ആധുനിക ക്രിക്കറ്റിലെ അധികായന്മാരാണ് ഓസ്ട്രേലിയ. 1987, 1999, 2003, 2007, 2015 എഡിഷനുകള്‍ ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീം ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ലോകകിരീടം നേടിയ രാജ്യമാണ്.
2023ലെ എഡിഷനില്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരായ തങ്ങളുടെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരിക്കുകയാണിപ്പോള്‍ ഓസീസ്. 1999 മുതലുള്ള എല്ലാ ലോകകപ്പിലും ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ചരിത്രമുള്ള ഓസ്‌ട്രേലിയക്ക് ഞായറാഴ്ചത്തെ തോല്‍വി വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.
Australia in the first match of the World Cup from 1999:
1999 – Won
2003 – Won
2007 – Won
2011 – Won
2015 – Won
2019 – Won2023 – Lost to India. pic.twitter.com/y7FnkBymvb
— Johns. (@CricCrazyJohns) October 8, 2023
ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ വലിയ പാരമ്പര്യമുള്ള കങ്കാരുപ്പട 1999, 2003, 2007 വര്‍ഷങ്ങളില്‍ ഹാട്രിക്ക് ലോകകിരീടം നേടിയിരുന്നു. ഈ ടീമാണിപ്പോള്‍ 24 വര്‍ഷത്തിന് ശേഷം ആദ്യമായി തങ്ങളുടെ ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ പരാജയപ്പെട്ടിരിക്കുന്നത്.
ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ചത്. രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ കൂപ്പുകുത്തിയ ഇന്ത്യ വിരാട് കോഹ്ലിയും കെ.എല്‍. രാഹുലും ചേര്‍ന്ന് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരുടെയും അപരാജിത ചെറുത്ത് നില്‍പാണ് ഇന്ത്യക്ക് തുണയായത്.
നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുര്‍ത്തിയ 165 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് തുണയായത്. ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.
115 പന്തില്‍ നിന്നും രാഹുല്‍ പുറത്താകാതെ 97 റണ്‍സ് നേടിയപ്പോള്‍ എട്ട് പന്തില്‍ നിന്നും 11 റണ്‍സായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം. കെ.എല്‍. രാഹുലാണ് മത്സരത്തിലെ താരം.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 49.3 ഓവറില്‍ 199ന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യന്‍ സ്പിന്നേഴ്സിന്റെ മികച്ച പ്രകടനമാണ് ശക്തരായ ഓസീസ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ 10 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവും ബുംറയും രണ്ട് വീതവും അശ്വിന്‍, ഹര്‍ദിക് പാണ്ഡ്യ, സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlight: World cup cricket, Aussies lost a record that had stood for 24 years