കോഴിക്കോട്: സദാചാര ആക്രമണത്തെ തുടര്‍ന്ന് ബന്ധുവായ വ്യക്തിക്കെതിരെ പരാതി നല്‍കിയതില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിനി അനുപമ മോഹന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അനുപമയുടെ പ്രതികരണം.
പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമായി ബന്ധുവായ ലിന്‍സിത്ത് എന്നയാള്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന തന്റെ വീട്ടിലെത്തി ആക്രമണം നടത്തിയെന്നും എന്നാല്‍ വാഴക്കാട് പൊലീസ് ഒത്തുതീര്‍പ്പിനാണ് ശ്രമിക്കുന്നതെന്നുമാണ് അനുപമ പോസ്റ്റില്‍ പറയുന്നത്.
വീട്ടില്‍ ഷോട്‌സ് ഇടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും പറഞ്ഞ് ഇക്കഴിഞ്ഞ ഏപ്രില്‍ മാസം ലിന്‍സിത്ത് എന്നയാള്‍ രാത്രി വീട്ടില്‍ കയറിവന്ന് ബഹളമുണ്ടാക്കിയതിനെയും ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെയും കുറിച്ച് കഴിഞ്ഞ ഒക്ടോബര്‍ 25ന് അനുപമ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ അന്ന് ഇത് സംബന്ധിച്ച് ഇവര്‍ പരാതിയും നല്‍കിയിരുന്നു. അതിന്റെ നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് കഴിഞ്ഞ ദിവസത്തെ വീടുകയറിയുള്ള ആക്രമണവും.
ആരോപണവിധേയനായ ലിന്‍സിത്ത് എന്നയാള്‍ക്ക് ദുബായില്‍ പോകേണ്ട ആവശ്യമുണ്ടെന്നും ഇതിന് പൊലീസില്‍ നല്‍കിയ പരാതി തടസമായി വന്നപ്പോള്‍ അത് പിന്‍വലിപ്പിക്കാനുള്ള ഭീഷണിയെന്നോണമാണ് വീട്ടില്‍ കയറി ആക്രമണം നടത്തിയതെന്നും അനുപമ പറയുന്നു.
തനിക്കും വീട്ടുകാര്‍ക്കും റോഡിലൂടെ നടന്നുപോവാന്‍ പറ്റാത്ത തരത്തില്‍ ലിന്‍സിത്തും കുടുംബവും തെറിവിളികള്‍ നടത്തുകയാണ്. അമ്മയെയും ചേച്ചിയെയും അസഭ്യം പറയുന്നു. ലിന്‍സിത്ത് എന്നയാള്‍ക്ക് ദുബായില്‍ പോവണമെന്നും ഞങ്ങള്‍ കേസ് പിന്‍വലിക്കണമെന്നും പറഞ്ഞ് അവര്‍ നിരന്തരം ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. അതിന് തയ്യാറാവാതിരുന്ന ഞങ്ങളുടെ വീട് കേറി ആക്രമിച്ചിരിക്കുകയാണ്, പോസ്റ്റില്‍ പറഞ്ഞു.
വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം നോക്കി ലിന്‍സിത്ത് ഞങ്ങളുടെ വീട് നശിപ്പിക്കുകയായിരുന്നു. തിരിച്ച് വീട്ടിലെത്തിയ എന്റെ അമ്മയും മൂത്തമ്മമാരും കാണുന്നത് മതില്‍ മുഴുവന്‍ പൊളിച്ചിട്ടിരിക്കുന്നതാണ്. വീട്ടിലെ വെള്ളടാങ്ക് അയാള്‍ എടുത്ത് കൊണ്ടുപോയി. വീട്ടിലെ ചെടികളും കൃഷിയും നശിപ്പിച്ചു.
അതിക്രമത്തിനെതിരെ ഇയാള്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ റെക്കോഡിങ് ഉള്‍പ്പെടെയുള്ള തെളിവുകളടക്കം വാഴക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസുകാര്‍ വന്ന് അയാളോട് മതിലുകെട്ടികൊടുക്കാന്‍ പറയുകയല്ലാതെ വേറൊന്നും ചെയ്തില്ല.
സ്ത്രീകള്‍ താമസിക്കുന്ന വീട്ടില്‍ ഇത്രയും അതിക്രമം നടത്തിയിട്ടും ഒത്തുതീര്‍പ്പ് ചര്‍ച്ചക്കാണ് പൊലീസുകാര്‍ ശ്രമിക്കുന്നതെന്നും വരുന്ന തിങ്കളാഴ്ച വാഴക്കാട് പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ചക്ക് വരണമെന്നാണ് രണ്ട് കൂട്ടരോടും പൊലീസുകാര്‍ പറഞ്ഞതെന്നും അനുപമ വ്യക്തമാക്കി.
ഗുണ്ടായിസം കാണിക്കുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷ ഇത്രമാത്രമാണ്. അത് ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. പൊലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ നടപടിയൊന്നും ഉണ്ടാവാന്‍ സാധ്യതയില്ലാത്തത് കൊണ്ട് ലിന്‍സിത്തിന് ഞങ്ങളെ ഉപദ്രവിക്കാനും ധൈര്യമുണ്ട്.
