ആഭ്യന്തര യുദ്ധം; ബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെടാൻ സുഡാനിലെ സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നു; റിപ്പോർട്ട്
World News
ആഭ്യന്തര യുദ്ധം; ബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെടാൻ സുഡാനിലെ സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നു; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st October 2024, 9:26 pm

ഖാർതൂം: ആഭ്യന്തര യുദ്ധം മൂലം അക്രമം സാഹചര്യം വർധിച്ച സുഡാനിൽ ബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെടാൻ സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നതായി റിപ്പോർട്ട്. സംഘർഷം ലൈംഗികാതിക്രമങ്ങളുടെ സാധ്യത വർധിപ്പിക്കുകയും നിരവധി സ്ത്രീകളെയും കുട്ടികളെയും പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്തതിനാൽ, സായുധ സൈനികരുടെ ബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെടാൻ സുഡാനിലെ സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നതായി ആഫ്രിക്കയിലെ സ്ത്രീകളുടെ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവിൻ്റെ റീജിയണൽ ഡയറക്ടർ റിപ്പോർട്ട് ചെയ്തു.

ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പ്രകാരം, 140 ലക്ഷത്തിലധികം ആളുകൾ വ്യാപകമായ പട്ടിണി, രോഗം, ലൈംഗിക അതിക്രമങ്ങൾ എന്നിവ കാരണം പലായനം ചെയ്തിട്ടുണ്ട്.

അർദ്ധസൈനിക വിഭാഗങ്ങൾ സ്ത്രീകളെ പ്രത്യേകമായി ലക്ഷ്യമിടുന്നതായി സുഡാനിലെ യു.എൻ സ്വതന്ത്ര അന്താരാഷ്ട്ര വസ്തുതാന്വേഷണ സംഘം വെളിപ്പെടുത്തി. ലൈംഗിക അടിമകളായി സ്ത്രീകളെയും പെൺകുട്ടികളെയും അർധസൈനികർ തട്ടിക്കൊണ്ട് പോകുന്നുണ്ടെന്നും ഇത് ഭയാനകമാണെന്നും യു.എൻ സ്വതന്ത്ര അന്താരാഷ്ട്ര വസ്തുതാന്വേഷണ സംഘം ചെയർമാൻ മുഹമ്മദ് ചന്ദേ ഒത്മാൻ വെളിപ്പെടുത്തി.

 

‘യുദ്ധത്തിൻ്റെ ആദ്യ ദിവസം മുതൽ സ്ത്രീകൾ ലൈംഗികാതിക്രമങ്ങൾ നേരിട്ടു.അർദ്ധസൈനിക കവിഭാഗം തലസ്ഥാനമായ ഖാർത്തൂമിലെ വീടുകളിൽ പ്രവേശിച്ച് നിരവധി ബലാത്സംഗങ്ങളും ലൈംഗിക അതിക്രമങ്ങളും ചെയ്യുന്നു. അവർ ഇത് തുടർന്ന് കൊണ്ടേയിരിക്കുകയാണ്,’ ആഫ്രിക്കയിലെ സ്ത്രീകളുടെ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവിൻ്റെ റീജിയണൽ ഡയറക്ടർ ഹാല അൽ-കരിബ് പറഞ്ഞു.

സുഡാനിലെ ലൈംഗികാതിക്രമങ്ങളും ബലാത്സംഗങ്ങളും ഒറ്റപ്പെട്ട് നടന്നതല്ല എന്നതാണ് സത്യം. ഈ പ്രശ്‌നങ്ങൾ 20 വർഷത്തിലേറെയായി രാജ്യത്ത് നിലവിലുണ്ട്, എന്നാൽ യുദ്ധം ആരംഭിച്ചതിനുശേഷം അവ ഗണ്യമായി വർദ്ധിച്ചു, അൽ-കരിബ് കൂട്ടിച്ചേർത്തു.

‘സായുധ പോരാളികളാൽ കൂട്ട ബലാത്സംഗത്തിനിരയാകുന്നതിന്റെ ദുഃഖം സഹിക്കാനാകാതെ സെൻട്രൽ സുഡാനിലെ സ്ത്രീകൾ ആത്മഹത്യയിലേക്ക് നീങ്ങുന്നത് ഹൃദയഭേദകമാണ്. ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് സുഡാനിലെ സാധാരണക്കാരാണ്. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും. അവർക്ക് മേൽ എല്ലാത്തരം അക്രമങ്ങളും അടിച്ചേൽപ്പിക്കപ്പെടുന്നു.

അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കപ്പെട്ടു, വീടുകൾ കൊള്ളയടിക്കപ്പെട്ടു, മാർക്കറ്റുകൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു, സാധാരണക്കാർ കാരണമില്ലാതെ കൊല്ലപ്പെടുന്നു. പ്രായമായവരും വികലാംഗരും കൊല്ലപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്യുന്നു. ഇത് ശരിക്കും ഭയാനകമായ അവസ്ഥയാണ്,’ അൽ-കരിബ് പറഞ്ഞു.

 

Content Highlight: Women in Sudan commit suicide to escape rape amid escalating violence: Report