ഹരിയാന: പാനിപട്ടിലെ ബദൗലി ഗ്രാമത്തിലേക്ക് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ഷക സമരനേതാവ് രാകേഷ് ടികായത്. ഗ്രാമത്തിലെ ഐക്യം തര്‍ക്കാനാണ് ഖട്ടര്‍ വരുന്നതെന്നും അംബേദ്കര്‍ പ്രതിമ അനാച്ഛാദനം എന്ന പരിപാടി വെറും മറ മാത്രമാണെന്നും രാകേഷ് ടികായത് പറഞ്ഞു.
അംബേദ്കറിന്റെ ജന്മദിനമായ ഏപ്രില്‍ 14നാണ് ബദൗലിയിലെത്തി പ്രതിമ അനാച്ഛാദനം ചെയ്യുമെന്ന് ഖട്ടര്‍ അറിയിച്ചിരുന്നത്. ഈ പരിപാടിയ്‌ക്കെതിരെയാണ് ഇപ്പോള്‍ രാകേഷ് ടികായത് രംഗത്തെത്തിയിരിക്കുന്നത്.
‘അദ്ദേഹത്തെ ഗ്രാമത്തില്‍ പ്രവേശിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. വേറെ ആര്‍ക്കെങ്കിലും പ്രതിമ അനാച്ഛദനം ചെയ്യണമെങ്കില്‍ അതിന് ഞങ്ങള്‍ സമ്മതിക്കാം,’ രാകേഷ് ടികായത് മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങള്‍ ബാബാ സാഹേബിന്റെ പ്രതിമയ്‌ക്കെതിരല്ല, പക്ഷെ ഖട്ടറിനെതിരാണ്. ഞങ്ങളുടെ പ്രതിഷേധസമരം തുടരുന്ന കാലത്തോളം ഹരിയാന മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിയ്ക്കും എതിരെ തന്നെയായിരിക്കും തങ്ങളുടെ നിലപാടെന്ന് കിസാന്‍ സംയുക്ത മോര്‍ച്ച തീരുമാനിച്ചതാണെന്നും ടികായത് പറഞ്ഞു.
‘അദ്ദേഹം ഇവിടെ പ്രതിമ അനാച്ഛദനം ചെയ്യാനൊന്നുമല്ല വരുന്നത്. ആളുകളുടെ ഇടയിലുള്ള ഐക്യം തകര്‍ക്കാനാണ്. ഖാപ് പഞ്ചായത്തിന്റെ സഹകരണത്തോടെ അദ്ദേഹം ഗ്രാമത്തില്‍ പ്രവേശിക്കുന്നത് ഞങ്ങള്‍ തടയും,’ ടികായത് അറിയിച്ചു.
കേന്ദ്രത്തിന്റെ പുതിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നൂറ് കണക്കിന് കര്‍ഷകര്‍ ദല്‍ഹി അതിര്‍ത്തിയില്‍ സമരത്തിലാണ്. സെപ്റ്റംബര്‍ മുതലാണ് സമരം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും നിയമം പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് അറിയച്ചതോടെ കര്‍ഷകര്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക