Entertainment
മമ്മൂക്ക കട്ടന്‍ചായ കുടിക്കുന്നത് കാണാന്‍ നല്ല സ്‌റ്റൈലാണ്, അതുപോലെ ചെയ്യാന്‍ നോക്കിയിട്ട് ഒടുവില്‍ എന്റെ കാല് പൊള്ളി: ഐശ്വര്യ മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 09, 03:23 pm
Wednesday, 9th April 2025, 8:53 pm

കാതലില്‍ സൊതപ്പുവത് എപ്പടി എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ഐശ്വര്യ മേനോന്‍. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യക്ക് പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചു. നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരികയാണ് ഐശ്വര്യ.

മമ്മൂട്ടിയോടൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഐശ്വര്യ മേനോന്‍. സെറ്റില്‍ മമ്മൂട്ടി വെറുതേ ഇരിക്കുന്നത് കാണാന്‍ തന്നെ സ്‌റ്റൈലാണെന്ന് ഐശ്വര്യ പറഞ്ഞു. വിലപിടിപ്പുള്ള ബിര്‍ക്കിന്‍സ്റ്റോക്ക് ചെരുപ്പാണ് മമ്മൂട്ടി ഉപയോഗിക്കാറുള്ളതെന്നും ഒരുദിവസം അത് ധരിച്ച് അദ്ദേഹം സെറ്റില്‍ ഇരിക്കുകയായിരുന്നെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

കയ്യില്‍ കട്ടന്‍ചായ ഉണ്ടായിരുന്നെന്നും കാലിന് മുകളില്‍ കാല് വെച്ച് ഇരുന്നിട്ട് ചായക്കപ്പ് ചെരുപ്പിന്റെ മുകളില്‍ ബാലന്‍സ് ചെയ്ത് വെക്കുമായിരുന്നെന്നും ഐശ്വര്യ പറഞ്ഞു. താന്‍ അതുപോലെ ചെയ്യാന്‍ നോക്കിയിരുന്നെന്നും എന്നാല്‍ ചായക്കപ്പ് കാലിലേക്ക് വീണ് കാല് ചെറുതായി പൊള്ളിയെന്നും ഐശ്വര്യ മേനോന്‍ പറയുന്നു.

എന്നാല്‍ മമ്മൂട്ടി ഇരിക്കുന്നത് തനിക്ക് ഒരുപാട് ഇഷ്ടമായെന്നും ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചെന്നും ഐശ്വര്യ പറയുന്നു. ആ ഫോട്ടോ തന്റെ ഫോണിലുണ്ടെന്നും എന്നാല്‍ അത് ഇതുവരെ പുറത്തുവിടാത്ത ലുക്കിലുള്ളതാണെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. സിനിമയുടെ റിലീസിന് ശേഷം മാത്രമേ താന്‍ ആ ഫോട്ടോ പുറത്തുവിടുള്ളൂവെന്നും ഐശ്വര്യ പറഞ്ഞു. മഴവില്‍ മനോരമയോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ മേനോന്‍.

‘ഞാന്‍ എക്‌സാജറേറ്റ് ചെയ്യുകയല്ല, സെറ്റില്‍ മമ്മൂക്ക ഇരിക്കുന്നത് കാണാന്‍ തന്നെ ഒരു പ്രത്യേക സ്റ്റൈലാണ്. നമ്മളങ്ങ് നോക്കി നിന്നു പോകും. ബിര്‍ക്കിന്‍സ്‌റ്റോക്ക്‌സിന്റെ ചെരുപ്പാണ് മമ്മൂക്ക ഉപയോഗിക്കാറ്. പുള്ളിയുടെ കയ്യില്‍ ഒരു കപ്പ് കട്ടന്‍ചായ ഉണ്ടായിരുന്നു. കാലിന്റെ മുകളില് കാല് വെച്ച് ഇരുന്നിട്ട് മമ്മൂക്ക ചായ കുടിക്കും. എന്നിട്ട് ആ കപ്പ് ചെരുപ്പില്‍ ബാലന്‍സ് ചെയ്ത് വെച്ചിട്ട് ബുക്ക് വായിക്കും.

ഞാന്‍ അതുപോലെ ചെയ്യാന്‍ നോക്കിയിട്ട് ചായ എന്റെ കാലിലേക്ക് വീണ് ചെറുതായിട്ട് പൊള്ളി. പക്ഷേ, അതൊന്നും കാര്യമാക്കിയില്ല. മമ്മൂക്ക ഇരിക്കുന്നതിന്റെ ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു. പുള്ളി എടുത്തോളാന്‍ പറഞ്ഞു. ആ ഫോട്ടോ ഇപ്പോഴും എന്റെ ഫോണിലുണ്ട്. അത് പുറത്തുവിടാന്‍ പറ്റില്ല. കാരണം, ഇതുവരെ ആ ലുക്ക് പുറത്തുവിട്ടിട്ടില്ല. സിനിമ റിലീസായതിന് ശേഷം ആ ഫോട്ടോ പബ്ലിഷ് ചെയ്യും,’ ഐശ്വര്യ മേനോന്‍ പറഞ്ഞു.

Content Highlight: Iswarya Menon shares the shooting experience with Mammootty in Bazooka movie