വാഷിങ്ടണ്‍: ന്യൂയോര്‍ക്കില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അപകടം. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്.
മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. യൂറോപ്യന്‍ ഓട്ടോമേഷന്‍ കമ്പനിയായ സീമെന്‍സിലെ എക്‌സിക്യൂട്ടീവായ അഗസ്റ്റിന്‍ എസ്‌കോബാര്‍, പങ്കാളി മെഴ്സ് കാംപ്രൂബി മൊണ്ടല്‍, നാല്, അഞ്ച്, 11 വയസ് പ്രായമുള്ള കുട്ടികളും 36 വയസുകാരനായ പൈലറ്റുമാണ് അപകടത്തില്‍ മരിച്ചത്.
സ്പെയിനില്‍ നിന്നുള്ള കുടുംബാംഗങ്ങളുമായി പുറപ്പെട്ട ടൂറിസ്റ്റ് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് 15 മിനിറ്റിനുള്ളില്‍ ഹെലികോപ്റ്റര്‍ ഹഡ്സണ്‍ നദിയിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു.
ഹെലികോപ്റ്റര്‍ നദിയിലേക്ക് തലകുത്തനെ വീണത് യാത്രക്കാരുടെ മരണത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. വലിയ പൊട്ടിത്തെറിയുണ്ടാകുകയും തുടര്‍ന്ന് കഷണങ്ങളായി ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
അപകടത്തില്‍ ഹൃദയം നുറുങ്ങുന്ന വേദനയുണ്ടന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് എ.ബി.സി ന്യൂസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Tourist helicopter crashes in New York; six dead