തിരുവല്ല: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെയാണ് യോഗം സംഘര്‍ഷത്തില്‍ കലാശിച്ചത്.
തിരുവല്ല ടൗണ്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
മണ്ഡലം കമ്മിറ്റി കഴിഞ്ഞദിവസം പിരിച്ചുവിട്ടിരുന്നു. തിരുവല്ല ടൗണ്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിലവിലുള്ള മണ്ഡലം പ്രസിഡന്റായിരുന്ന രതീഷിനെ മാറ്റി ഗിരീഷ് എന്നയാളെ പുതിയ പ്രസിഡന്റായി നിയമിച്ചിരുന്നു.
പുതിയ പ്രസിഡന്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ബന്ധമോ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പരിചയമോ ഇല്ലാത്ത ആളാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. തിരുവല്ല ടൗണ്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയില്‍ നിന്നുള്ള ആളുകള്‍ തന്നെയായിരുന്നു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ആക്ഷേപം ഉന്നയിച്ചത്.
ഇതിനെത്തുടര്‍ന്നുള്ള പ്രവര്‍ത്തകരുടെ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പഴയ മണ്ഡലം പ്രസിഡന്റിനെയും പുതിയ പ്രസിഡന്റിനെയും പിന്തുണക്കുന്നവര്‍ രണ്ട് വിഭാഗമായി ചേരിതിരിഞ്ഞ് പരസ്പരം ആക്രമിക്കുകയായിരുന്നു.
തിരുവല്ല വൈ.എം.സി.എ ഹാളില്‍ വെച്ചായിരുന്നു യോഗം നടന്നത്. പ്രവര്‍ത്തകര്‍ പരസ്പരം കസേരയടക്കം ഉപയോഗിച്ച് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പുതിയ മണ്ഡലം കമ്മിറ്റി രൂപീകരിച്ച ശേഷം അതിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തിയ ശേഷം മാത്രമേ പ്രസിഡന്റിനെ മാറ്റുകയോ പ്രതിഷേധക്കാരുടെ ആക്ഷേപം പരിഹരിക്കുകയോ ചെയ്യൂ എന്നാണ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ പറഞ്ഞത്.
നേരത്തെ കോണ്‍ഗ്രസിന്റെ ഭാവി പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള പൊളിറ്റിക്കല്‍ കണ്‍വെന്‍ഷനിടെ ഉറങ്ങിയ നേതാക്കളെ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ശാസിച്ചിരുന്നു.
കെ റെയിലിനെതിരായ സമരം ചര്‍ച്ച ചെയ്യാനായി എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഡി.സി.സി. പ്രസിഡന്റുമാരടക്കമുള്ളവരെ ഉള്‍പ്പെടുത്തി നടത്തിയ പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തിലാണ് നേതാക്കള്‍ ഉറങ്ങിയത്.
മാധ്യമങ്ങളെ ഒഴിവാക്കിനിര്‍ത്തിയായിരുന്നു യോഗം നടന്നത്. ഉറങ്ങിയ നേതാക്കളില്‍ ചിലരെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും, ചിലരോട് മുഖം കഴുകി വരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
നാലു ജില്ലകളില്‍ നിന്നുളള കെ.പി.സി.സി.-ഡി.സി.സി ഭാരവാഹികളും എം.പി.മാരും എം.എല്‍.എ.മാരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.