Advertisement
Kerala News
കണ്ണൂരിൽ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റാൻ തീരുമാനിച്ചയാൾക്ക് ജീവൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
4 days ago
Tuesday, 14th January 2025, 8:42 pm

കണ്ണൂർ: മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റാൻ തീരുമാനിച്ച വ്യക്തിക്ക് ജീവന്റെ തുടിപ്പ്. കൂത്തുപറമ്പ് സ്വദേശി പവിത്രനെയാണ് മോർച്ചറിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

നിലവിൽ പവിത്രൻ കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിലെ ഗ്യാസ്‌ട്രോളി വിഭാഗത്തിന്റെ ഐ.സി.യുവിൽ ചികിത്സയിലാണ്. പവിത്രന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വിവരം.

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് അദ്ദേഹം മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിങ്കളാഴ്ച മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് ആംബുലൻസിൽ കൊണ്ടുവരുന്നതിനിടെ പവിത്രൻ മരണപ്പെട്ടുവെന്ന് കരുതുകയായിരുന്നു.

കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിലെ ജീവനക്കാരാണ് പവിത്രന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. പവിത്രന്റെ കൈ അനങ്ങുന്നത് പോലെ തോന്നിയെന്നും തുടർന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നുവെന്നും ആശുപത്രിയിലെ സെക്യൂരിറ്റി ഗാർഡ് ജയൻ പറഞ്ഞു.

പവിത്രന്റെ മരണവാർത്ത പത്രങ്ങളിൽ ഉൾപ്പെടെ വന്നിരുന്നു. ബന്ധുക്കൾ സംസ്കാര ചടങ്ങൾക്കുള്ള നീക്കങ്ങളും നടത്തിയിരുന്നു.

തിങ്കളാഴ്ച രാത്രി 11 മണിയോടെ വെന്റിലേറ്ററിലായിരുന്ന പവിത്രനെ മംഗലാപുരത്ത് നിന്ന് നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ശ്വാസം നിലക്കുകയായിരുന്നു.

വെന്റിലേറ്ററിൽ നിന്ന് മാറ്റിയാൽ അധികസമയം ജീവൻ നിലനിൽക്കില്ലെന്ന് ആശുപത്രി അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് എ.കെ.ജി സഹകരണ ആശുപത്രിയിലെ മോർച്ചറിയിലേക്ക് പവിത്രനെ മാറ്റാൻ തീരുമാനിച്ചത്.

Content Highlight: The man thought to be dead in Kannur and decided to move him to the mortuary came to life