തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തില്‍ ഗുണ്ടാ സംഘങ്ങളുടെ കഥ പറഞ്ഞ കാപ്പ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസാണ്. ജി.ആര്‍. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവലാണ് സിനിമക്ക് ആധാരമായത്.
Spoiler Alert
ചിത്രത്തില്‍ വളരെ പ്രാധാന്യത്തോടെയാണ് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്ന ബെന്‍ അവതരിപ്പിച്ച ബിനു, അപര്‍ണ ബാലമുരളിയുടെ പ്രമീള എന്നിവര്‍ ചിത്രത്തിലെ ശക്തമായ സ്ത്രീകഥാപാത്രങ്ങളായിരുന്നു. ചിത്രത്തില്‍ വലിയ ഇംപാക്ട് കൊണ്ടുവരുന്നത് ഇവരാണ്. എന്നാല്‍ തിരക്കഥാകൃത്തും സംവിധായകനും ഉദ്ദേശിച്ച ഇംപാക്ട് ഇവര്‍ ഉണ്ടാക്കിയോ എന്നത് സംശയമാണ്. പ്രേക്ഷകര്‍ക്ക് ഒരു വൗ ഫീല്‍ ഉണ്ടാകേണ്ട സ്ഥലങ്ങളിലും അത് ഉണ്ടായില്ല. ആവേശം കൊള്ളിക്കേണ്ട പല രംഗങ്ങളും തണുപ്പന്‍ മട്ടിലായിരുന്നു.
ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായ, നായകനായ കൊട്ട മധുവിന്റെ ഭാര്യയായ പ്രമീളയെയാണ് അപര്‍ണ അവതരിപ്പിച്ചത്. ചിത്രത്തിന്റെ തുടക്കം മുതല്‍ തന്നെ ശക്തമായ ഒരു കഥാപാത്രമായി തന്നെയാണ് പ്രമീളയെ അവതരിപ്പിക്കുന്നത്. കൊട്ട മധു ശക്തനായി നില്‍ക്കുന്നതിന്റെ ഒരു പ്രധാന കാരണം പ്രമീളയാണ്. അവരുടെ മേല്‍ അപകടത്തിന്റെ ഒരു നിഴല്‍ വീണാല്‍ പോലും മധു ജാഗരൂകനാകും.
എന്നാല്‍ ഇത്രയും ശക്തയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അപര്‍ണക്കായോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്. ഇന്‍ട്രോയിലെ മാസ് നടത്തത്തിലും ഡയലോഗിലും അപര്‍ണക്ക് ഈ റോള്‍ പെര്‍ഫെക്ഷനിലേക്ക് ഉയര്‍ത്താനാവുന്നില്ലെന്ന അഭിപ്രായങ്ങളുയര്‍ന്നിരുന്നു. ആറ്റിറ്റിയൂഡും ഡയലോഗ് ഡെലിവറിയും കഥാപാത്രം ആവശ്യപ്പെടുന്ന മീറ്ററിലേക്ക് എത്തിക്കാന്‍ താരത്തിനായില്ലെന്നും ചില കമന്റുകളുണ്ട്.
ഇതേ സ്ഥിതി തന്നെയായിരുന്നു അന്ന ബെന്നിനും. തുടക്കത്തിലെ ഭാവം നല്ല രീതിയില്‍ അവതരിപ്പിച്ച അന്നയില്‍ ഒടുക്കത്തിലേക്ക് വരുമ്പോള്‍ പരിമിതികള്‍ തെളിഞ്ഞുകാണുന്നുണ്ടായിരുന്നു.