ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ച സ്ഥലമായ ബീഹാറിലെ ബോധ്ഗയ. ബോധ്ഗയയിലേക്കും നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍. തങ്ങളുടെ വിശുദ്ധ കേന്ദ്രമായ ബോധ്ഗയയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന വിശ്വഹിന്ദു പരിഷത്തിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും നീക്കത്തിനെതിരെ പ്രതിഷേധിക്കുന്ന ബുദ്ധ സന്യാസിമാര്‍. ഇതാണ് സമീപകാല ഇന്ത്യയില്‍ നിന്നുള്ള പുതിയ വാര്‍ത്ത.
സമീപ വര്‍ഷങ്ങളില്‍ ഹിന്ദുസന്യാസിമാരുടെ സ്വാധീനം ബോധ്ഗയയില്‍ വര്‍ധിച്ചുവരികയും ബുദ്ധമത ആചാരങ്ങള്‍ക്ക് പകരം ഹിന്ദു ആചാരങ്ങള്‍ കൂടുതലായി അനുഷ്ഠിക്കുകയും ചെയ്യുന്ന പ്രവണതയാണ് ബോധ്ഗയയില്‍ നടക്കുന്നത്. ബുദ്ധമതങ്ങളിലെ ആചാരങ്ങളെക്കാള്‍ ബോധ്ഗയയില്‍ നിലവില്‍ പ്രാധാന്യം ലഭിക്കുന്നത് ഹിന്ദു മത ആചാരങ്ങള്‍ക്കാണെന്നാണ് പ്രതിഷേധിക്കുന്ന ബുദ്ധസന്യാസിമാര്‍ പറയുന്നത്. ഇതിനെതിരെ പ്രതിഷേധിക്കുന്ന സന്യാസിമാര്‍, തങ്ങള്‍ക്ക് മാത്രമായി ബോധ്ഗയയുടെ പൂര്‍ണനിയന്ത്രണം നല്‍കണമെന്നും ആവശ്യപ്പെടുന്നു.
1949ന് മുമ്പേ ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ തര്‍ക്കം നിലനിന്നിരുന്നു. പിന്നാലെയാണ് സ്വാതന്ത്ര്യാനന്തരം ഡോ.രാജേന്ദ്രപ്രസാജിന്റെ അധ്യക്ഷതയില്‍ ബോധ്ഗയയുടെ നടത്തിപ്പിനായി ഹിന്ദുക്കളും ബുദ്ധമതക്കാരും തമ്മില്‍ അധികാര പങ്കിടുന്ന രീതിയില്‍ ഒരു നിയമം പാസാക്കിയത്.
1949ലെ ഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പങ്കാളിത്തം നല്‍കുന്ന നിയമമനുസരിച്ച് കഴിഞ്ഞ 76 വര്‍ഷങ്ങളായി നാല് ഹിന്ദുക്കളും നാല് ബുദ്ധമതക്കാരും അടങ്ങുന്ന എട്ടംഗ കമ്മിറ്റിയാണ് ബോധ്ഗയയെ നിയന്ത്രിക്കുന്നത്. എന്നാല്‍ നിലവില്‍ കമ്മിറ്റിയില്‍ അംഗത്വം ഉണ്ടെങ്കില്‍ കൂടിയും ബോധ്ഗയയുടെ ആചാര അനുഷ്ഠാനങ്ങളുടെ നടത്തിപ്പില്‍ ബുദ്ധര്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല. ഈ നിയമം നീക്കം ചെയ്യണമെന്നാണ് ബുദ്ധസന്യാസിമാരുടെ ആവശ്യം.
നിയമത്തിനെതിരെ സമീപ വര്‍ഷങ്ങളിലായി അധികൃതരെ നിരന്തരമായി സമീപിച്ചുകൊണ്ടിരിക്കുകയാണ് ബുദ്ധസന്യാസിമാര്‍. നിയമപരമായും നിരത്തിലിറങ്ങിയുമെല്ലാം അവര്‍ മുന്നോട്ട് പോയി. സുപ്രീം കോടതിയെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും സമീപിച്ചു. 2012ലാണ് സുപ്രീം കോടതിയെ സന്യാസിമാര്‍ സമീപിക്കുന്നത്. 13 വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നാണ് സന്യാസിമാര്‍ പറയുന്നത്.
പിന്നീട് സമീപമാസങ്ങളില്‍ സന്യാസിമാര്‍ വീണ്ടും സംസ്ഥാനത്തിനും കേന്ദ്രത്തിനുമടക്കം മെമ്മോറാണ്ടങ്ങള്‍ സമര്‍പ്പിച്ചു. തെരുവുകളില്‍ റാലി നടത്തി. ബോധ്ഗയയുടെ പരിസരത്ത് 14 ദിവസങ്ങളോളം നിരാഹാരം സമരമിരുന്നു. 14 ദിവസം നിരാഹാരമിരുന്ന സന്യാസിമാരെ ഫെബ്രുവരി 27ന് അര്‍ധരാത്രിയെത്തിയ പൊലീസ് ബോധ്ഗയയ്ക്ക് പുറത്താക്കി. പിന്നാലെ പ്രതിഷേധം ശക്തമാവുകയായിരുന്നു.
