തിരുവനന്തപുരം: വഖഫ് ഭേദഗതിയെ മുന്‍നിര്‍ത്തി ചിലര്‍ മുനമ്പത്തുള്ളവരെയും ക്രിസ്ത്യന്‍ വിഭാഗത്തെയും തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിയുടെ പല വാദങ്ങളും അവരുടെ രാഷ്ട്രീയ അജണ്ടയാണെന്നും വര്‍ഗീയ മുതലെടുപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വഖഫ് ദേദഗതിയുടെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതായിട്ടുണ്ടെന്നും എന്നാല്‍ വഖഫ് ഭേദഗതി പാസായത് മുനമ്പം പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പത്തുള്ളവരെ സംരക്ഷിക്കുമെന്നും അതിനായി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ശ്രമമെന്നും കമ്മീഷന്‍ അതിനായി പഠനം നടത്തുമെന്നും പ്രശ്‌നപരിഹാരം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബില്ലും മുനമ്പം പ്രശ്‌നവും ബന്ധിപ്പിച്ചുള്ള ബി.ജെ.പി വാദങ്ങള്‍ അവരുടെ രാഷ്ട്രീയ അജണ്ടയാണ് വ്യക്തമാക്കുന്നതെന്നും ബി.ജെ.പിയുടെ ക്രിസ്ത്യന്‍ പ്രേമനാടകത്തിലെ ഒരു എപ്പിസോഡ് മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയ മുതലെടുപ്പിനുള്ള ശ്രമമാണ് മുനമ്പത്തെ മുന്‍നിര്‍ത്തി ബി.ജെ.പി ശ്രമിക്കുന്നതെന്നും ഇത് ഏറ്റവും കൂടുതല്‍ തിരിച്ചറിയുന്നത് മുനമ്പം നിവാസികള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ജബല്‍പൂരില്‍ വൈദികര്‍ക്കെതിരായ ആക്രമണം നടന്നത് ഏകദേശം ഈ സമയത്ത് തന്നെയാണെന്നും ഇന്ന് തന്നെ രണ്ട് സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണമുണ്ടായത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാര്‍ സംഘടനകളാണ് ഇത്തരം ആക്രമങ്ങള്‍ക്കെല്ലാം പിന്നിലെന്നും പൊലീസിന്റെ സാന്നിധ്യത്തിലും ആക്രമണം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ന്യൂനപക്ഷത്തോട് സംഘപരിവാര്‍ സംഘടനകള്‍ വെച്ചുപുലര്‍ത്തുന്ന നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതാണ് ജബല്‍പൂരില്‍ കണ്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇതില്‍ വലിയ സംശയം വേണ്ടെന്നും ആര്‍.എസ്.എസ് നേരത്തെ അവരുടെ നയം വ്യക്തമാക്കിയിട്ടുണ്ടെന്നും മൂന്ന് കൂട്ടരെ അവര്‍ ശത്രുക്കളായി കണക്കാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതില്‍ രണ്ട് കൂട്ടര്‍ മുസ്‌ലിമും ക്രിസ്ത്യാനിയുമാണെന്നും പിന്നാലെ ഓര്‍ഗനൈസറിലൂടെ വന്ന ലേഖനവും ഇത് വ്യക്തമാക്കുന്നതാണെന്നും കത്തോലിക്ക സഭയാണ് വഖഫ് ബോര്‍ഡിനെക്കാള്‍ ഭൂമി കയ്യടക്കിവച്ചതെന്നും അതില്‍ പറയുന്നു.
സംഘപരിവാറിന്റെ അടുത്ത ലക്ഷ്യം കത്തോലിക്ക സഭയും അവരുടെ സ്വത്തുമാണെന്ന് അവര്‍ തന്നെ ലേഖനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതി മുനമ്പത്തുള്‍പ്പെടെയുള്ള ജനത തിരിച്ചറിയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ പകരചുങ്കവും രാജ്യത്തെ ജനങ്ങളെ ബാധിക്കുമെന്നും അമേരിക്കയ്‌ക്കെതിരെ ബി.ജെ.പി ഒരു നിലപാടുമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആശാസമരം തീരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അത് പൊതുവായ ചിന്തയുടെ ഭാഗമാണെന്നും എന്നാല്‍ സമരം നടത്തുന്നവര്‍ക്ക് അത്തരമൊരു ചിന്തയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ആശമാരെന്നും ആശമാരെ ഇതുവരെ കേന്ദ്രം തൊഴിലാളികളായി കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യം പദ്ധതി പ്രഖ്യാപിച്ചപ്പോഴുള്ള ഇന്‍സെന്റീവ് തന്നെയാണ് കേന്ദ്രം ഇപ്പോഴും നല്‍കുന്നതെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ 6000 രൂപയുടെ വര്‍ധനവ് ഇതുവരെ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആശമാര്‍ കേന്ദ്രത്തിനെതിരെയാണ് സമരം ചെയ്യേണ്ടതെന്നും അത് അവര്‍ ആലോചിക്കണമെന്നും നേരത്തെ തന്നെ കേന്ദ്രവുമായി ആരോഗ്യമന്ത്രി ആശയവിനിമയം നടത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് തവണ ആശമാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അവരുന്നയിച്ച ആവശ്യങ്ങളില്‍ പലതും നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദ കേസ് ഗൗരവമായി കാണുന്നില്ലെന്നും നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള കേസാണെന്നും അതിന് ശേഷം കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിനീഷ് കോടിയേരിക്കെതിരെ ഉയര്‍ന്ന കേസ് പോലെയല്ല തന്റെ മകള്‍ക്കെതിരെ ഉള്ളതെന്നും അത് തന്നെ ലക്ഷ്യം വെച്ചുള്ളതാണെന്നും അതാണ് പാര്‍ട്ടി പിന്തുണ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുമായി ബന്ധപ്പെട്ട തമിഴ്‌നാടിന്റെ ഹരജിയിലുണ്ടായ സുപ്രീം കോടതി നടപടി സംസ്ഥാനങ്ങളുടെ അവകാശം നേടിയെടുക്കുന്ന തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. സംഘരിവാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ വരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: BJP’s argument on Waqf Bill is political agenda and communal exploitation; CM