ലിന്‍സിത്തിനെ ഭയന്ന് തങ്ങള്‍ വീട് മാറിയെന്നും വസ്ത്ര സ്വാതന്ത്ര്യത്തിനായി പോരാടിയത് കാരണം തനിക്ക് സ്വന്തം വീട്ടില്‍ പോലും നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും സംരക്ഷണം നല്‍കാന്‍ പോലും പൊലീസുകാര്‍ തയ്യാറാകുന്നില്ലെന്നും അനുപമ ആരോപിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് പന്തീരങ്കാവിന് സമീപത്ത് വെച്ച് ലിന്‍സിത്ത് കുറച്ചാളുകളെയും കൂട്ടി തന്റെ സഹോദരനെ ആക്രമിച്ചെന്നും തുടര്‍ന്നദ്ദേഹം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സ തേടുകയായിരുന്നെന്നും പോസ്റ്റിലുണ്ട്.
‘പരാതി നല്‍കിയിട്ടും കുടുംബക്കാരല്ലേ, ഒത്തുതീര്‍പ്പാക്കാം എന്ന സംസാരം മാത്രമാണ് ഇത്രയും കാലത്തിനടക്ക് പൊലീസുകാര്‍ നടത്തിയതും ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നതും. എനിക്കും എന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ലിന്‍സിത്ത്, അയാളുടെ അച്ഛന്‍ ശ്രീനിവാസന്‍, അമ്മ ശോഭ, ഭാര്യ രേഷ്മ എന്നിവര്‍ക്കായിരിക്കും,’ എന്നും അനുപമ പറഞ്ഞുവെക്കുന്നു.
ലിന്‍സിത്ത് എന്നയാള്‍ക്കെതിരെയാണ് ഞാന്‍ പരാതി നല്‍കിയത്. ഏപ്രില്‍ മാസം നല്‍കിയ പരാതിയില്‍ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി എന്നതിനപ്പുറം കാര്യമായ നിയമനടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ അയാളുടെയും കുടുംബത്തിന്റെയും ഉപദ്രവം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. റോഡിലൂടെ എനിക്കും എന്റെ വീട്ടുകാര്‍ക്കും നടന്നുപോവാന്‍ പറ്റാത്ത തരത്തില്‍ അയാളും കുടുംബവും തെറിവിളികള്‍ നടത്തി. എന്റെ അമ്മയെയും ചേച്ചിയെയും അസഭ്യം പറഞ്ഞു.
എന്റെ വീട്ടില്‍ ഡെലിവറി ബോയ് വന്നാല്‍ പോലും മുറ്റത്തിറങ്ങി അവര്‍ നിരീക്ഷിച്ചുകൊണ്ടേയിരുന്നു. ഈ സംഭവങ്ങള്‍ മാസങ്ങളായി തുടര്‍ന്നുകൊണ്ടേയിരിക്കുകയായിരുന്നു.
ലിന്‍സിത്ത് എന്നയാള്‍ക്ക് ദുബായില്‍ പോവണമെന്നും ഞങ്ങള്‍ കേസ് പിന്‍വലിക്കണമെന്നും പറഞ്ഞ് അവര്‍ നിരന്തരം ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. അതിന് തയ്യാറാവാതിരുന്ന ഞങ്ങളുടെ വീട് കേറി ആക്രമിച്ചിരിക്കുകയാണ് ഇപ്പോളയാള്‍. കഴിഞ്ഞയാഴ്ച വീടിനുപിന്നില്‍ കൂടോത്രം ചെയ്ത തരത്തില്‍ പൂക്കളും മറ്റു സാധനങ്ങളും കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്ത എന്റെ മൂത്തമ്മയെ അയാള്‍ ഭീഷണിപ്പെടുത്തി. ‘ഞാന്‍ തന്നെയാണ് ഇത് ചെയ്തതെന്നും അധികം സംസാരിച്ചാല്‍ ആണുങ്ങള്‍ തമ്മിലാവും അടി’യെന്നും അയാള്‍ പറഞ്ഞു. അതിന്റെ വീഡിയോ എന്റെ കയ്യിലുണ്ട്. വാഴക്കാട് പൊലീസ് സ്റ്റേഷനില്‍ അത് ഹാജരാക്കുകയും ചെയ്തതാണ്.