പ്രതിഷേധത്തില്‍ പങ്കെടുക്കാനായി വടക്കന്‍ ലഡാക്ക്, മുംബൈ, മൈസൂര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ബുദ്ധമത വിശ്വാസികള്‍ ബോധ്ഗയയിലേക്ക് എത്തുകയാണിപ്പോള്‍.
അതേസമയം ബോധ്ഗയയ്ക്കുള്ളിലുള്ള ഹിന്ദു ആശ്രമം നൂറ്റാണ്ടുകളായി ക്ഷേത്രത്തില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും നിയമം തങ്ങളുടെ പക്ഷത്താണെന്നുമാണ് ഹിന്ദുമതക്കാരുടെ വാദം.
ബുദ്ധഭഗവാന്‍ ഹിന്ദുമതവിശ്വാസ പ്രകാരം വിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായാണ് കാണുന്നതെന്നും വര്‍ഷങ്ങളായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വരുന്ന ബുദ്ധമതക്കാരെ മികച്ച ആതിഥേത്വത്തോടെ സ്വീകരിച്ചിട്ടുണ്ടെന്നും ഹിന്ദു സന്യാസിമാര്‍ വാദിക്കുന്നു.
നിയമം റദ്ദാക്കിയാല്‍ ബോധ്ഗയ ഹിന്ദുക്കള്‍ക്ക് മാത്രമായി മാറുമെന്നും കമ്മറ്റിയില്‍ നാല് ബുദ്ധമതക്കാരെ ഉള്‍പ്പെടുത്തുന്നതിന് ഹിന്ദുമതത്തിന്റെ ഉദാരതയുണ്ടായിരുന്നുവെന്നും ഹിന്ദു സന്യാസി സ്വാമി വിവേകാന്ദന്‍ ഗിരി പറയുന്നത്.
എന്നാല്‍ ബുദ്ധന്‍ വേദ ആചാരങ്ങളെ എതിര്‍ത്തിരുന്നുവെന്നും ഇന്ത്യയിലെ എല്ലാ മതങ്ങളും അവരുടെ ആരാധനാലയങ്ങള്‍ പരിപാലിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുമ്പോള്‍ പിന്നെന്ത് കൊണ്ടാണ് ബോധ്ഗയയുടെ കമ്മറ്റിയില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടുന്നതെന്നാണ് ബുദ്ധ സന്യാസിമാര്‍ ചോദിക്കുന്നത്.
എന്നാല്‍ ബോധ്ഗയയില്‍ ഒരു ശിവലിംഗം ഉണ്ടെന്നാണ് വി.എച്ച്.പിയുടെ അവകാശവാദം. ബുദ്ധമതക്കാര്‍ അത്തരം അവകാശവാദങ്ങളെ നിരസിക്കുകയും വി.എച്ച്.പി ശിവലിംഗമായി കാണുന്നത് യഥാര്‍ത്ഥത്തില്‍ തകര്‍ന്ന പീഠമാണെന്ന് പറയുകയും ചെയ്യുന്നു. ശിവലിംഗത്തിന് തെളിവുകളില്ലെന്നും, അവകാശപ്പെടുന്ന വസ്തുവിന് ശരിയായ ശിവലിംഗത്തിന്റെ സവിശേഷതകളൊന്നും ഇല്ലെന്നും അന്തരിച്ച ഗവേഷകനും പുരാതന ഇന്ത്യന്‍ ചരിത്ര പ്രൊഫസറുമായ പി.സി റോയിയും വാദിച്ചിരുന്നു.
വി.എച്ച്.പിയുടെ അവകാശവാദം മുഖവിലയ്ക്കെടുക്കണമെങ്കില്‍, ഹിന്ദു ക്ഷേത്രങ്ങള്‍, പ്രത്യേകിച്ച് ബുദ്ധക്ഷേത്രത്തിന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന വിഷ്ണുപാദ് ക്ഷേത്രം, കൈകാര്യം ചെയ്യാന്‍ ബുദ്ധമതക്കാരെയും അനുവദിക്കണമെന്നും വി.എച്ച്.പിയോട് ബുദ്ധസന്യാസികള്‍ പറയുന്നു.
രാജ്യത്തെ ഏറ്റവും ചെറിയ മതന്യൂനപക്ഷങ്ങളിലൊന്നായ ബുദ്ധമതക്കാര്‍ കൂടി തങ്ങളുടെ ആരാധാലയാവകാശം സംരക്ഷിക്കാനായി പോരാട്ടത്തിലേര്‍പ്പെടുന്നതായാണ് ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlight: This is not a temple, it is the place where Buddha attained enlightenment; Buddhist monks against VHP
