മറ്റ് രാജ്യങ്ങളിലെ സ്ത്രീകള്‍ ശാസ്ത്രത്തിനൊപ്പം പോകുമ്പോള്‍ ഇന്ത്യയിലെ സ്ത്രീകള്‍ അരിപ്പയിലൂടെ ചന്ദ്രനെ നോക്കുന്നത് ദൗര്‍ഭാഗ്യകരം: ഗോവിന്ദ് റാം മേഘ്‌വാള്‍
ജയ്പൂര്‍: രാജ്യത്തെ സ്ത്രീകള്‍ ഇപ്പോഴും അരിപ്പയിലൂടെ ചന്ദ്രനെ നോക്കുന്നതും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതും ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ ദുരന്തനിവാരണ വകുപ്പ് മന്ത്രിയുമായ ഗോവിന്ദ് റാം മേഘ്‌വാള്‍. രാജ്യത്തിന്റെ ഹിന്ദു സ്ത്രീകള്‍ക്കിടയില്‍ നടക്കുന്ന കര്‍വ ചൗത്ത് എന്ന ആചാരത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
മേഘ്‌വാളിന്റെ വിവാദ പരാമര്‍ശത്തിനെതിരെ നടപടിയെടുക്കാന്‍ ബി.ജെ.പി നേതൃത്വം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് ആവശ്യപ്പെട്ടു.
‘യു.എസിലെയും ചൈനയിലേയും സ്ത്രീകള്‍ ശാസ്ത്രത്തിനൊപ്പമാണ് ജീവിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ ഇന്നും അരിപ്പയിലൂടെ ചന്ദ്രനെ നോക്കുന്നതും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതും ദൗര്‍ഭാഗ്യകരമാണ്. പക്ഷേ ഒരു ഭര്‍ത്താവ് ഒരിക്കലും അരിപ്പയിലൂടെ ഭാര്യയുടെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ല,’ ഗോവിന്ദ് റാം പറഞ്ഞു.
ജനങ്ങള്‍ മറ്റുള്ളവരെ അന്ധവിശ്വാസങ്ങളിലേക്ക് തള്ളിവിടുകയാണെന്നും മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മില്‍ത്തല്ലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയ്പൂരില്‍ നടന്ന ഡിജിഫെസ്റ്റ് എന്ന പരിപാടിയുടെ നന്ദി പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മുഖ്യമന്ത്രി അശോക് ഗെലോട്ടും സംഭവസമയത്ത് വേദിയിലുണ്ടായിരുന്നു.
അതേസമയം പരാമര്‍ശത്തെ വിമര്‍ശിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് കല്‍പന ചൗള ബഹിരാകാശത്ത് പോയിട്ടുണ്ടെന്നും നിരവധി സ്ത്രീകള്‍ പൈലറ്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗോവിന്ദ് റാം ഓര്‍ക്കുന്നത് നന്നായിരിക്കും എന്നായിരുന്നു ബി.ജെ.പി സംസ്ഥാന വക്താവും എം.എല്‍.എയുമായ രാംലാല്‍ ശര്‍മയുടെ പ്രതികരണം.
ഗോവിന്ദ് റാം തന്റെ പ്രസ്താവനയിലൂടെ കോടിക്കണക്കിന് സ്ത്രീകളെയാണ് അപമാനിച്ചത്. സംഭവത്തില്‍ ഗോവിന്ദ് റാം മാപ്പ് പറയണമെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും രാംലാല്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സ്ത്രീകള്‍ ആചാരങ്ങള്‍ പിന്തുടരുന്നതില്‍ മികവ് പുലര്‍ത്തുന്നവരാണെന്നും അവര്‍ക്ക് സ്വകാര്യ ജീവിതവും പ്രൊഫഷനും തമ്മിലുള്ള വേര്‍തിരിവ് കൃത്യമായി പാലിക്കാന്‍ അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് വേണ്ടി വിവാഹിതരായ ഹിന്ദുസ്ത്രീകള്‍ നടത്തുന്ന ആചാരമാണ് കര്‍വ ചൗത്ത്. ഈ ആചാരപ്രകാരം സ്ത്രീകള്‍ സൂര്യോദയം മുതല്‍ അസ്തമയം വരെ വ്രതമനുഷ്ഠിക്കുകയും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. രാത്രി ചന്ദ്രനുദിക്കുന്നതോടെയാണ് പിന്നീട് വ്രതം അവസാനിക്കുക. വിവാഹിതരല്ലാത്ത സ്ത്രീകളും നല്ല പങ്കാളികളെ ലഭിക്കാന്‍ വേണ്ടി ഇത്തരം ആചാരങ്ങള്‍ നടത്താറുണ്ട്. കാര്‍ത്തിക മാസത്തിലെ പൂര്‍ണിമക്ക് ശേഷമുള്ള നാലാം ദിവസമാണ് വ്രതം ആചരിക്കുക. രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് കര്‍വ ചൗത്ത് ആചരിക്കുന്നത്.
Content Highlight: Women looking at the moon through sieve is unfortunate says congress minister, bjp criticiizes the statement