ഈ സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം എന്റെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം നോക്കി ലിന്‍സിത്ത് ഞങ്ങളുടെ വീട് നശിപ്പിക്കുകയായിരുന്നു. തിരിച്ച് വീട്ടിലെത്തിയ എന്റെ അമ്മയും മൂത്തമ്മമാരും കാണുന്നത് മതില്‍ മുഴുവന്‍ പൊളിച്ചിട്ടിരിക്കുന്നതാണ്. വീട്ടിലെ വെള്ളടാങ്ക് അയാള്‍ എടുത്ത് കൊണ്ടുപോയി. വീട്ടിലെ ചെടികളും കൃഷിയും നശിപ്പിച്ചു. ഈ അതിക്രമത്തിനെതിരെ എന്റെ അമ്മ വാഴക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസുകാര്‍ വന്ന് അയാളോട് മതിലുകെട്ടികൊടുക്കാന്‍ പറയുകയല്ലാതെ വേറൊന്നും ചെയ്തില്ല. സ്ത്രീകള്‍ താമസിക്കുന്ന വീട്ടില്‍ ഇത്രയും അതിക്രമം നടത്തിയിട്ടും ഒത്തുതീര്‍പ്പിനുള്ള ചര്‍ച്ചക്കാണ് പൊലീസുകാര്‍ ശ്രമിക്കുന്നത്. തിങ്കളാഴ്ച വാഴക്കാട് പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ചക്ക് വരണമെന്നാണ് രണ്ട് കൂട്ടരോടും പൊലീസുകാര്‍ പറഞ്ഞത്.
ഗുണ്ടായിസം കാണിക്കുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷ ഇത്രമാത്രമാണ്. അത് ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. പൊലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ നടപടിയൊന്നും ഉണ്ടാവാന്‍ സാധ്യതയില്ലാത്തത് കൊണ്ട് ലിന്‍സിത്തിന് ഞങ്ങളെ ഉപദ്രവിക്കാനും ധൈര്യമുണ്ട്. എന്റെ വീട്ടുകാര്‍ അയാളെ ഭയന്ന് ഇപ്പോള്‍ വീട്ടില്‍ താമസിക്കുന്നില്ല. ഞങ്ങള്‍ എല്ലാവരും മൂത്തമ്മയുടെ വീട്ടിലാണ് നില്‍ക്കുന്നത്. വസ്ത്ര സ്വാതന്ത്ര്യത്തിനായി പോരാടിയ ഞാനും എന്റെ കുടുംബവും നേരിടുന്നത് ഇതാണ്. സ്വന്തം വീട്ടില്‍ പോലും നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ. സംരക്ഷണം നല്‍കാന്‍ പോലും തയ്യാറാവാത്ത പൊലീസുകാര്‍.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ലിന്‍സിത്ത് പത്ത് പതിനഞ്ച് ആളുകളെയും കൂട്ടി മൂത്തമ്മയുടെ വീട്ടു പരിസരത്ത് എന്റെ ഏട്ടനെ അന്വേഷിച്ച് വന്നിരുന്നു. അവരുടെ കയ്യില്‍ മാരകായുധങ്ങളുമുണ്ടായിരുന്നു. ഏട്ടനെ കയ്യില്‍ കിട്ടിയാല്‍ കൊന്നുകളയുമെന്നായിരുന്നു അയാളുടെ ഭീഷണി. ഒരാഴ്ച ആയി എന്റെ ഏട്ടന്‍ വീട്ടില്‍ വരാതെ മാറി നില്‍ക്കുകയായിരുന്നു.
ഇന്നലെ രാത്രി പന്തീരങ്കാവ് വെച്ച് ലിന്‍സിത്ത് മൂന്ന് ഗുണ്ടകളെയും കൂട്ടി വന്ന് ഏട്ടനെ ഇരുമ്പ് കമ്പി ഉപയോഗിച്ച് തല്ലി. ഷോള്‍ഡറിന്റെയും കൈവിരലിന്റെയും എല്ല് തല്ലി ചതച്ചു. ഇന്നലെ ഏട്ടന്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്നു. ഓടിരക്ഷപെട്ടത് കൊണ്ടുമാത്രമാണ് അവന്റെ ജീവന് ഒന്നും സംഭവിക്കാതിരുന്നത്.
എന്നിട്ടും പൊലീസുകാരുടെ ഭാഗത്ത് നിന്നും യാതൊരു സംരക്ഷണവും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. വധശ്രമം നടന്നിട്ട് പോലും കൃത്യമായി അന്വേഷിക്കാന്‍ പോലും ആരും മുതിര്‍ന്നിട്ടില്ല. എന്റെയും കുടുംബത്തിന്റെയും ജീവന് വരെ ലിന്‍സിത്ത് ഇപ്പോള്‍ ഭീഷണിയാണ്. അയാളെ ഭയന്ന് ജീവിക്കേണ്ട അവസ്ഥയാണ് ഞങ്ങള്‍ക്കിപ്പോള്‍.
അയാളെ അറസ്റ്റ് ചെയ്യാതെ കയറൂരി വിട്ടിരിക്കുന്നത് ഞങ്ങള്‍ക്ക് അപകടം തന്നെയാണ്. പരാതി നല്‍കിയിട്ടും കുടുംബക്കാരല്ലേ, ഒത്തുതീര്‍പ്പാക്കാം എന്ന സംസാരം മാത്രമാണ് ഇത്രയും കാലത്തിനടക്ക് പൊലീസുകാര്‍ നടത്തിയതും ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നതും.
എനിക്കും എന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ലിന്‍സിത്ത്, അയാളുടെ അച്ഛന്‍ ശ്രീനിവാസന്‍, അമ്മ ശോഭ, ഭാര്യ രേഷ്മ എന്നിവര്‍ക്കായിരിക്കും.
Content Highlight: Woman’s allegation against police that they are not taking measures to resist the moral policing of her relative