. കഥ എഴുതി കഴിഞ്ഞപ്പോൾ കർണന്റെ വേഷം രജിനികാന്ത് ചെയ്താൽ നന്നാവുമെന്ന് തോന്നിയതുകൊണ്ടാണ് അദ്ദേഹത്തെ കാണാൻ പോയതെന്നും കഥ കേട്ടയുടനെ അദ്ദേഹം ഓക്കെ പറഞ്ഞെന്നും മണിരത്നം പറയുന്നു.

മറ്റൊരു നായകന് തുല്യപ്രാധാന്യമുള്ള സിനിമയിൽ രജിനി മുമ്പ് അഭിനയിച്ചിട്ടില്ലെന്നും എന്നാൽ മമ്മൂട്ടിയുമൊത്ത് തുല്യപ്രാധാന്യമുള്ള വേഷം അഭിനയിക്കുന്നതിൽ അദ്ദേഹത്തിന് ഒട്ടും മടിയുണ്ടായിരുന്നില്ലെന്നും മണിരത്നം പറഞ്ഞു. രജിനി അന്നും സൂപ്പർസ്റ്റാർ ആയതിനാൽ തനിക്ക് വലിയ ടെൻഷൻ ഉണ്ടായിരുന്നുവെന്നും മണിരത്നം കൂട്ടിച്ചേർത്തു.

മമ്മൂട്ടിയുമൊത്ത് തുല്യപ്രാധാന്യമുള്ള വേഷം അഭിനയിക്കുന്നതിൽ രജിനിസാറിന് ഒട്ടും മടിയുണ്ടായിരുന്നില്ല
– മണിരത്നം

‘കർണന്റെ കഥ എഴുതിപൂർത്തിയാക്കിയപ്പോൾ ഇത് രജിനിസാർ ചെയ്‌താൽ ഗംഭീരമാകുമെന്ന ചിന്ത മനസിലുണ്ടായി. ഉടൻ തന്നെ അദ്ദേഹത്തെ കാണാൻ ചെന്നു. കഥ കേട്ടയുടൻ അദ്ദേഹം കൈ തന്നു. അങ്ങനെയാണ് ‘ദളപതി’ എന്ന പ്രൊജക്ടിന് ജീവൻ വെക്കുന്നത്. സിനിമയിൽ രജിനി സാറിന്റെ ‘സൂര്യ’ എന്ന കഥാപാത്രത്തിനോളം തന്നെ പ്രാധാന്യമുണ്ട് മമ്മൂട്ടി അവതരിപ്പിച്ച ‘ദേവ’ എന്ന കഥാപാത്രത്തിനും.

ഇതിന് മുമ്പൊരിക്കലും മറ്റൊരു നായകന് തുല്യപ്രാധാന്യമുള്ള സിനിമയിൽ രജിനി സാർ അഭിനയിച്ചിട്ടില്ല. പക്ഷേ ദളപതിയുടെ കാര്യത്തിൽ അദ്ദേഹത്തിന് ആശയക്കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. കർണൻ്റെ കഥ പറയുമ്പോൾ ദുര്യോധനന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഏതെങ്കിലും മികച്ച നടൻ ആ വേഷം ഭംഗിയാക്കിയാൽ മാത്രമേ കർണന് തിളങ്ങാൻ സാധിക്കൂ എന്നും അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാകണം.

അതുകൊണ്ട് തന്നെ മമ്മൂട്ടിയുമൊത്ത് തുല്യപ്രാധാന്യമുള്ള വേഷം അഭിനയിക്കുന്നതിൽ അദ്ദേഹത്തിന് ഒട്ടും മടിയുണ്ടായിരുന്നില്ല. രജിനി സാർ ഓക്കെ പറഞ്ഞതോടെ പ്രോജക്ട് ഓൺ ആയി. അതോടെ എന്റെ ടെൻഷനും തുടങ്ങി. ഇന്നത്തെ പോലെ തന്നെ അന്നും സൂപ്പർതാരപദവിയുടെ കൊടുമുടിയിലാണ് അദ്ദേഹം,’മണിരത്നം പറയുന്നു.

Content Highlight: Manirathnam About Casting Of Thalapathi Movie