സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് നടത്തിക്കാനുള്ള മതനേതൃത്വത്തിന്റെ നീക്കം: വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി
Kerala News
സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് നടത്തിക്കാനുള്ള മതനേതൃത്വത്തിന്റെ നീക്കം: വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th May 2022, 4:03 pm

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ അപമാനിച്ച സംഭവത്തില്‍ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന സമസ്ത നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം തീര്‍ത്തും അപലപനീയമാണെന്ന് പി. സതീദേവി പറഞ്ഞു.

പുരസ്‌കാരം സ്വീകരിക്കാന്‍ പെണ്‍കുട്ടിക്ക് വിലക്ക് കല്‍പ്പിക്കുന്ന മതനേതൃത്വത്തിന്റെ നീക്കം ഒരു പരിഷ്‌കൃത സമൂഹത്തിന് തീര്‍ത്തും യോജിച്ചതല്ലെന്നും സതീദേവി പറഞ്ഞു.


സ്ത്രീസാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെയാണ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു പുരസ്‌കാരം സ്വീകരിക്കാന്‍ പെണ്‍കുട്ടിക്ക് വിലക്ക് കല്‍പ്പിക്കുന്ന തരത്തില്‍ മതനേതൃത്വം ഇടപെടുന്നത്. സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പിന്തിരിഞ്ഞു നടത്തിക്കാനുള്ള മതനേതൃത്വത്തിന്റെ നീക്കമായേ ഇതിനെ കാണാനാവു. ഇത്തരം നീക്കങ്ങള്‍ക്ക് എതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ  പറഞ്ഞു.

മദ്‌റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്ലസ് ലിയാരെ പ്രകോപിപ്പിച്ചത്. ‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെണ്‍കുട്ടിയാണെങ്കില്‍ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,’ എന്നാണ് അബ്ദുള്ള മുസ് ലിയാര്‍ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനങ്ങളും ശക്തമായിരുന്നു.

 

Content Highlights: Women’s Commission chairperson p sathidevi on  mt abdulla musliyar issue