നിരവധി രാജ്യങ്ങളില്‍ കൊവിഡ19് സമൂഹവ്യാപനത്തിലേക്ക് കടന്നപ്പോഴും ആയിരങ്ങള്‍ മരണപ്പെട്ടപ്പോഴും സ്വന്തം രാജ്യത്തെ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്താതെ രാജ്യത്തെ ജനതയ്ക്കു മുന്നില്‍ തെറ്റിദ്ധാരണ ഉളവാക്കുന്ന പ്രയോഗങ്ങളും വിവാദപരാമര്‍ശങ്ങളും നടത്തി ലോകശ്രദ്ധ നേടിയ നേതാക്കളുണ്ട്. ഇത്തരം വിവാദപരാമര്‍ശങ്ങള്‍ നടത്തിയവരില്‍ അമേരിക്കന്‍ പ്രസിഡണ്ടു മുതല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിവരെയുള്ളവര്‍ പെടും.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞ വിവാദ പരാമര്‍ശങ്ങളില്‍ നിന്നുതന്നെ തുടങ്ങാം
ഇതൊന്നും കാര്യമാക്കേണ്ടതില്ല എന്ന നയമാണ് ബോറിസ് ജോണ്‍സണ്‍ കൊവിഡ്19 വിഷയത്തില്‍ സ്വീകരിച്ചത്. മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ലോക്ക് ഡൗണ്‍, സാമൂഹിക അകലം പാലിക്കുക എന്നീ നിര്‍ദേശങ്ങളുമായി മുന്നോട്ട് പോയപ്പോഴും വ്യത്യസ്ത വഴിയില്‍ സഞ്ചരിക്കാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തീരുമാനിച്ചത്.
മിക്ക യൂറോപ്യന്‍ രാജ്യങ്ങളും സ്‌കൂളുകളും തൊഴില്‍ ഇടങ്ങളും അടയ്ക്കാന്‍ നിര്‍ദേശിച്ചപ്പോഴും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. മാര്‍ച്ച് 20 വരെ ബ്രിട്ടനില്‍ പബ്ബുകള്‍ പോലും തുറന്ന് പ്രവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എനിക്ക് പേടിയില്ല ഞാന്‍ കൊവിഡ് രോഗികള്‍ക്ക് ഷെയ്ക്ക് ഹാന്‍ഡ് കൊടുത്തുവെന്നും ബോറിസ് ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് തൊട്ട് പിന്നാലെ ജനങ്ങളോട് വീട്ടിലിരിക്കാന്‍ പറഞ്ഞ് ലോക്ക് ഡൗണ്‍ പ്രഖ്യപിക്കേണ്ടി വന്നു ഇദ്ദേഹത്തിന്. അവിടെയും തീര്‍ന്നില്ല കൊവിഡ് രോഗികള്‍ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കി ആത്മവിശ്വാസം പകര്‍ന്ന പ്രധാനമന്ത്രിയ്ക്ക് രോഗവും പിടിപെട്ടു.
ഇപ്പോള്‍ ബ്രിട്ടനിലില്‍ ചികിത്സയിലാണ് ബോറിസ്. പ്രതിരോധ മരുന്നുകളിലൂടെ കൊവിഡിന്റെ സമൂഹ വ്യാപനം തടയാനാകുമെന്ന ശാസ്ത്ര ഉപദേഷ്ഠാവിന്റെ വാക്കുകള്‍ കണ്ണുംപൂട്ടി വിശ്വസിച്ചതാണ് ബോറിസ് ജോണ്‍സണ് വിനയായെതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബോറിസ് ജോണ്‍സണിന്റെ കാര്യം ഇങ്ങനെയാണെങ്കില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കുപ്രസിദ്ധനായത് മറ്റൊരു രീതിയിലാണ്.
കൊവിഡ് വിഷയത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുത് എന്ന് കര്‍ശന നിര്‍ദേശം വിവിധ കോണുകളില്‍ നിന്ന് ഉയരുമ്പോഴും അമേരിക്കന്‍ പ്രസിഡന്റ് കൊവിഡുമായി ബന്ധപ്പെട്ട് നടത്തിയ വ്യാജ വാര്‍ത്തകള്‍ അക്കമിട്ട് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സി.എന്‍.എന്‍ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് മാസത്തിലെ ആദ്യ രണ്ട് ആഴ്ച്ചകളില്‍ മാത്രം 33 തെറ്റായ അവകാശവാദങ്ങളാണ് ട്രംപ് നടത്തിയത്. കണ്‍മുന്നില്‍ കാണുന്ന ദുരന്തങ്ങളെല്ലാം കണ്ടിട്ടും ട്രംപിന് ഒന്നും മനസിലായില്ലെന്ന് അദ്ദേഹത്തെ പരിഹസിച്ച് നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
എല്ലാത്തിലും മുന്നിലെന്ന അമേരിക്കയുടെ അവകാശവാദത്തെ ഊട്ടിയുറപ്പിക്കുന്ന പ്രസ്താവനയുമായി കൊവിഡ് വിഷയത്തിലും ട്രംപ് രംഗത്ത് എത്തിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 ടെസ്റ്റുകള്‍ നടത്തിയത് തങ്ങളാണ് എന്ന് അവകാശപ്പെട്ടായിരുന്നു ട്രംപ് രംഗത്ത് എത്തിയത്. സൗത്ത് കൊറിയ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് ട്രംപിന്റെ ഞാന്‍ ഫസ്റ്റ് പ്രസ്താവനയും പുറത്ത് വന്നത്.
അമേരിക്കന്‍ ജനതയേയും ട്രംപ് ടെസ്റ്റിങ്ങിന്റെ കാര്യത്തില്‍ പറ്റിച്ചു. ആര്‍ക്കൊക്കെ ടെസ്റ്റുവേണോ അവര്‍ക്കൊക്കെ പോയി ടെസ്റ്റ് നടത്താം എന്നായിരുന്നു ട്രംപ് പറഞ്ഞത്. അമേരിക്കയില്‍ ടെസ്റ്റിങ്ങ് കിറ്റുകളുടെ ലഭ്യതയെക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ട്രംപ് ഇത്തരമൊരു പ്രസ്താവനയുമായി രംഗത്ത് എത്തിയത്. പക്ഷേ വാസ്തവമെന്താണ്. അമേരിക്കയില്‍ ഒരു വ്യക്തിക്ക് ട്രംപ് പറഞ്ഞത് പോലെ തോന്നുമ്പോള്‍ പോയി ടെസ്റ്റ് നടത്താന്‍ സാധിക്കില്ല. ഇതിന് ടെസ്റ്റ് റെക്കമന്‍ഡ് ചെയ്തുകൊണ്ടുള്ള ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
കൊവിഡ് ഭീഷണി തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പകരം മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള വ്യഗ്രതിയിലായിരുന്നു ട്രംപ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട വാക്‌സിന്‍ പരീക്ഷണം ആദ്യ ഘട്ടത്തില്‍ എത്തുന്നതിന് മുന്‍പേ തങ്ങളിതാ വാക്‌സിനുമായി വരാന്‍ പോകുകയാണ് എന്ന പ്രസ്താവനയും ട്രംപ് നടത്തി.
ഇനി ബ്രസീലിയന്‍ പ്രസിഡണ്ട് ജയര്‍ ബോള്‍സനാരോയുടെ കാര്യത്തിലേക്ക് വരാം
കൊവിഡ് 19 പ്രതിരോധിക്കുന്നതില്‍ ബ്രസീലിയന്‍ വലതുപക്ഷ ഭരണകൂടം പരാജയപ്പെട്ടതിന്റെ ഭാഗമായാണ് അവിടുത്തെ ജനങ്ങള്‍ പാത്രം കൊട്ടി പ്രതിഷേധിച്ചത്. പിന്നീട് ഈ മാതൃക നമ്മുടെ പ്രധാനമന്ത്രി ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാനും ഉപയോഗിച്ചു.
കൊവിഡ് 19ന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ചും വൈറസ് വ്യാപനത്തെക്കുറിച്ച് ശ്രദ്ധ ചെലുത്തേണ്ട ആവശ്യകതയെക്കുറിച്ചും ജനങ്ങളോട് സംവദിച്ച പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും നേരെ കടുത്ത വിമര്‍ശനം ഉന്നയിച്ചാണ് ബ്രസീലിയന്‍ പ്രസിഡന്റ് രംഗത്ത് എത്തിയത്. വൈറസ് ഒരു മീഡിയ ട്രിക്ക് മാത്രമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
റിയോഡി ജനീറോയിലും സാവോ പോളോവിലും ജനങ്ങളോട് വീട്ടിലിരിക്കാന്‍ പറഞ്ഞ ഗവര്‍ണര്‍മാര്‍ക്കെതിരെ നിശിത വിമര്‍ശനവുമായും ഇദ്ദേഹം രംഗത്തെത്തി. സാമൂഹിക അകലം എല്ലാവരും പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയെങ്കിലും തന്റെ അനുയായികളായ മുന്നൂറില്‍ പരം ആളുകളോടൊപ്പം നിന്ന് സെല്‍ഫിയെടുത്തും ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയുമാണ് അദ്ദേഹം ഈ നിര്‍ദേശം പാലിച്ചത്. താന്‍ ഒരു അത്‌ലറ്റ് ആയതുകൊണ്ട് തനിക്ക് കൊവിഡ് വരില്ലെന്നും ബോള്‍സനാരോ പറഞ്ഞു.
കൊവിഡ് ബാധിക്കുന്നതിന് മുമ്പുവരെ ഇറ്റലിയിലെ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്സ്മാന്‍ കൊവിഡിനെപ്പറ്റി പറഞ്ഞതിങ്ങനെയാണ്.
കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കാത്തതിനാല്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണ് ഇസ്രഈല്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്സ്മാന്‍. സ്വവര്‍ഗ ലൈംഗികതക്കെതിരെ ലഭിച്ച ശിക്ഷയാണ് കൊറോണ വൈറസ് എന്ന് ഇദ്ദേഹം അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ മാസമാണ് കൊറോണ വൈറസിന്റെ വ്യാപനം സ്വവര്‍ഗ ലൈംഗികതക്കെതിരെയുള്ള ദൈവികമായ ശിക്ഷയാണെന്ന് ലിറ്റ്സ്മാന്‍ പറഞ്ഞത്. അതിനുശേഷം അദ്ദേഹത്തിന് കൊവിഡ് പിടിപെടുകയായിരുന്നു.
ആരോഗ്യ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇസ്രഈല്‍ ദേശീയ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദ് ചീഫ് യോസി കോഹനും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഉള്‍പ്പെടെ മുന്‍നിര ഇസ്രഈല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം ക്വാരന്റീനിലായി.
ഇതിലൊന്നും തീരുന്നതല്ല കൊവിഡ് 19നുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനകള്‍. ദേശീയമായും പ്രാദേശികമായും നിരവധി പ്രസ്താവനകളാണ് കൊവിഡ് 19 പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രമുഖ നേതാക്കള്‍ ഇതുവരെ പറഞ്ഞത്. ദീര്‍ഘവീക്ഷണമുള്ള നേതാക്കളുടെ ഇടപെടലിനും ലോകം ഈ ഘട്ടത്തില്‍ സാക്ഷ്യം വഹിച്ചിരുന്നു.